വ്യസനസമേതം ബന്ധുമിത്രാദികൾ തിയറ്ററുകളിൽ! ബന്ധുക്കൾക്കും മിത്രങ്ങൾക്കും വ്യസനമുണ്ടെങ്കിലും ഇല്ലെങ്കിലും തിയേറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകന് അതുണ്ടാവില്ല. മാത്രമല്ല ഇടക്കിടെ മനസ്സറിഞ്ഞ് ചിരിക്കുകയുമാവാം. വളരെ ചെറിയൊരു കഥാതന്തുവിനെ കുടുംബത്തിനും വീട്ടിനകത്തും കൊണ്ടുവെച്ച് നല്ലൊരു സിനിമ ചെയ്യാനാവുമെന്ന് കാണിച്ചു തന്നിരിക്കുന്നു വ്യസനസമേതം ബന്ധുമിത്രാദികൾ. ഇങ്ങനെയൊക്കെ സിനിമയ്ക്ക് കഥ കണ്ടുപിടിക്കാനാവുമോ എന്ന് അത്ഭുതം തോന്നും. ഓരോ വീട്ടിലും സാധാരണ നടക്കാറുള്ള വളരെ നിസ്സാരമായ കാര്യങ്ങളെ പോലും സിനിമ അതീവ ശ്രദ്ധയോടെ അവതരിപ്പിച്ചിട്ടുണ്ട്. അനശ്വര രാജൻ, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ്, സിജു സണ്ണി, ജീമോൻ ജ്യോതിർ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ് തുടങ്ങി സിനിമയിൽ മിന്നിമറയുന്ന കഥാപാത്രം വരെ ഒരു മരണ വീട്ടിൽ എങ്ങനെയൊക്കെ കാണിക്കാമോ, അതിലൊക്കെ എന്തെങ്കിലുമൊക്കെ വികാരങ്ങൾ ചിരിയായി വരുത്താമോ അതൊക്കെ വ്യസനം കൂടാനെത്തിയ ബന്ധുമിത്രാദികൾ ചെയ്തുവെക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ഒരു ചെറിയ പ്രദേശത്താണ് കഥ മുഴുവൻ നടക്കുന്നത്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തിന്റെ ഗ്രാമ്യ ഭാഷയാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. വടക്കൻ മലബാറിൽ നിന്നാണ് അനശ്വര രാജന്റെ വരവെങ്കിലും തിരുവനന്തപുരത്തിന്റെ ഭാഷ അനശ്വരയുടെ അഞ്ജലിയെന്ന കഥാപാത്രം മനോഹരമായി പറയുന്നുണ്ട്. 'കേള്' എന്നൊക്കെ പറയുമ്പോൾ സി വി രാമൻപിള്ളയുടെ ധർമരാജ നോവലിന്റെ കാലത്തെ അതേ ഭാഷ ഒരു നൂറ്റാണ്ടിനിപ്പുറവും രസകരമായി നിലനിൽക്കുന്നുണ്ടല്ലോ എന്ന് തോന്നും. വേണമെങ്കിൽ ഏതൊരാൾക്കും തന്റെ മതം മാറാൻ സാധിച്ചേക്കും. പക്ഷേ, ജാതി മാറാനാവില്ലെന്ന് എത്ര സുന്ദരമായാണ് വ്യസനസമേതം ബന്ധുമിത്രാദികൾ പറഞ്ഞുവെക്കുന്നത്. മറ്റൊരു മതത്തിലുള്ളയാളെ മകനോ മകളോ അടുത്ത ബന്ധുവോ വിവാഹം ചെയ്താൽ ചിലപ്പോൾ സമൂഹം അംഗീകരിച്ചേക്കും. പക്ഷേ, ജാതി മാറിയാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവർ എല്ലാ കാലത്തും അതിന്റെ ദുരിതങ്ങൾ സമൂഹത്തിൽ നിന്ന് അനുഭവിച്ചുകൊണ്ടേയിരിക്കും.
കരയോഗം ജാതിയിൽ' പിറന്ന കുടുംബത്തിന്റെ കഥ പ്രധാനമായി മുമ്പോട്ടു പോകുമ്പോൾ അയൽവീടിന്റെ പറമ്പിലൂടെ വഴി വേണമെന്ന് പറഞ്ഞ് കേസ് നടത്തി ജയിച്ച തൊട്ടപ്പുറത്തെ വീട്ടുകാരും കുട്ടികൾക്ക് കഞ്ഞിയുണ്ടാക്കി കൊടുത്തതിന് ശേഷം മാത്രമേ മരിച്ച വീട്ടിലേക്ക് വരാൻ കഴിയുകയുള്ളുവെന്ന് പറയുന്ന സംവരണ സീറ്റിൽ ജയിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയുമെല്ലാം ജാതി വ്യത്യസ്തതയുടെ കാഴ്ചകളിലേക്ക് സംവിധായകൻ എത്തിക്കുന്നുണ്ട്. മതത്തേക്കാൾ വലുതാണ് ജാതിയെന്ന് പലയിടത്തും തെളിയിക്കുന്നുണ്ട്. കോളജിൽ തന്റെ ജൂനിയറായി പഠിച്ച അഞ്ജലിയോട് സുഹയിൽ മുഹമ്മദിന് തോന്നിയ പ്രണയം അവളുടെ വിവാഹ നിശ്ചയശേഷവും അസ്ഥിക്ക് പിടിച്ച് തുടരുമ്പോൾ അവളിലേക്കെത്താൻ അവൻ നടത്തുന്ന പല മാർഗ്ഗങ്ങൾ സിനിമ പറയുന്നു.
പക്ഷേ, അത് സിനിമയുടെ പ്രധാന കഥപറച്ചിൽ വഴിയായി എഴുത്തുകാരനും സംവിധായകനുമായ എസ് വിപിൻ കാണുന്നേയില്ല.മാട്രിമോണിയൽ വഴി മകൾക്ക് വിവാഹാലോചന വന്നാലും നാട്ടിലെ കരയോഗം പ്രസിഡന്റിനെ വിളിച്ചാണ് ചെറുക്കൻ വീട്ടുകാർ അന്വേഷിച്ചത് എന്ന ഒറ്റക്കാരണം കൊണ്ട് പ്രസിഡന്റിനും കരയോഗത്തിനും മുമ്പിൽ ഓച്ഛാനിച്ച് നിൽക്കേണ്ടി വരുന്ന മുരളിയുടെ അവസ്ഥ ഒറ്റപ്പെട്ടതായിരിക്കില്ല. ശ്രേണിബന്ധങ്ങളുടെ ഉയർച്ച താഴ്ചകൾ വ്യക്തമായി അടയാളപ്പെടുത്തിയതിനോടൊപ്പം താഴെയുള്ളവൻ എല്ലാ സമയത്തും മുകളിലുള്ളവന് വേണ്ടി അടിമ മനസ്സ് കാത്തുസൂക്ഷിക്കണമെന്ന നിബന്ധനയും മുന്നോട്ടു വെക്കുന്നുണ്ട്. ജാതികൊണ്ട് മാത്രമല്ല, തൊഴിൽ കൊണ്ടും ഭീഷണികൊണ്ടും ബ്ലാക്ക് മെയിലിംഗ്‌കൊണ്ടുമെല്ലാം ഈ വ്യത്യസ്തതകളേയും അടിമ- ഉടമ ബന്ധങ്ങളേയും ചിത്രീകരിക്കുന്നുണ്ട്.സഖാവിന്റെ 'ഖ'യല്ല സംഘിയുടെ 'ഘ' എന്നു പറയുന്നൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റും വലിയ അർഥത്തിൽ തന്നെ സിനിമയിൽ പ്രയോഗിക്കുന്നുണ്ട്.
Find out more: