ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച രാജ് കുമാറിന്റെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ക്രിമിനല്‍വല്‍ക്കരണത്തിനെതിരെ പി.ടി.തോമസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനു മറുപടി നൽകവേ മുഖ്യമന്ത്രി പറഞ്ഞു. പണ്ടു പൊലീസ് വണ്ടി വരുമ്പോള്‍ ഇടിവണ്ടി വരുന്നുവെന്നാണ് പറഞ്ഞിരുന്നതെന്നും ഇപ്പോള്‍ പിണറായിയുടെ മരണവണ്ടിവരുന്നുവെന്നാണ് പറയുന്നതെന്നും പി.ടി.തോമസ് ആരോപിച്ചു. പൊലീസ് പിടികൂടിയാല്‍ ഇപ്പോള്‍ ശവപ്പെട്ടി വാങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്കുമാറിന്റെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മരണത്തില്‍ സംശയകരമായ സാഹചര്യം ഉണ്ട്. ആരെയും ന്യായീകരിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. തെറ്റിനെ അംഗീകരിക്കാന്‍ കഴിയില്ല. പ്രതിയെ യഥാസമയം കോടതിയില്‍ ഹാജരാക്കാത്തത് ഗൗരവത്തോടെ സര്‍ക്കാര്‍ കാണും. ആരാണോ ഉത്തരവാദികള്‍ അവര്‍ ആരായാലും നടപടിയുണ്ടാകും. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഈ സംഭവം നേരത്തെ അറിഞ്ഞെങ്കില്‍ അതും അന്വേഷിക്കും. മരിച്ചയാളുടെ ശരീരത്തില്‍ പാടുകള്‍ എങ്ങനെ വന്നു എന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


Find out more: