അതിർത്തി ലംഘിച്ചെന്ന ആരോപണത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ നേപ്പാൾ പോലീസിന്റെ വെടിയേറ്റ് ഇന്ത്യൻ കർഷകൻ മരിച്ചു.

 

ബിഹാർ സ്വദേശിയായ വികേഷ് യാദവാണ് (22) വയറിൽ വെടിയേറ്റു മരിച്ചത്. ഉദയ് ഠാക്കൂർ (24), ഉമേഷ് റാം (18) എന്നിവർക്ക് പരിക്കേറ്റു.

 

സംഭവത്തിനുശേഷം ഇന്ത്യക്കാരനായ ലാഗൻ യാദവിനെ (45) നേപ്പാളി സായുധ പോലീസ് സേന (എ.പി.എഫ്.) പിടിച്ചുകൊണ്ടുപോയി. ഇതേത്തുടർന്ന് ബിഹാറിലെ സീതാമഢി ജില്ലയോടു ചേർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സംഘർഷാവസ്ഥയാണ് ഇപ്പോൾ. 

 

ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടേതെന്നവകാശപ്പെട്ട് നേപ്പാൾ പുതിയ ഭൂപടമിറക്കിയതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളുടെയും അതിർത്തി സംഘർഷഭരിതമായത്.

 

നേപ്പാൾ അതിർത്തിക്കുള്ളിൽ വെള്ളിയാഴ്ച രാവിലെ 8.40-നാണ് വെടിവെപ്പുണ്ടായതെന്ന് സശസ്ത്ര സീമാബൽ (എസ്.എസ്.ബി.) ‍ഡയറക്ടർ ജനറൽ കുമാർ രാജേഷ് പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള 1751 കിലോമീറ്റർവരുന്ന അതിർത്തി സംരക്ഷിക്കുന്നത് എസ്.എസ്.ബി.യാണ്.

 

സംഭവമുണ്ടായ ഉടൻ ഇരുഭാഗത്തെയും അതിർത്തിരക്ഷാസേനകളുടെ പ്രാദേശിക കമാൻഡർമാർ ചർച്ചനടത്തിയെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും കുമാർ അഭിപ്രായപ്പെട്ടു. 

കോവിഡ് മുൻകരുതലായി അടച്ചിടൽ നിലനിൽക്കുന്ന നേപ്പാൾ അതിർത്തിപ്രദേശത്തെ ഇന്ത്യക്കാരുടെ സാന്നിധ്യത്തെ എ.പി.എഫ്. എതിർത്തതോടെയാണ് തർക്കമുണ്ടായതെന്ന് പട്ന ഫ്രോണ്ടിയറിന്റെ ചുമതലയുള്ള എസ്.എസ്.ബി. ഐ.ജി. സഞ്ജയ് കുമാർ വ്യക്തമാക്കി. 

 

മാർച്ച് 22-നാണ് നേപ്പാൾ അന്താരാഷ്ട്ര അതിർത്തികൾ അടച്ചത്. ഞായറാഴ്ചവരെയാണ് അടച്ചിടൽ. അതിർത്തിയിൽ വേലിയില്ലാത്തതിനാൽ ഇരുരാജ്യങ്ങളിലുമുള്ളവർ കുടുംബാംഗങ്ങളെ കാണാനും മറ്റും അപ്പുറവുമിപ്പുറവും സഞ്ചരിക്കാറുണ്ട്. എ.പി.എഫിന്റെ എതിർപ്പ് ചൂടൻ വാഗ്വാദത്തിലും തുടർന്ന് കല്ലേറിലും കലാശിക്കുകയായിരുന്നു.

 

മുപ്പതോളം ഇന്ത്യക്കാർ നേപ്പാളിൽ കടക്കാൻ ശ്രമിച്ചെന്നും നേപ്പാളീസ് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും എ.പി.എഫ്. അഡീഷണൽ ഐ.ജി. നാരായൺ ബാബു ഥാപ്പ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ ഇന്ത്യക്കാർ പിടിച്ചെടുത്തെന്നും ഇതേത്തുടർന്നാണ് എ.പി.എഫ്. 10 തവണ ആകാശത്തേക്കു വെടിയുതിർത്തതെന്നും കൂട്ടിച്ചേർത്തു. നേപ്പാൾ ഭൂപ്രദേശത്തിന് 75 മീറ്റർ ഉള്ളിലാണ് സംഭവമുണ്ടായത്.

 

 

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഫ്ളാഗ് മീറ്റിങ് നടക്കുമെന്നാണു കരുതുന്നത്. ഭൂപടമാറ്റം: നേപ്പാളിൽ വോട്ടെടുപ്പ് ഇന്ന് ഇന്ത്യയുമായുള്ള അതിർത്തി പുനർനിർവചിച്ച് ഇറക്കിയ ഭൂപടത്തിന് അംഗീകാരം നൽകാൻ നേപ്പാൾ പാർലമെന്റിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. പഴയ ഭൂപടം ഉപേക്ഷിച്ച് പുതിയതു സ്വീകരിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാനുള്ള വോട്ടെടുപ്പാണ് നടക്കുക.

 

మరింత సమాచారం తెలుసుకోండి: