ശബരിമല വിമാനത്താവളത്തിന് കേന്ദ്ര പാർലമെൻ്ററി സമിതിയുടെ അംഗീകാരം!  പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായും ചർച്ച നടത്തണമെന്ന് നിദേശം നൽകി. ശബരിമല വിമാനത്താവളത്തിന് കേന്ദ്ര പാർലമെൻ്ററി സമിതിയുടെ പച്ചക്കൊടി. പദ്ധതി യാഥാർഥ്യമാകേണ്ടതാണെന്ന് ഗതാഗത - ടൂറിസം സമിതിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി.  വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചു. ഡിസംബറിൽ സൈറ്റ് ക്ലിയറൻസിന് വ്യോമസേന അനുമതി നൽകിയിരുന്നു. എന്നാൽ മറ്റ് നടപടികൾ പൂർത്തിയായിട്ടില്ല. 





   ശബരിമല വിമാനത്താവളം തീർഥാടക ടൂറിസത്തിന് വളർച്ചയുണ്ടാക്കുമെന്ന് സമിതി വിലയിരുത്തി. തിരുവനന്തപുരം, കൊച്ചി ടൂറിസം സർക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കാൻ ടൂറിസം മന്ത്രാലയം മുന്നോട്ട് വരണമെന്ന് സമിതി നിർദേശം നൽകുന്നുണ്ട്. കോട്ടയം ജില്ലയിലെ എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്ഐഡിസി 2020 ജൂണിൽ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. പദ്ധതിക്ക് പാർലമെൻ്ററി സമിതിയുടെ പച്ചക്കൊടി കാട്ടിയെങ്കിലും പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡിസംബറിൽ നൽകാമെന്ന് കെഎസ്ഐഡിസി അറിയിച്ചെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 





  അതേസമയം സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് സർക്കാർ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയിൽ വിഭാവനം ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രവാസി മലയാളികൾക്കും ശബരിമല തീർഥാടകർക്കും പദ്ധതി ഗുണം ചെയ്യുമെന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്.  ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അഞ്ചാമതൊരു അന്താരാഷ്ട്ര വിമാനത്താവളം ഗ്രീൻഫീൽഡ് പദ്ധതിയായി നിർമിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.   പദ്ധതിക്ക് പാർലമെൻ്ററി സമിതിയുടെ പച്ചക്കൊടി കാട്ടിയെങ്കിലും പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക സാധ്യതാ പഠന റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ല.





രാജ്യത്ത് ചെറുവിമാനത്താവളങ്ങൽ നിർമിച്ച് വ്യോമഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ ഉഡാൻ പദ്ധതി പുതിയ വിമാനത്താവളത്തിന് ഗുണകരമാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. പ്രതിവർഷം മൂന്ന് കോടിയോളം തീർഥാടകർ എത്തുന്ന ശബരിമലയിലേയ്ക്കുള്ള യാത്രയ്ക്ക് പുതിയ വിമാനത്താവളം സഹായകമാകുമെന്നും ഇതരസംസ്ഥാന തീർഥാടകർ വിമാനത്താവളം കൂടുതലായി ഉപയോഗപ്പെടുത്തിയാൽ പദ്ധതി ലാഭത്തിലാകുമെന്നും സർക്കാർ കരുതുന്നു.  

Find out more: