കേരളത്തിലെ പരമാവധി വേഗം പരിമിതം, കേരളത്തിൽ ഇല്ലാത്തത് അതിവേഗ ട്രാക്ക്! പ്രധാനമന്ത്രിയുടെ കേരളസന്ദർശനത്തിനു മുന്നോടിയായി അപ്രതീക്ഷിതമായി കേരളത്തിലെത്തിയ ട്രെയിൻ ബിജെപി രാഷ്ട്രീയായുധമാക്കുകയാണ്. ഏപ്രിൽ 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്യുമെന്നാണ് വിവരം. എന്നാൽ പരീക്ഷണയോട്ടങ്ങൾക്കു ശേഷം സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൻ്റെ വികസരാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കും എന്നതാണ് നിർണായക ചോദ്യം. കേരളത്തിലെ ട്രാക്കുകളുടെ പരിമിതി മൂലം വന്ദേ ഭാരതിന് പ്രതീക്ഷിക്കുന്ന പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ കെ-റെയിൽ സിൽവർലൈൻ അനുകൂലികൾക്ക് പുതിയ വാദമുഖം കൂടി തുറക്കാൻ പുതിയ നീക്കങ്ങൾ ഇടവരുത്തിയേക്കും. കേരളത്തിലേയ്ക്കുള്ള ആദ്യ വന്ദേ ഭാരത് ട്രെയിനിന് വൻ സ്വീകരണമാണ് സംസ്ഥാനത്ത് ബിജെപി പ്രവർത്തകർ ഒരുക്കുന്നത്.





 വരുന്ന സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി 75 വന്ദേ ഭാരത് ട്രെയിനുകൾ രാജ്യമൊട്ടാകെ സർവീസ് ആരംഭിക്കാനാണ് റെയിൽവേയുടെ പദ്ധതി. 180കിലോമീറ്റർ വരെ വേഗമാർജിക്കാൻ സാധിക്കുന്ന ട്രെയിൻ ട്രാക്കുകളുടെ പരിമിതി മൂലം പലയിടത്തും സാധാരണ ദീർഘദൂര ട്രെയിനുകളുടെ വേഗത്തിലാണ് ഓടുന്നത്. കേരളത്തിലും വന്ദേ ഭാരതിന് 80 കിലോമീറ്ററിലധികം വേഗമുണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ഒട്ടേറെ വളവുകളുള്ള ട്രാക്കും ആധുനിക സിഗ്നലിങ് സംവിധാനത്തിൻ്റെ അഭാവവുമാണ് വന്ദേ ഭാരതിന് തിരിച്ചടിയാകുക. പൂർണമായും ശീതീകരിച്ച, മികച്ച സൗകര്യങ്ങളോടെയുള്ള ട്രെയിൻ എന്നതു മാത്രമാകും വന്ദേ ഭാരത് കൊണ്ടു കേരളത്തിനുള്ള നേട്ടം. അതേസമയം, ട്രാക്കുകൾ നവീകരിക്കാനുള്ള നടപടികളുമായി റെയിൽവേ മുന്നോട്ടു പോകുകയാണെന്നും റിപ്പോർട്ടുകളുണ്ട്.






വടക്കൻ കേരളത്തിൽ നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും പൂ‍ർണമായും പുതിയ ഭൂമിയിലുമാണ് നി‍ർമാണം നടത്തുക. ഈ ഭൂമിയേറ്റെടുപ്പാണ് പദ്ധതിയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി. അതേസമയം, നിലവിലെ ട്രെയിൻ ഗതാഗതത്തെ ബാധിക്കാതെ വളവുകൾ നി‍വർത്തി ആധുനിക സിഗ്നലിങ് സംവിധാനത്തോടെ നി‍ർമിക്കുന്ന പാതയിൽ ട്രെയിനുകൾ കുതിച്ചുപായുമെന്നാണ് സംസ്ഥാന സർക്കാർ വാഗ്ദാനം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ മാതൃകയിൽ സ്റ്റാൻഡേഡ് ഗേജ് പാതയായിരിക്കും നിർമിക്കുക. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ അന്തിമ അനുമതിയാണ് പദ്ധതിയ്ക്ക് ലഭിക്കാനുള്ളത്. 






എന്നാൽ കേരള സ‍ർക്കാർ നീക്കത്തിന് തടയിടാനാണ് തിടുക്കത്തിൽ സംസ്ഥാനത്തിന് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചതെന്നും വിലയിരുത്തലുണ്ട്. നിലവിലുള്ള തീവണ്ടികൾക്കു പകരം വന്ദേ ഭാരത് വന്നാലും കേരളത്തിലെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന സിപിഎം വാദത്തിന് ഇത് കൂടുതൽ ബലം പക‍ർന്നേക്കും. നിലവിലെ ട്രാക്കിനു പകരമായി പുതിയ ഗ്രീൻഫീൽഡ് റെയിൽപാതയാണ് കെ-റെയിൽ വിഭാവനം ചെയ്യുന്നത്. അതേസമയം, കേരളത്തിലെ ട്രാക്കുകളുടെ പരിമിതി മൂലം വന്ദേ ഭാരതിന് തിരുവനന്തപുരത്തു നിന്ന് കണ്ണൂ‍ർ വരെയെത്താൻ ഏഴു മണിക്കൂറോളം എടുത്തേക്കുമെന്നാണ് കണക്കുകൂട്ടൽ. അതായത് കാസർകോട് വരെയെത്താൻ പുതിയ ട്രെയിനിന് നിർദിഷ്ട കെ-റെയിലിൻ്റെ ഇരട്ടിയോളം സമയമാണ് വേണ്ടിവരിക.

మరింత సమాచారం తెలుసుకోండి: