
മംഗളൂരുവിനടുത്ത് കുലശേഖരയില്‍ പാളത്തിലേക്ക് കുന്നിടിഞ്ഞു വീണ് എട്ടുദിവസമായി മുടങ്ങിക്കിടക്കുന്ന തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുളള ശ്രമം കനത്ത മഴയെത്തുടര്‍ന്ന് വെള്ളിയാഴ്ചയും പരാജയപ്പെട്ടു. മഴ തുടരുന്നുണ്ടെങ്കിലും സമാന്തരപാത നിര്‍മാണം പൂര്‍ത്തിയാക്കി ശനിയാഴ്ച രാവിലെയോടെ പാത ഗതാഗത യോഗ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യൻ റെയില്‍വേ. കാസര്‍കോട് പിടിച്ചിട്ട നേത്രാവതി എക്സ്പ്രസ് ശനിയാഴ്ച രാവിലെ ഇതുവഴി കടത്തി വിടാനാകുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.സമാന്തരപാത നിര്‍മിക്കുന്ന 400 മീറ്റര്‍ ഭാഗത്ത് നിലമൊരുക്കി ജെല്ലി നിറച്ച് റെയില്‍പ്പാളങ്ങള്‍ ഘടിപ്പിച്ചു. തുടര്‍ച്ചയായി പണിയെടുത്ത് ശനിയാഴ്ച പുലര്‍ച്ചയോടെ നിലവിലെ പാളത്തിലേക്ക് സമാന്തരമായി നിര്‍മിച്ച പാളത്തിലൂടെ പരീക്ഷണ വണ്ടികള്‍ ഓടിക്കും. തുടര്‍ന്ന് ആറുമണിയോടെ പാത ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്നാണ് അധികാരികൾ പറയുന്നത്.
അസി. ജനറല്‍ മാനേജര്‍ പി.കെ. മിശ്ര, പാലക്കാട് ഡിവിഷണല്‍ മാനേജര്‍ പ്രതാപ് സിങ് ഷമി, ചീഫ് എന്‍ജിനിയര്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.