ജോലി കിട്ടി മൂന്ന് മാസമായിട്ടും ശമ്പളം എനിക്ക് തന്നില്ല; ഏറ്റവും സന്തോഷിച്ച നിമിഷത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി! എല്ലാവരും കളിച്ച് നടക്കുന്ന സമയത്ത് സ്വന്തമായി അധ്വാനിച്ച് മുന്നേറുകയായിരുന്നു ഞാൻ. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷങ്ങൾ സമ്മാനിച്ചത് മക്കളാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. മക്കളെക്കുറിച്ചും, അവരുടെ കുസൃതിയെക്കുറിച്ചും, വളർന്ന് വലുതായി ജോലി ചെയ്തതിനെക്കുറിച്ചുമൊക്കെയായിരുന്നു അവർ സംസാരിച്ചത്. ആവശ്യത്തിൽ കൂടുതൽ കുസൃതികൾ കൈയ്യിലുള്ളവരായിരുന്നു രണ്ടുപേരും. എന്തെങ്കിലും പരാതിയുണ്ടോ അവരെക്കുറിച്ച് എന്ന് ചോദിക്കുമ്പോൾ ഒന്നുമില്ലെന്ന മറുപടിയായിരുന്നു എപ്പോഴും കിട്ടിയിരുന്നത്. പേരന്റിനോട് പരാതികൾ പറഞ്ഞ് വെറുതെ അവരെ ടെൻഷനടിപ്പിക്കേണ്ട എന്ന് കരുതുന്നവർ തന്നെയാണ് നല്ല അധ്യാപകരെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കുട്ടിക്കാലം മുതലേ തന്നെ കടുത്ത പ്രതിസന്ധികളിലൂടെയാണ് ജീവിതം മുന്നേറിയതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. പഠിക്കാൻ മോശമായിരുന്ന കാലത്ത് പോലും എന്റെ മക്കളോട് പോയിരുന്ന് പഠിക്കൂ എന്ന് ഞാൻ പറഞ്ഞിട്ടില്ല.
അവർക്ക് പഠിക്കണം, പഠിക്കും എന്നൊരു കോൺഫിഡൻസുണ്ടെങ്കിൽ പിന്നെ നമ്മളെന്തിനാണ് അവരെ ഇറിറ്റേറ്റ് ചെയ്യുന്നത്. എന്റെ മൂത്ത മോൻ പ്ലസ് ടു ഒക്കെ എത്തിയപ്പോൾ പകലൊന്നും ഇരുന്ന് പഠിക്കുന്നത് കാണാറില്ല. രാത്രി മുഴുവനും ഇരുന്ന് പഠിക്കും, ഒരു ഗ്ലാസ് കട്ടൻകാപ്പി കൊടുത്താൽ മതി. യൂണിവേഴ്‌സിറ്റി റാങ്ക് ഹോൾഡറായിരുന്നു അവൻ. ട്യൂഷനൊന്നും അയക്കാതെ, പഠിക്ക് പഠിക്ക് എന്ന് പറയാതെയാണ് അവന് നല്ല റിസൽട്ട് കിട്ടിയത്. എഞ്ചീനിയറിംഗ് കഴിഞ്ഞ് ക്യാംപസ് സെലക്ഷനിൽ ബാംഗ്ലൂരിലേക്ക് ജോലിക്ക് പോവുകയായിരുന്നു പിന്നീട്. ജോലി കിട്ടി ആദ്യത്തെ മാസവും, രണ്ടാമത്തെ മാസവും, മൂന്നാമത്തെ മാസവും കഴിഞ്ഞു. ശമ്പളമൊന്നും ആശാൻ എന്റെ കൈയ്യിൽ കൊണ്ടുതരുന്ന ലക്ഷണമില്ല. എനിക്കൊരു വിഷമം തോന്നി. മകൻ ആദ്യ ശമ്പളം അമ്മയുടെ കൈയ്യിൽ തരുന്നതൊക്കെ ഞാൻ ആഗ്രഹിച്ചിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് നീ ശമ്പളമൊക്കെ എന്താണ് ചെയ്യുന്നത്, എന്റെ കൈയ്യിലൊന്നും തരാത്തതെന്നാണ് ചോദിച്ചത്.
അധ്വാനിച്ച് ജീവിക്കുന്ന ഒരമ്മയെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ആ അമ്മ എന്റെ കൈയ്യിൽ നിന്നും പത്ത് രൂപ പ്രതീക്ഷിക്കും എന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ട് എനിക്ക് ശമ്പളം കിട്ടിയപ്പോൾ ഞാൻ ആദ്യം ചെയ്തത് ഒരു കുട്ടിയെ പഠിപ്പിക്കാൻ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കുകയായിരുന്നു. അതായിരിക്കും അമ്മയ്ക്ക് സന്തോഷം തരുന്നതെന്ന് തോന്നുന്നു. അതോ ഞാൻ ആ കുട്ടിയുടെ പഠിത്തം നിർത്തി അമ്മയുടെ കൈയ്യിൽ ശമ്പളം കൊണ്ട് തരണോ എന്ന് ചോദിച്ചിരുന്നു. അന്നാണ് ഞാൻ യഥാർത്ഥത്തിൽ ഏറ്റവും കൂടുൽ അഭിമാനിച്ചത്. ഗർഭിണിയായപ്പോഴോ, കുട്ടികളായപ്പോഴോ ഒന്നുമല്ല, മൂല്യങ്ങളുള്ള നല്ലൊരു മനുഷ്യനാണെന്ന് അവൻ തെളിയിച്ചപ്പോഴാണ് ഞാൻ ഏറ്റവും കൂടതൽ സന്തോഷിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
കുട്ടികളൊക്കെ സ്‌പോർട്‌സും മറ്റ് കളികളുമൊക്കെയായി ആർത്തുല്ലസിച്ച് നടക്കുമ്പോൾ ഞാൻ ഇതൊന്നും ആസ്വദിച്ചിട്ടില്ല. 10 വയസുള്ളപ്പോൾ മുതൽ സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന പെൺകുട്ടിയായിരുന്നു. അതുകൊണ്ടായിരിക്കാം ഒരു ആൺകുട്ടിയേക്കാൾ കൂടുതൽ ധൈര്യം, തന്റേടമൊക്കെ എനിക്കുണ്ടായത്. സ്വന്തം അധ്വാനത്തിൽ തന്നെ ജീവിക്കണം, എങ്കിൽ മാത്രമേ നമുക്ക് ജീവിതത്തിൽ അഭിമാനത്തോട് കൂടി പത്തുപേരുടെ മുന്നിൽ നിൽക്കാൻ സാധിക്കൂ എന്ന് മക്കളോട് ഞാൻ കുട്ടിക്കാലം മുതലേ പറയാറുണ്ടായിരുന്നു.
Find out more: