സൗജന്യ റേഷനിൽ പങ്കുപറ്റാൻ വന്നവരാണെന്ന മട്ടിൽ സ്വന്തം കുടുംബാംഗങ്ങൾ തന്നെ അതിക്രൂരമായാണ് പെരുമാറുന്നതെന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിലിറങ്ങിയ ഒരു തടവുകാരൻ ഈയിടെ വെളിപ്പടുത്തുകയുണ്ടായി.കൈയ്യിൽ അഞ്ചു പൈസയില്ല എന്തെങ്കിലും പണിയെടുത്തു ജീവിക്കുകയാണെങ്കിൽ ലോക്ക് ഡൗണായതിനാൽ അതും കഴിയില്ല.
വീട്ടിലേക്ക് വെറും കൈയോടെ വന്ന ഞങ്ങളെ ഒരിക്കലും അവർക്ക് ഇഷ്ടപ്പെടില്ലല്ലോ? വിശപ്പാണ് ഇപ്പോഴത്തെ പ്രശ്നം. അതു മാറാൻ ജയിലിലേക്ക് തന്നെ പോകണം. കണ്ണൂരില്‍ നിന്നും പുറത്തിറങ്ങിയ തടവുകാരിൽ പലരും ലോക് ഡൗണിൽ ഇളവു ചെയ്താൽ തിരിച്ചു പോകാമെന്ന തീരുമാനത്തിലാണ്.പരോൾ ലഭിച്ച സന്തോഷത്തിൽ നാട്ടിലെത്തിയ തടവുകാർക്ക് അവഗണനയുടെ കയ്പ്പുനീർ.
ജയിലിൽ നിന്നും കൊവിഡ് വ്യാപനത്തിന്റെ പേരിൽ നിർബന്ധപൂർവം പുറം തളളിയ ഇവരിൽ ഭൂരിഭാഗത്തിനെയും നാട്ടുകാർക്കും വീട്ടുകാർകാർക്കും വേണ്ട. ഉത്തരമില്ലാതായതോടെ ഒരുകൂട്ടം തടവുകാരുടെ പരോൾക്കാലവും തടവറയ്‌ക്കുള്ളിൽ ‘ലോക്ക്‌ഡൗണാ’യി തന്നെ തുടരുകയാണ്. നേരത്തെ പലരും കൊതിയോടെ നാട്ടിലെത്തിയെങ്കിലും അനുഭവം അത്ര ‘രസകര’മല്ലാതായതോടെ ചിലർ ജയിലിലേക്ക് തന്നെ തിരികെയെത്തിയിരുന്നു.
ഇതിനു സമാനമായ അവസ്ഥ ജയിലിലുമുണ്ട്. പരോളും ജാമ്യവും ലഭിക്കാനർഹതയുണ്ട്; പോകാൻ മോഹവുമുണ്ട്. പക്ഷേ, എങ്ങോട്ട് പോകും?ജില്ലാ ജയിൽ, സ്‌പെഷ്യൽ സബ്‌ജയിൽ, സബ് ജയിൽ ഉൾപ്പെടെ 55 ജയിലുകളിലെ 609 റിമാൻഡ്–വിചാരണ തടവുകാർ ഇടക്കാല ജാമ്യത്തിന് അർഹരാണ്. എന്നാൽ, ജാമ്യം നേടി പുറത്തിറങ്ങിയത് 566 പേർ.
സെൻട്രൽ ജയിൽ, അതീവ സുരക്ഷാ ജയിൽ, തുറന്ന ജയിൽ, വനിതാ ജയിൽ എന്നീ പത്ത് ജയിലുകളിൽ 821 ശിക്ഷാ തടവുകാരാണ് രണ്ടു മാസത്തെ പ്രത്യേക പരോളിന് അർഹർ. ജയിൽ മാനദണ്ഡപ്രകാരം അർഹതയുണ്ടായിട്ടും പോകാൻ ഇടമില്ലാത്തതിനാൽ 108 തടവുകാരാണ് കേരളത്തിലെ ജയിലുകളിൽത്തന്നെ കഴിയുന്നത്.
കൊവിഡ്- 19 സാഹചര്യത്തിൽ സുപ്രീംകോടതി, ഹൈക്കോടതി വിധികളെത്തുടർന്നാണ് സംസ്ഥാനത്തെ ജയിലുകളിലെ ശിക്ഷാ തടവുകാർക്ക് രണ്ടു മാസത്തെ പ്രത്യേക പരോളും റിമാൻഡ്–വിചാരണ തടവുകാർക്ക് 30 വരെ ഇടക്കാല ജാമ്യവും അനുവദിച്ചത്. പലരുടെയും വീട് ദൂരെയാണ്. ചിലർക്ക് പോകാനിടമില്ല. ചിലരാകട്ടെ അയൽ സംസ്ഥാനക്കാരാണ്.
അതിഥിത്തൊഴിലാളിയായി എത്തി കേസിൽ റിമാൻഡിലായ രണ്ടുപേരെ ജയിൽ മേധാവി ഋഷിരാജ് സിങ് ഇടപെട്ട് അവരുടെ സഹപ്രവർത്തകരുള്ള അതിഥിത്തൊഴിലാളി ക്യാമ്പിൽ എത്തിച്ചിരുന്നു. ജോലി, ചികിത്സ തുടങ്ങിയവയൊക്കെ ആലോചിച്ച് പരോളിനും ഇടക്കാല ജാമ്യത്തിനും ബോണ്ട് വയ്‌ക്കാത്തവരുമുണ്ടെന്ന് ജയിൽ ആസ്ഥാനം ഡിഐജി എസ് സന്തോഷ് പറഞ്ഞു.
ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയ്‌ക്കാൻ പുതിയ ശുപാർശ ജയിൽമേധാവി സർക്കാരിന് സമർപ്പിച്ചു. നിലവിലെ മാനദണ്ഡപ്രകാരം പ്രത്യേക പരോൾ ലഭിക്കാത്തവരിൽ അറുപത് വയസ്സ് കഴിഞ്ഞ പുരുഷന്മാർ, അമ്പത് കഴിഞ്ഞ സ്‌ത്രീകൾ, മുമ്പ് പുറത്തിറങ്ങി ‘നല്ല നടപ്പ്’ നടന്നവർ എന്നിവർക്കുകൂടി പരോൾ അനുവദിക്കണമെന്നാണ് ശുപാർശ. ശിക്ഷാ കാലാവധി മൂന്നിൽ രണ്ട് ഭാഗം പൂർത്തീകരിച്ച് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കാലാവധി തീരുന്ന തടവുകാരെ മോചിപ്പിക്കണമെന്നും ശുപാർശയിലുണ്ട്.
click and follow Indiaherald WhatsApp channel