അകാല നര മാറാൻ കറിവേപ്പില കൊണ്ട് ഒരു ഹെയർ മാസ്ക്! അകാലനരയ്ക്ക് പരിഹാരം കണ്ടെത്താനുള്ള നെട്ടോട്ടത്തിൽ പല അബദ്ധങ്ങളിലും നാം ചെന്ന് ചാടാറുണ്ട് എന്നത് വാസ്തവമാണ്. വിപണിയിൽ ലഭ്യമായ രാസവസ്തുക്കൾ അടങ്ങിയ പല ഉത്പന്നങ്ങളും വാങ്ങി ഉപയോഗിച്ച് ഒടുവിൽ മുടിക്ക് കേടുപാടുകൾ സംഭവിച്ച് തുടങ്ങുമ്പോൾ മാത്രമാണ് പല ആളുകളും പ്രകൃതിദത്ത മാർഗ്ഗങ്ങളിലേയ്ക്ക് തിരിയുന്നത്.ഹെയർ ഡൈ പോലെയുള്ള കൃത്രിമ നിറങ്ങൾ ഉപയോഗിക്കാതെ സ്വാഭാവിക വീട്ടുവൈദ്യങ്ങളുടെ സഹായത്തോടെ ഇത് പരിഹരിക്കാനുള്ള മാർഗങ്ങളുണ്ട്. നരച്ച മുടിയുടെ വളർച്ച സ്വാഭാവികമായും തടയണമെങ്കിൽ ശരിയായ ചേരുവകൾ അടങ്ങിയ, മുടിക്ക് പോഷണമേകുന്ന ഹെയർ മാസ്ക് നിങ്ങൾക്ക് വീട്ടിൽ തന്നെ സ്വയം തയ്യാറാക്കാം. അത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.



 മുടി നരയ്ക്കുക എന്നത് ഒരാളും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്. അത് അകാല നരയാണെങ്കിൽ പ്രത്യേകിച്ചും! എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പോലും മുടിയിൽ നര കാണുക എന്നത് ഒരു സാധാരണ പ്രതിഭാസമായി മാറിയിരിക്കുന്നു. ഇത് സാധാരണയായി ചില പോഷകങ്ങളുടെ അഭാവം അല്ലെങ്കിൽ മാനസികമായ സമ്മർദ്ദം എന്നിവ മൂലമാണ് സംഭവിക്കുന്നത്. അകാലനര മാറാൻ നാടൻ രീതിരയിലുള്ള ഒരു കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കറിവേപ്പിലയും വെളിച്ചെണ്ണയും പ്രധാന ചേരുവകളായ ഈ ഹെയർ മാസ്ക് പതിവാക്കിയാൽ നിങ്ങളുടെ അകാലനര ക്രമേണ ഇല്ലാതായി വരുമെന്ന് മാത്രമല്ല, മുടിയിഴകൾക്ക് ബലം നൽകാനും, മുടി കൂടുതൽ തിളക്കവും മൃദുവുമാകാനും ഇത് സഹായിക്കും.കറിവേപ്പില മുടി ശക്തിപ്പെടുത്തുകയും മുടിക്ക് കറുത്ത നിറം നൽകുകയും ചെയ്യും.



 മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിനും മുടിയുടെ കട്ടി വർദ്ധിപ്പിക്കുന്നതിനും ഉള്ള നല്ലൊരു എണ്ണയാണ് കാസ്റ്റർ ഓയിൽ.നെല്ലിക്ക പൊടി മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും അകാല നര ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. മുടിയുടെ ഈർപ്പവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ഘടകമാണ് വെളിച്ചെണ്ണ. ആദ്യം കഴുകി വൃത്തിയാക്കിയ കറിവേപ്പില നന്നായി അരച്ചെടുക്കുക. ഇനി വെളിച്ചെണ്ണയും ആവണക്കെണ്ണയും ഒരു പാത്രത്തിൽ ഒരുമിച്ച് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടുപ്പത്തുവെച്ചു ചൂടാക്കുക.



  ഒരു മിനിറ്റിനു ശേഷം സ്റ്റൗ ഓഫ് ചെയ്ത് പാത്രം അടുപ്പത്ത് നിന്ന് മാറ്റാം. ചൂടാക്കിയ എണ്ണയിൽ കറിവേപ്പില അരച്ചതും നെല്ലിക്ക പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം നന്നായി തണുക്കാൻ അനുവദിക്കുക. ഇത് ശിരോചർമ്മത്തിലും മുടിയിഴകളിലും പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് രണ്ട് മണിക്കൂർ നേരം വയ്ക്കുക, തുടർന്ന് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക, തുടർന്ന് ഒരു കണ്ടീഷനർ ഉപയോഗിച്ച് വീണ്ടും കഴുകുക.

మరింత సమాచారం తెలుసుకోండి: