പുത്തുമല (വയനാട്) ∙ കനത്ത മഴയെ അവഗണിച്ച് വയനാട് പുത്തുമലയിൽ മൂന്നാം ദിവസം നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. പുത്തുമല ദുരന്തഭൂമിയിൽ മണ്ണിനടിയിൽ ഇനിയും ഏഴു പേർ കുടുങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടി വരുന്നതിനിടെ അകപ്പെട്ട കാറിലെ യാത്രക്കാരെയും കണ്ടെത്താനായില്ല. യാത്രക്കാരും കാറും മണ്ണിനടിയില്‍ അകപ്പെട്ടോയെന്നാണു സംശയം. മണ്ണുമാന്തി വാഹനങ്ങൾ ഇറക്കാൻ കഴിയുന്നില്ല.
നനഞ്ഞു കുതിർന്ന മണ്ണിൽ കാലു കുത്തി നടക്കുന്നതു ദുഷ്കരമാണ്. പുത്തുമല സ്വദേശിനിയായ അൻപത്തിയേഴുകാരി റാണിയുടെ മൃതദേഹമാണ് അവസാനം കിട്ടിയത്. അവറാൻ, അബൂബക്കർ, ഷൈല, അന്നായ, ഗൗരിശങ്കർ, നബീസ്, ഹംസ എന്നിവരാണ് കാണാതായവർ. പത്തടിയോളം മണ്ണ് വീടുകൾക്കു മീതെ വന്നടിഞ്ഞിട്ടുണ്ട്. ഇതു പൂർണമായും നീക്കുന്നതാണ് വെല്ലുവിളി.
ദുരന്തനിവാരണ സേനയും പൊലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും അടക്കം 250 പേർ മണിക്കൂറുകളോളം ഞായറാഴ്ച തിരച്ചിൽ നടത്തി. മുൻ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി ഉച്ചതിരിഞ്ഞ് നാലിന് തന്നെ തിരച്ചിൽ നിർത്തേണ്ടി വന്നു.
click and follow Indiaherald WhatsApp channel