പുടിനെ തകർക്കാൻ ഒരുങ്ങി യുകെ; 6 വഴികൾ മുന്നിൽ നിർത്തി ബോറിസ് ജോൺസൺ! യുക്രൈൻ ചെറുത്തുനിൽപ്പ് അവസാനിപ്പിക്കാതെ ആക്രമണം നിർത്തില്ലെന്നാണ് റഷ്യയുടെ നിലപാട്. എന്നാൽ ഇതിനിടെ റഷ്യയെ തോൽപ്പിക്കാൻ ആറിന കർമപദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുകെ. രണ്ടാഴ്ചയോളമായി യുക്രൈനെതിരെ തുടരുന്ന യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി പാശ്ചാത്യരാജ്യങ്ങൾ. യുക്രൈനെതിരെ റഷ്യ സൈനികനീക്കം ആരംഭിച്ചപ്പോൾ തന്നെ മുൻപില്ലാത്ത വിധം ആഗോളതലത്തിൽ റഷ്യയ്ക്കെതിരെ പ്രതിഷേധം ശക്തിപ്പെട്ടിരുന്നു എന്നും ഇതാദ്യമായാണ് ഇത്രയും വലിയൊരു രാജ്യത്തിനെതിരെ ലോകരാജ്യങ്ങൾ കൂട്ടത്തോടെ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതെന്നും യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുക്രൈനെതിരായ നീക്കത്തിൽ റഷ്യ പരാജയപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു. യുക്രൈനെതിരെ റഷ്യ നടത്തുന്ന സൈനികനീക്കം പരാജയപ്പെടുത്താനാണ് യുകെയുടെ ലക്ഷ്യമെന്നും ഇതിനായുള്ള ആറിന കർമപദ്ധതി ഉടൻ തന്നെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുറത്തു വിടുമെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ഇതിനായി അന്താരാഷ്ട്ര സഹായം തേടുമെന്നും അവർ വ്യക്തമാക്കി. പുതിയ നീക്കങ്ങളുടെ ഭാഗമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടുമായും ബോറിസ് ജോൺസൺ തിങ്കളാഴ്ച ചർച്ച നടത്തും.
പിന്നാലെ ഹംഗറി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ രാജ്യങ്ങളുമായും ചർച്ചയുണ്ടാകും. യുക്രൈനെതിരെ റഷ്യ നടത്തുന്ന സൈനികാക്രമണങ്ങളുടെ അനന്തരഫലം അനുഭവിക്കുന്ന രാജ്യങ്ങൾ എന്ന നിലയ്ക്കാണ് ഇവരുമായുള്ള ചർച്ച. യുകെ മുന്നോട്ടു വെക്കുന്ന ആറിന കർമപരിപാടിയ്ക്കു വേണ്ടി ആഗോളരാജ്യങ്ങൾ അണിനിരക്കണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെടും. അന്താരാഷ്ട്ര നിയമങ്ങളെ അവഗണിക്കുന്ന രീതി അനുവദിക്കാനാകില്ലെന്നും സൈനികശക്തി ഉപയോഗിച്ച് ഈ നിയമങ്ങൾ പൊളിച്ചെഴുതാനുള്ള ശ്രമം അനുവദിക്കില്ലെന്നും യുകെ വ്യക്തമാക്കി. അതേസമയം, യുക്രൈനെതിരായ ആക്രമണം അവസാനിപ്പിക്കാനായി നടത്തുന്ന നയതന്ത്ര ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.
റഷ്യ പിടിമുറുക്കിയ മേഖലകളിൽ നിന്ന് ലക്ഷക്കണക്കിന് യുക്രൈൻകാരാണ് പോളണ്ട്, റുമേനിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്. എന്നാൽ യുക്രൈൻ പ്രത്യാക്രമണം അവസാനിപ്പിക്കാതെ യുദ്ധം നിർത്തില്ലെന്നാണ് റഷ്യയുടെ നിലപാട്. മനുഷ്യാവകാശ സംരക്ഷത്തിനായുള്ള സഹകരണം, യുക്രൈൻ്റെ സ്വയംപ്രതിരോധത്തിനുള്ള പിന്തുണ, റഷ്യൻ ഭരണകൂടത്തിനെതിരെ സാമ്പത്തികമേഖലയിൽ പുതിയ സമ്മർദ്ദങ്ങൾ തുടങ്ങിയവയാണ് യുകെ മുന്നോട്ടു വെക്കുന്ന നീക്കങ്ങൾ. കൂടാതെ റഷ്യ ചെയ്യുന്നത് ശരിയാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് ഒഴിവാക്കാനുള്ള നയതന്ത്രനീക്കങ്ങളും യുകെ നടത്തും. കൂടാതെ മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടാകും.
Find out more: