മികച്ച നടനായി 83-ാം വയസ്സിൽ തിരഞ്ഞെടുക്കപ്പെട്ട ആന്തണി ഹോപ്‍കിൻസിന്റെ അഭിനയ ജീവിതത്തിൽ ഒരു മംഗള മുഹൂർത്തം നടന്നിരിക്കുകയാണ്. 93-ാം അക്കാദമി അവാർഡ് പ്രഖ്യാപനം ഏറെ പ്രത്യേകതകളോടെ പൂർത്തിയായിരിക്കുകയാണ്.ഓസ്കാറിൻറെ ചരിത്രത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയയാളായിരിക്കുകയാണ് അദ്ദേഹം. ദി ഫാദർ എന്ന സിനിമയിലെ അഭിനയമികവാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയിരിക്കുന്നത്. ഡിമെൻഷ്യ രോഗാവസ്ഥയിൽ കഴിയുന്ന ആൻറണി എന്ന കഥാപാത്രമായി ഞെട്ടിപ്പിക്കുന്ന പ്രടകനാണ് അദ്ദേഹം ദി ഫാദർ എന്ന സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്.ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ നിന്ന് അഭിനയം പഠിച്ച അദ്ദേഹം 1965 മുതൽ റോയൽ നാഷണൽ തീയേറ്ററിൻറെ ഭാഗമായി. ഇതിഹാസമായ ഷെയ്ക്സ്‍പിയറിൻറെ നിരവധി നാടകങ്ങൾ അരങ്ങിൽ അവതരിപ്പിച്ചിട്ടുണ്ട്.
അതേ വർഷം തന്നെ ദി മാൻ ഇൻ റൂം 17 എന്ന പരമ്പരയിലൂടെ മിനി സ്ക്രീനിൽ അദ്ദേഹം അരങ്ങേറി. 1965 മുതൽ അഭിനയലോകത്തുള്ള വ്യക്തിയാണ് വെയ്‍ൽസിലെ പോർട് ടാൽബോട്ടിൽ നിന്നുള്ള ഫിലിപ്പ് ആന്തണി ഹോപ്‍കിൻസ്.68-ൽ ദി ലയൺ ഇൻ വിൻറർ എന്ന അമേരിക്കൻ സിനിമയിലൂടെ സിനിമാലോകത്തേക്കുമെത്തി. മിനി സ്ക്രീൻ അഭിനയവും സിനിമാഭിനയവും ഒരുമിച്ച് കൊണ്ടുപോയ അദ്ദേഹം എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും കൂടിയാണ്. ഹാംലറ്റ്, മാജിക്, ദി എലഫൻഡ് മാൻ, ദി ഗുഡ് ഫാദർ, ദി സൈലൻസ് ഓഫ് ദി ലാമ്പ്സ, ദി ഇന്നസെൻഡ്, ദി ട്രയൽ, നിക്സൺ, ഹാനിബാൾ, ദി വുൾഫ്മാൻ, തോർ, ഹിച്കോക്ക്, ട്രാൻസ്ഫോർമേഴ്സ് ദി ലാസ്റ്റ് നൈറ്റ്, ദി ടു പോപ്സ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.
1967-ൽ ദി വൈറ്റ് ബസ് എന്ന ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചു.ഇപ്പോഴിതാ ദി ഫാദർ എന്ന സിനിമയിലൂടെ 83-ാം വയസ്സിൽ അദ്ദേഹം മികച്ച നടനുള്ള ഓസ്കാർ സ്വന്തമാക്കിയിരിക്കുകയാണ്. ഫാദറിലെ പ്രകടനത്തിന് ബ്രിട്ടീഷ് അക്കാദമി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അന്തരിച്ച നടൻ ചാഡ്‍വിക് ബോസ്‍മാൻ ഉൾപ്പെടെ നിരവധി പേർ ഇക്കുറി മികച്ച നടനുവേണ്ടിയുള്ള നോമിനേഷനിൽ ഉണ്ടായിരുന്നു. 92-ൽ ദി സൈലൻസ് ഇൻ ലാമ്പ്സ് എന്ന സിനിമയിലൂടെ മികച്ച നടനുള്ള ഓസ്കാർ പുരസ്കാരവും ബ്രിട്ടീഷ് അക്കാദമി ഫിലിം പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
പിന്നീട് നിക്സൺ, ദി റിമെയ്ൻസ് ഓഫ് ദി ഡേ, അമിസ്റ്റാഡ്, ദി ടു പോപ്സ് എന്നീ സിനിമകളിലെ പ്രകടനത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.ചൈനക്കാരി ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‍ലാൻഡാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ സിനിമയിലെ പ്രകടനത്തിന് ഫ്രാൻസസ് മക്ഡോർമൻഡ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വംശജയുമായിരിക്കുകയാണ് ചൈനക്കാരിയായ ക്ലോയ് ഷാവോ.ഏഷ്യൻ രാജ്യങ്ങളുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം ഓസ്‌കാർ കൂടിയാണ് ഇത്തവണത്തേത്.
Find out more: