നടി കനകയ്ക്ക് എന്ത് പറ്റി? നേരിൽ കണ്ട കാഴ്ചയെ കുറിച്ച് മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ ഇങ്ങനെ! അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഒരു കാലത്ത് തമിഴ് തെലുങ്ക് മലയാളം സിനിമയിൽ നിറഞ്ഞു നിന്ന നായിക നടിയാണ് കനക. പക്ഷെ ഇന്ന് കനകയെ കുറിച്ച് കേൾക്കുന്നത് എല്ലാം നെഗറ്റീവ് വാർത്തകളാണ്. മാനസിക രോഗിയായിപ്പോയി എന്ന് ഒരു കൂട്ടർ, മയക്ക് മരുന്നിന് അടിമപ്പെട്ടു എന്ന് മറ്റൊരു കൂട്ടർ. എന്താണ് വാസ്തവത്തിൽ കനകയ്ക്ക് സംഭവിച്ചത്. കനകയുടെ മുത്തശ്ശനായ രഘുപതി വെങ്കയ്യയാണ് ചെന്നൈയിലെ ആദ്യത്തെ സിനിമാ ഹൗസ് ആയ ഗെയിറ്റി തിയേറ്റർ നിർമിച്ചത്. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ സിനിമ ഹൗസ് ആയിരുന്നു അത്. ക്രൗൺ, ഗ്ലോബ് എന്നീ തിയേറ്ററുകളും അദ്ദേഹം നിർമിച്ചിട്ടുണ്ട്. സിനിമാ ലോകത്തിന് നൽകിയ സംഭാവനകൾ മാനിച്ച് ആന്ധ്രാ പ്രദേശ് സർക്കാർ അദ്ദേഹത്തിന്റെ പേരിൽ തെലുങ്കിൽ പുരസ്‌കാരങ്ങളും (രഘുപതി വെങ്കയ്യ നായിഡു പുരസ്‌കാരം) നൽകി വരുന്നു. വലിയൊരു ബാക്ക് ഗ്രൗണ്ടിൽ നിന്നാണ് കനക വരുന്നത്.
എംജിആറിനും ശിവാജി ഗണേശിനും ഒപ്പമെല്ലാം അഭിനയിച്ച ദേവികയുടെ മകളാണ് കനക. മകളെ വളർത്തുന്നതിന് വേണ്ടി തന്റെ കരിയർ പൂർണമായും ഉപേക്ഷിച്ച ദേവിക അസൂയവഹമായ നേട്ടങ്ങൾ അപ്പോഴേക്കും കരിയറിൽ നേടിക്കഴിഞ്ഞിരുന്നു. ഗംഗൈ അമരന്റെ ഭാര്യയാണ് കനകയെ സിനിമയിലേക്ക് കൊണ്ടുവരാൻ ആയി പറയുന്നത്. അങ്ങിനെ കരകാട്ടകാരനിലൂടെ കനക സിനിമയിലെത്തി. കനകയുടെ വല്ല്യമ്മാവൻ സി ബസുദേവ് മദ്രാസ് ലെജിസ്‌ളേറ്റീവ് കൗൺസിലിൽ മുൻ അംഗവും മദ്രാസ് മേയറും ആയിരുന്നു. പിനീട് എണ്ണിയാൽ തീരാത്ത അത്രയും വിജയങ്ങൾ. പ്രശസ്തിയുടെ ഉയരത്തിൽ നിൽക്കുമ്പോഴാണ് അമ്മയുടെ മരണം കനകയെ തളർത്തിയത്. തൊട്ടുപിന്നാലെ കനകയ്ക്ക് എതിരെ ആരോപണങ്ങളുമായി അച്ഛൻ രംഗത്ത് എത്തി. അമ്മയുടെ വിൽപ്പത്രം കനക കെട്ടിച്ചമച്ചതാണെന്നായിരുന്നു ആരോപണം. മകൾക്ക് മാനസിക രോഗമാണെന്നും മയക്ക് മരുന്നിന് അടമയാണെന്നും ആ അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. അതിനെ എല്ലാം കനക അതിജീവിച്ചു.
പിന്നീട് വന്ന വാർത്തകൾ കനകയ്ക്ക് കാൻസർ ബാധിച്ചു എന്നായിരുന്നു. കനക മരണപ്പെട്ടു എന്ന വാർത്തയും ശക്തമായി പ്രചരിച്ചിരുന്നു. ഞാൻ മരിച്ചിട്ടില്ല, ജീവനോടെ ഉണ്ട് എന്ന് പറഞ്ഞ് കനകയ്ക്ക് തന്നെ രംഗത്ത് വരേണ്ടി വന്നു. അതെല്ലാം അവസാനിച്ചതിന് ശേഷം ഈ അടുത്താണ്, കനകയുടെ വീട്ടിൽ ഒരു തീ പിടുത്തം ഉണ്ടായത്. അതിന് ശേഷം മാനസിക രോഗിയായി കനകയെ ചിലർ മുദ്രകുത്തി. ഈ പശ്ചാത്തലത്തിൽ കനകയുടെ വീട്ടിലെത്തിയ അമ്പിളി എം പി എന്ന മാധ്യമപ്രവർത്തകൻ കണ്ട കാഴ്ചകളാണ് ഇപ്പോൾ വൈറലാവുന്നത്. ഇന്ത്യൻ എക്‌സ്പ്രസ്സിൽ അദ്ദേഹം അവിടെ കണ്ട കാര്യങ്ങൾ എല്ലാം വിവരിക്കുന്നുണ്ട്. ചുറ്റുപാടുകളെ നിരീക്ഷിച്ച അദ്ദേഹം കനകയോടും കനകയെ അവിടെ സഹവസിക്കുന്ന സെക്യൂരിറ്റിക്കാരനോടും എല്ലാം സംസാരിച്ചു. ഒരു പഴയ വീട്ടിലാണ് കനക താമസിക്കുന്നത്. തനിച്ചാണ്. വിള്ളലുകൾ വന്ന് പൂപ്പൽ പിടിച്ച ഒരു പഴയ വീട്. ഗേറ്റ് പൂട്ടിയിട്ടുണ്ട് എങ്കിലും സെക്യൂരിറ്റിയില്ല. ദിവസങ്ങളായി തൂത്തുവരാത്ത മുറ്റവും പരിസരവും.
പൊടി പിടിച്ച് കിടക്കുന്ന രണ്ട് കാറുകൾ പോർച്ചിൽ ഉണ്ട്. അത് കണ്ടാലറിയാം, കനക അത് ഉപയോഗിക്കാറില്ല എന്ന്. മുൻപൊക്കെ ഇടയ്ക്ക് വണ്ടി എടുത്ത് പുറത്ത് പോയി സാധനങ്ങൾ വാങ്ങാറുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം ഓഡർ ചെയ്ത് വരുത്തിക്കുകയാണ് എന്ന് അയൽവാസി പറയുന്നു. ഈ അയൽവാസി തന്നെയാണ് കനകയുടെ വീട്ടിൽ നിന്നും പുക വരുന്നത് കണ്ട് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയർഫോഴ്‌സിനെ കനക ആദ്യം അകത്തേക്ക് വിട്ടിരുന്നില്ല എന്നതൊക്കെ സത്യമായിരുന്നു. എന്നാൽ അത് ഒരു ചെറിയ അപകടം ആയിരുന്നു. പൂജ മുറിയിൽ ഷോർട്ട് സർക്യൂട്ട് ആയതാണ് എന്ന് അന്ന് അവിടെ എത്തിയ ഫയർഫോഴസ് ഉദ്യോഗസ്ഥനും പറഞ്ഞു. അതുകൊണ്ടാവാം ഒരുപക്ഷെ കനക അകത്തേക്ക് ആരെയും വിടാതിരുന്നത്.എന്നാൽ അത് മാത്രമല്ല കാരണം എന്ന് തൊട്ടടുത്ത അപ്പാർട്‌മെന്റിലെ സെക്യൂരിറ്റി ഗാർഡൻ പറയുന്നു.
കനകയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നത് ഈ സെക്യൂരിറ്റി ജീവനക്കാരനാണ്. ആ അപകടം നടക്കുന്ന ദിവസം താൻ ശബരിമലയിൽ ആയിരുന്നു എന്നും, രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വന്നതിന് ശേഷമാണ് മാഡത്തിന്റെ വീട്ടിലെ ഇലക്ട്രിസിറ്റി ശരിയാക്കി കൊടുത്തത് എന്നും അദ്ദേഹം പറഞ്ഞു.ചില ബന്ധുക്കളിൽ നിന്നുള്ള മോശമായ അനുഭവങ്ങൾ കാരണം മാഡം ആരെയും വീടിന് അകത്തേക്ക് വിടാറില്ല. എല്ലാവരുമായും ഒരു അകലം സൂക്ഷിക്കും. വീട് പെയിന്റ് ചെയ്യുന്നതിനെ കുറിച്ചും ആളുകളെ വച്ച് വൃത്തിയാക്കുന്നതിനെ കുറിച്ചും എല്ലാം ഞാൻ പറഞ്ഞിരുന്നു. ചെയ്യാം എന്നാണ് മാഡം പറഞ്ഞത്. മാഡത്തിന് ഒരു പ്രശ്‌നവും ഇല്ല എന്നും ആ സെക്യൂരിറ്റി ജീവനക്കാരൻ അടിവരയിട്ട് പറയുന്നു. വർഷങ്ങളായി കനകയ്ക്ക് സിനിമകളില്ല, പുറത്തേക്ക് ഇറങ്ങുന്നത് പോലും ഇല്ല, ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല. പിന്നെ എങ്ങിനെയാണ് അവർ ജീവിയ്ക്കുന്നത്, എന്താണ് വരുമാനം എന്ന തന്റെ സംശയവും മാധ്യമപ്രവർത്തകൻ ആ സെക്യൂരിറ്റിക്കാരനോട് ചോദിച്ചു.
മാഡത്തിന് യാതൊരു തര സാമ്പത്തിക പ്രശ്‌നങ്ങളും ഇല്ല, അവരുടെ പേരിൽ ധാരാളം സ്വത്ത് ഉണ്ട് എന്ന് സെക്യൂരിറ്റി വ്യക്തമാക്കുന്നു.പിന്നീട് സെക്യൂരിറ്റിയിലൂടെ മാധ്യമപ്രവർത്തകരന് അകത്തേക്ക് കടക്കാനും കനകയോട് സംസാരിക്കാനും സാധിച്ചുവത്രെ. അല്പം വണ്ണം വച്ചിട്ടുണ്ട് എങ്കിലും കനകയുടെ സൗന്ദര്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. കഴുത്തോളം ഉള്ള മുടി ഭംഗിയായി കെട്ടി വച്ചിരിയ്ക്കുന്നു. ഒരു സ്ലീവ്‌ലസ്സ് ടോപ്പും മിഡിയും ആണ് കനക ധരിച്ചത്. തന്റെ ചോദ്യത്തിന് നല്ല രീതിയിൽ കനക പ്രതികരിക്കുകയും ചെയ്തു. നിങ്ങൾ ഇപ്പോൾ കാണുന്നത് പോലെ തന്നെ, എനിക്ക് യാതൊരു കുഴപ്പവും ഇല്ല. എന്നെ പറ്റി വരുന്ന വാർത്തകൾ ഞാൻ കേൾക്കുന്നുണ്ട്. അതിനോട് ഒന്നും പ്രതികരിക്കണം എന്ന് തോന്നിയില്ല. ഒരിടയ്ക്ക് ഞാൻ ഒന്ന് രണ്ട് അഭിമുഖങ്ങൾ കൊടുത്തിരുന്നു. പിന്നീട് അതിന്റെ ആവശ്യം ഇല്ല എന്ന് തോന്നി. എന്റെ ജീവിതം അവരെ ആരെയും ബാധിയ്ക്കുന്നതല്ല, അവരുടെ ജീവിതം എന്നെയും ബാധിയ്ക്കുന്നില്ല. പിന്നെ എന്തിനാണ് ഞാൻ വിശദീകരിക്കാൻ പോകുന്നത്- കനക പറഞ്ഞതായി മാധ്യമപ്രവർത്തകൻ എഴുതി.
Find out more: