മെഡിക്കൽ കോളേജിൽ നിപ ചികിത്സയ്ക്ക് സജ്ജീകരണമൊരുക്കി; മരുന്ന് ലഭ്യത ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി!കൊവിഡ് പ്രതിരോധത്തോടൊപ്പം തന്നെ നിപ പ്രതിരോധത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനം തുടരുന്ന ഘട്ടത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിപ വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരന് നിപ വൈറസ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അടിയന്തര യോഗം ചെർന്ന് നിപ വൈറസ് പ്രതിരോധിക്കാനുള്ള ആക്ഷൻ പ്ലാൻ രൂപീകരിച്ചു. അതിൻറെ അടിസ്ഥാനത്തിൽ നിരീക്ഷണം, സാമ്പിൾ ടെസ്റ്റ് ആൻറ് റിസൾട്ട് മാനേജ്മെൻറ്, സമ്പർക്ക പരിശോധന, രോഗ ബാധിതർക്കായുള്ള യാത്ര സംവിധാനത്തിൻറെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യൽ, വിവര വിശകലനം തുടങ്ങിയവ ചെയ്യാൻ ചുമതലപ്പെടുത്തി 16 കമ്മിറ്റികൾ രൂപീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.






   മന്ത്രിമാരുടെ ഏകോപിച്ചുള്ള പ്രവർത്തനവും ഉടനടിയുണ്ടായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനു പുറമേ മറ്റ് മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ കോഴിക്കോട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ഒറ്റ രാത്രി കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ചികിത്സയ്ക്കുള്ള സജ്ജീകരണമൊരുക്കി. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. ഐസിയു കിടക്കകളുടേയും വെൻറിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കി. നിപ രോഗികൾക്ക് മാത്രമായി നെഗറ്റീവ് പ്രഷർ ഐസിയുവും സജ്ജമാക്കി. സമ്പർക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കി. അന്നു തന്നെ ഹൈ റിസ്കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇതുവരെ പരിശോധിച്ച പത്ത് സാമ്പിളുകളും നെഗറ്റീവാണെന്നും കൂടുതൽ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.





  വൈകിട്ടോടെ അതിൻറെ ഫലം ലഭിക്കും. ചില സാമ്പിളുകൾ പൂനയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ചതുപോലെ രാത്രി വൈകി അതിൻറെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.രോഗിയുമായി സമ്പർക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭ്യമാക്കി. അധികമായി ജീവനക്കാരെ നിയമിക്കാനും പരിശീലനം സിദ്ധിച്ചവരെ നിപ ചികിത്സയ്ക്കായി നിയോഗിക്കാനും നടപടികൾ സ്വീകരിച്ചു. എൻക്വയറി കൗണ്ടർ, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടർ, മെഡിക്കൽ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം എന്നിങ്ങനെ മൂന്ന് കൗണ്ടറുകളുൾപ്പെടെയാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നിപ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നത് ഈ കൺട്രോൾ റൂമിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകി കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. 





  പ്രതിരോധം ഏകോപിപ്പിക്കുന്നതിനായി നിപ മാനേജ്മെൻറ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ, സ്വകാര്യം ഉൾപ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതാണ്. എൻസെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്താൻ നിർദേശിച്ചു. ജില്ലകൾ ആവശ്യമെങ്കിൽ നിപ മാനേജ്മെൻറ് പ്ലാൻ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ട്രീറ്റ്മെൻറ് ഗൈഡ്ലൈനും, ഡിസ്ചാർജ് ഗൈഡ്ലൈനും പുറത്തിറക്കി. സംസ്ഥാന, ജില്ലാ, ആശുപത്രിതലങ്ങൾ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്മെൻറിൻറെ ഘടന. എൻ.ഐ.വി. പൂന, എൻ.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് അതി വേഗം കോഴിക്കോട്ട് നിപ പരിശോധനയ്ക്കുള്ള ലാബ് സജ്ജമാക്കിയത്. ടെസ്റ്റ് കിറ്റുകളും റീയേജൻറും മറ്റ് അനുബന്ധ സാമഗ്രികളും എൻ.ഐ.വി. പൂനയിൽ നിന്നും എൻ.ഐ.വി. ആലപ്പുഴയിൽ നിന്നും എത്തിക്കുകയായിരുന്നു.

Find out more: