
കെ-റെയിലിലായി 1383 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. കെ റെയിലിനെതിരെ ഉന്നയിക്കുന്ന എല്ലാ ആക്ഷേപങ്ങൾക്കും പരിഹാരമാണ് സബർബൻ റെയിൽ പാത എന്നും അദ്ദേഹം വിശദീകരിച്ചു. നിലവിലുള്ള റെയിൽപാത ഉപയോഗിച്ചു കൊണ്ടു തന്നെ സബർബൻ റെയിൽപാത നിർമിക്കാൻ 300 ഏക്കർ ഭൂമിയും പതിനായിരം രൂപ മാത്രം ചെലവുമാണ് വരുന്നതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. വിഎസ് സർക്കാരിൻ്റെ കാലത്ത് ബജറ്റിൽ അതിവേഗ റെയിൽപാത പ്രഖ്യാപിക്കുകയും സാധ്യതാപഠനത്തിനായി ഡിഎംആർസിയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് പഠന റിപ്പോർട്ട് കിട്ടിയത്. എന്നാൽ ഭീമമായ ബാധ്യത കണക്കിലെടുത്ത് പദ്ധതി യുഡിഎഫ് സർക്കാർ വേണ്ടെന്നു വെക്കുകയായിരുന്നു.
എന്നാൽ ഇതിനു പകരമായി വ്യക്തമായ നിർദേശം മുന്നോട്ടു വെച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വെച്ച സബർബൻ റെയിൽപാത സിൽവർലൈൻ പാതയ്ക്ക് ബദലാകുമെന്നാണ് മുൻ മുഖ്യമന്ത്രിയുടെ അവകാശവാദം. നിലവിലുള്ള സിഗ്നൽ സംവിധാനം മെച്ചപ്പെടുത്തുകുയും വളവുകൾ നിവർത്തുന്നതും പ്ലാറ്റ്ഫോമുകൾ പുതുക്കിപ്പണിയുന്നതുമാണ് പദ്ധതിയുടെ ഭാഗമായി വരുന്ന ജോലികൾ. പദ്ധതി യാഥാർഥ്യമായാൽ നിലവിലുള്ള ട്രെയിനുകൾ വേഗത്തിൽ ഓടിക്കാനും സാധിക്കും. ഘട്ടം ഘട്ടമായി കണ്ണൂർ വരെ നീട്ടാനായിരുന്നു പദ്ധതി തയ്യാറാക്കിയതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. മെമു മാതൃകയിലുള്ള ട്രയിനുകൾ 20 മിനിട്ട് ഇടവേളയിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പദ്ധതിയ്ക്ക് മൊത്തത്തിൽ പതിനായിരം കോടി രൂപ ചെലവും 300 ഏക്കർ ഭൂമിയും മാത്രമാണ് വേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു. സബർബൻ പദ്ധതിയുടെ പൈലറ്റ് ഘട്ടമെന്ന നിലയ്ക്ക് 1943 കോടിരൂപ ചെലവിൽ ചെങ്ങന്നൂർ വരെയുള്ള 125 കിലോമീറ്റർ പാത ഏറ്റെടുക്കുകയായിരുന്നു. ഇതിനു വേണ്ടത് 70 ഏക്കർ സ്ഥലം മാത്രമാണ്. ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് യുഡിഎഫ് സർക്കാർ കമ്പനി രജിസ്റ്റർ ചെയ്തെങ്കിലും 2014ൽ ഭരണം നഷ്ടപ്പെട്ടതോടെ കേന്ദ്ര പിന്തുണ കുറഞ്ഞെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഈ പദ്ധതിയും വിഎസ് സർക്കാരിൻ്റെ കാലത്തെ അതിവേഗ റെയിൽപാത പദ്ധതിയും ഒഴിവാക്കിയാണ് പിണറായി സർക്കാർ കെ റെയിലുമായി മുന്നോട്ടു പോകുന്നത്.
വൻകിട വികസന പദ്ധതികൾക്ക് യുഡിഎഫ് എതിരല്ലെന്നും എന്നാൽ കേരളത്തെ തകർക്കുന്ന പദ്ധതികൾ വരികയും ബദൽ സാധ്യതകൾ പരിഗണിക്കാതിരിക്കുകയും ചെയ്താൽ ജനങ്ങളോടൊപ്പം ചേർന്ന് പദ്ധതിയെ പ്രതിരോധിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നിലവിലുള്ള റെയിൽവേ ലൈനുകളാണ് ഉപയോഗിക്കുക. ചെങ്ങന്നൂർ വരെ ഇരട്ടപ്പാതയുണ്ടെന്നതും ശബരിമലയുടെ സാന്നിധ്യവും പരിഗണിച്ചാണ് തുടക്കത്തിൽ ഇവിടം പരിഗണിച്ചത്. എല്ലാ അനുമതിയും ലഭിച്ചാൽ ഇത് മൂന്ന് വർഷം കൊണ്ട് നടപ്പാക്കാൻ സാധിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.