കെ റെയിൽ; കല്ലിടാൻ ചെലവ് 20000 രൂപ, ഇതുവരെ ഇട്ടത്  6100 എണ്ണം! പ്രതിഷേധം കനത്തതോടെ ഒരു കല്ല് നാട്ടാൻ 20000 രൂപ ചെലവാകുമെന്നാണ് മനോരമയുടെ റിപ്പോർട്ടിൽ പറയുന്നത്. ഒരു കല്ലിന് കരാറുകാരന് കെ റെയിൽ കോർപ്പറേഷൻ 1000 രൂപയാണ് നൽകുന്നത്. എന്നാൽ ഒരു പ്രദേശത്ത് കല്ലിടണമെങ്കിൽ 10000 രൂപയാണ് ചെലവ്. പ്രതിഷേധം നിയന്ത്രിക്കാൻ പോലീസിന് 6000 മുതൽ 7000 വരെ നൽകണം. മേൽനോട്ട ചെലവ് 1000 രൂപയും ഗതാഗത ചെലവ് 1700 രൂപയുമാണ്.തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കല്ലിടൽ ചെലവേറുമെന്ന് റിപ്പോർട്ട്.24000 കല്ലുകളാണ് സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കേണ്ടത്. ഇതുവരെ 6100 കല്ലുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്.





   നാട്ടിയ കല്ലുകളിൽ ചിലത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലും നാട്ടുകാരുടെ നേതൃത്വത്തിലും പറിച്ചു മാറ്റിയിരുന്നു. റവന്യൂ വകുപ്പിനാണ് കല്ലിടൽ ചുമതല. കല്ല് പിഴുതു മാറ്റുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ചാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്. ചെന്നൈ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് കല്ലിടൽ കരാർ ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് 530 കിമി ദൂരമാണ് സർവേ നടത്തേണ്ടത്. ഇപ്പോൾ 182 കിമി ദൂരം മാത്രമാണ് കല്ലിടൽ പൂർത്തിയാക്കിയിരിക്കുന്നത്. മൂന്ന് കരാറുകാരുടെ നേതൃത്വത്തിലാണ് അതിരടയാള കല്ല് നിർമ്മിച്ച് വിതരണം ചെയ്യുന്നത്. 90 സെന്റീമീറ്ററാണ് ഇവയുടെ നീളം. ഇവയുടെ ടെന്റർ നടപടികൾ മാസങ്ങൾക്ക് മുമ്പ് പൂർത്തിയായിരുന്നു. ഓരോ കല്ലും കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ചവയാണ്.





   പാതയുടെ അതിരു നിർണയിച്ച് സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണ് നിലവിൽ സർവേ നടത്തുന്നത്. അതേസമയം കോഴിക്കോട് കല്ലായി ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ ഭാഗത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ അരങ്ങേറിയത് വൻ പ്രതിഷേധം. രാവിലെ കല്ലിടലിനായി തഹസിൽദാരും പോലീസും ഉൾപ്പെടെ എത്തിയെങ്കിലും ജനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് മടങ്ങുകയായിരുന്നു. എന്നാൽ ഉച്ചയ്ക്കു ശേഷം കല്ലിടൽ നടപടികൾ പുനരാരംഭിക്കാനായി അധികൃതർ മടങ്ങിയെത്തി.





മൂന്നു മണിയോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥ സംഘം ഗൃഹനാഥൻ ഇല്ലാത്ത വീടിൻ്റെ കോമ്പൗണ്ടിൽ കയറി കല്ലിടാൻ കുഴി എടുത്തു. ഇതിനു ശേഷമാണ് വീട്ടുകാരെ വിളിച്ചു വിവരമറിയിച്ചത്. തുടർന്നാണ് വീടിൻ്റെ മുറ്റത്തു കല്ല് സ്ഥാപിച്ചുവെന്ന് വീട്ടുകാ‌ർ അറിയുന്നത്. വീട്ടുകാർ ബഹളം വെച്ചതിനു പിന്നാലെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. എന്നാൽ ഇവരെ പോലീസ് തടഞ്ഞു. നാട്ടുകാരും പോലീസും തമ്മിൽ ദീർഘനേരം വാക്കേറ്റവും ഉന്തും തള്ളും അരങ്ങേറി. ഇതിനിടെ സ്ഥലം രേഖപ്പെടുത്താനായി ഉപയോഗിച്ച പെയിൻ്റ് റോഡിലാകെ പടർന്നു. പോലീസുകാരുടെ യൂണിഫോമിനും ജാക്കറ്റിനും കേടുപാടുകൾ ഉണ്ടായി.

Find out more: