സിൽവർ ലൈൻ പാത; എന്താണ് ഇരുവശത്തുമുള്ള ബഫർ സോൺ? പാതയുടെ അതിരിൽ നിന്നും പത്ത് മീറ്റർ വരെ ബഫർ സോൺ ഉണ്ടെന്നാണ് എംഡി വ്യക്തമാക്കുന്നത്. ഇതിൽ പാതയോട് ചേർന്നുള്ള അഞ്ച് മീറ്ററിൽ നിർമ്മാണം അനുവദിക്കില്ല. ശേഷിക്കുന്ന അഞ്ച് മീറ്ററിൽ നിർമ്മാണം നടത്തണമെങ്കിൽ പ്രത്യേകം അനുമതി ആവശ്യമാണെന്നും കെ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു. സിൽവർ ലൈൻ പാതക്കു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരിൽ നിന്ന് അഞ്ച് മീറ്റർ വരെ നിർമ്മാണം പാടില്ലെന്ന് കെ റെയിൽ എംഡി വി അജിത് കുമാർ. സിൽവർ ലൈൻ പാതയുടെ ഇരു ഭാഗത്തും കമ്പിവേലി നിർമിക്കുമെന്ന് അജിത്കുമാർ പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിയോട് ചേർന്ന സ്ഥലം ഉടമയ്ക്ക് ആവശ്യമില്ലെങ്കിൽ സർക്കാർ ഏറ്റെടുക്കും. കല്ലിടുന്നതുകൊണ്ട് സ്ഥലത്തിന്റെ ക്രയവിക്രയം തടസപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ സർവേയിൽ നിന്നും പിന്മാറില്ലെന്നും അജിത്കുമാർ വ്യക്തമാക്കി.
ഒപ്പം സാമൂഹിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ അലൈൻമെന്റിൽ മാറ്റം വരാം. നഷ്ടപരിഹാരത്തിന്റെ ഒരു വിഹിതം ഉടമയ്ക്ക് സമ്മതമെങ്കിൽ ബോണ്ടായി മാറ്റുന്നതിന് പരിഗണന നൽകും. ഇന്ത്യൻ റെയിൽവേയുടെ പാതയോടു ചേർന്ന 25 മീറ്ററാണ് ബഫർ സോൺ. പാതയുടെ ഇരു വശത്തും അഞ്ച് മീറ്റർ വരെ നിർമ്മാണം അനുവദിക്കില്ല. അഞ്ച് മുതൽ 20 മീറ്റർ വരെയുള്ള ഭാഗത്ത് നിർമ്മാണം നടത്തണമെങ്കിൽ അനുവാദം ആവശ്യമാണ്. അപകടം ഒഴിവാക്കുന്നതിനും ഭാവിയിലെ വികസനം മുൻകൂട്ടി കണ്ടുമാണ് ബഫർ സോണിൽ നിർമ്മാണം വിലക്കുന്നത്.
ബഫർ സോണിൽ പെട്ട സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഇതുവരെ ധാരണയില്ലെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. പാതയോടു ചേർന്ന അഞ്ച് മീറ്ററിൽ നിർമ്മാണം അനുവദിക്കില്ല. നിലവിലുള്ള കെട്ടിടം പൊളിക്കേണ്ടതില്ല. എന്നാൽ പുതുക്കി പണിയാൻ അനുവാദം നൽകില്ലെന്ന് കെ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കിൽ കെ റെയിൽ കല്ല് പിഴുതെറിഞ്ഞ് നടക്കട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുവന്നാലും സംസ്ഥാനത്ത് കെ റെയിൽ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും അത് കേരള ജനതയുടെ ആഗ്രഹമാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ സെമിനാർ നടക്കാതെ പോകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. കെ റെയിൽ കേരളത്തിൽ നടപ്പിലാക്കണമെന്നത് കേരള ജനതയുടെ ആഗ്രഹമാണ്. അത് പ്രതീക്ഷിച്ച വികസനമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.
Find out more: