മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ നാടുകടത്താൻ പോലീസും! മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തി നാടുകടത്താൻ പോലിസിന്റെ നീക്കം. കൂടാതെ ഇതുമായി ബന്ധപെട്ടു ജില്ലാ കലക്ടർക്ക് പോലീസ് ശുപാർശ നൽകി. വെള്ളിയാഴ്ച രാവിലെയാണ് ഫർസീറിനെതിരേയുള്ള കേസ് രേഖകൾ കലക്ടർക്കു കൈമാറിയത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസുകൾ ഉൾപ്പെടെ ചേർത്താണ് പോലീസ് കണ്ണൂർ ജില്ലാ കലക്ടറുടെ അനുമതി തേടിയത്. ഡി.ഐ.ജി തലത്തിൽ നിന്നാണ് കലക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ പോയത്. 





   ഫർസീൻ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽനിന്ന് നാടുകടത്തണമെന്നും ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാണ് പോലിസ് റിപ്പോർട്ട്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉൾപ്പെടുത്തിയാണ് ശുപാർശ നൽകിയിരിക്കുന്നത്. അതേസമയം, ശുപാർശ കലക്ടർ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നൽകി സമിതിക്ക് അയച്ചാൽ മാത്രമേ കാപ്പ നിലനിൽക്കുകയുള്ളൂ. ഇതിനിടയിൽ ഫർസീന് തന്റെ വാദങ്ങൾ പറയാനുള്ള അവസരമുണ്ടാകും. 




  ഫർസീൻ നേരിട്ടോ അദ്ദേഹത്തിന്റെ അഭിഭാഷകനോ സമിതിക്ക് മുന്നിൽ എത്താം. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട നോട്ടിസ് ഫർസീന് നൽകിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഫർസീൻ മജീദിനെ എത്രയുംവേഗം നാടുകടത്തണമെന്നാണ് ആവശ്യം. കാപ്പ ചുമത്തി നേരത്തെ അർജുൻ ആയങ്കിയെ നാടുകടത്തിയെങ്കിലും അപ്പീൽ കോടതി ഇതു നിൽക്കില്ലെന്ന് അറിയിച്ച് കാപ്പ പിൻവലിച്ച സാഹചര്യമുണ്ടായിരുന്നു. രാഷ്ട്രീയമായി പകവീട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനായി പോലീസിനെ ഉപയോഗിക്കുന്നുവെന്നുമാണ് ഫർസീൻ മജീദ് പ്രതികരിച്ചത്. 




രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായുള്ള കേസുകളാണ് കാപ്പയ്ക്കു വേണ്ടി രേഖപ്പെടുത്തിയ റിപോർട്ടിലുള്ളതെന്നും പറയുന്നു. മട്ടന്നൂർ പോലീസാണ് കേസുമായി ബന്ധപ്പെട്ട റിപോർട്ട് തയ്യാറാക്കിയത്. റോഡ് ഉപരോധിച്ച് പ്രകടനം നടത്തിയതുൾപ്പെടെ 2018 മുതൽ ഫർസീന് എതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. ഫർസീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇതിൽ 12 കേസുകളും കോവിഡ് കാലത്തെ നിയമന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതിൽ പലതും അവസാനിച്ചു.

Find out more: