വ്യാജസർട്ടിഫിക്കറ്റ്: ആശയക്കുഴപ്പം സൃഷ്ടിച്ച് സ്ഥലനാമം! മേപ്പയ്യൂരിനടുത്ത ചെറുവണ്ണൂർ ആവള കുട്ടോത്ത് നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് ബുധനാഴ്ച രാത്രി പുറത്തുവന്നിരുന്നത്. ഇതിനു പിന്നാലെ പ്രദേശത്തും മേപ്പയ്യൂർ പോലീസ് സ്‌റ്റേഷനു മുന്നിലും പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധവും മറ്റും നടന്നു. വ്യാഴാഴ്ച പകൽ കോൺഗ്രസും യൂത്ത്‌ലീഗും മേപ്പയ്യൂർ പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. ആവള മഠത്തിൽമുക്കിൽ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. വിദ്യ താമസിച്ച ആവള കുട്ടോത്തെ വീട്ടുകാരെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നായിരുന്നു കോൺഗ്രസ്-ബിജെപി നേതാക്കളുടെ ആരോപണം. വ്യാജസർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ കെ വിദ്യ ഒളിവിൽക്കഴിഞ്ഞ സ്ഥലത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പവും ആരോപണങ്ങളും ചർച്ചകളും അവസാനിക്കുന്നില്ല.എന്നാൽ വ്യാഴാഴ്ച വൈകിട്ട് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്തുവന്നതോടെ കഥ മാറിമറിഞ്ഞു. 





വിദ്യയെ കസ്റ്റഡിയിലെടുത്തത് വടകരയ്ക്കടുത്തുള്ള വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുട്ടോത്ത് നിന്നാണെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. രണ്ടിടത്തും കുട്ടോത്ത് എന്നു പേരിലുള്ള സ്ഥലം ഉള്ളതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ബുധനാഴ്ച വൈകുന്നേരം 5.40ന് വടകര വില്യാപ്പള്ളിയിലെ കുട്ടോത്ത് വി.ആർ നിവാസിൽ രാഘവന്റെ വീട്ടിൽ നിന്നു വിദ്യയെ പിടികൂടിയെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇതിൽപ്പറയുന്ന റിട്ടയേർഡ് സർക്കാർ ജീവനക്കാരൻ രാഘവൻ സിപിഎം അനുഭാവിയാണ്. ഇദ്ദേഹത്തിന്റെ മകൻ കാലിക്കട്ട് സർവകലാശാലയിലെ സജീവ എസ്എഫ്‌ഐ പ്രവർത്തകനായിരുന്നു. ഇയാളിപ്പോൾ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി ജോലി ചെയ്യുകയാണ്. ഇതിനൊപ്പം കാലിക്കട്ട് സർവകലാശാലയയിൽ ഫോക്‌ലോർ വിഷയത്തിൽ ഗവേഷണവും നടത്തുന്നുണ്ട്. കെ വിദ്യ ഒളിവിൽക്കഴിഞ്ഞത് ആവള കുട്ടോത്തെ സിപിഎം നേതാവിന്റെ വീട്ടിൽത്തന്നെയാണെന്ന് കോൺഗ്രസ് ആരോപിച്ചു.






ഇവിടെ വിദ്യയെ കണ്ടവരുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ കൃത്രിമം കാണിച്ചാണ് വടകര കുട്ടോത്ത് എന്നാക്കിയതെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ പറഞ്ഞു. ആവള കുട്ടോത്തെ റോഡരികിൽ നിന്നു പിടികൂടിയെന്ന് ആദ്യം പറഞ്ഞ പോലീസ് ഒറ്റയടിക്ക് മലക്കം മറിഞ്ഞാണ് വടകര കുട്ടോത്ത് എന്നാക്കിയത്. ആവളയിൽ വിദ്യാ താമസിച്ച വീട്ടുകാരെ ചോദ്യം ചെയ്താൽ ഒരു എംഎൽഎ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണമെത്തും. ഇതിനാലാണ് റിമാൻഡ് റിപ്പോർട്ടിൽ തെറ്റായ കാര്യം ചേർത്തത്. വടകര കുട്ടോത്തെ രാഘവന്റെ വീട്ടിൽ നിന്നാണ് പിടികൂടിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞനിലയ്ക്ക് രാഘവനെയും മകനെയും അറസ്റ്റു ചെയ്യണമെന്നും പ്രവീൺകുമാർ ആവശ്യപ്പെട്ടു.കെ വിദ്യയുടെ ഒളിയിടത്തിന്റെ പേരിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും അപവാദപ്രചാരണം നടത്തി കലാപത്തിന് ശ്രമിച്ചെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.




വില്യാപ്പള്ളി കുട്ടോത്ത് നിന്നാണ് വിദ്യ കസ്റ്റഡിയിലായത് എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. എന്നാൽ ആവള കുട്ടോത്ത് നിന്നാണെന്ന് മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു. ഇതോടെ യുഡിഎഫും ബിജെപിയും കാള പെറ്റെന്നു കേട്ട് കയറെടുത്തതു പോലെ സമരത്തിനിറങ്ങുകയാണുണ്ടായത്. സിപിഎം നേതാക്കൾക്കും പരിഷത്ത് നേതാക്കൾക്കുമെതിരേ ഡിസിസി പ്രസിഡന്റഉം യൂത്ത് കോൺഗ്രസ്, കെഎസ് യു നേതാക്കളും ഇല്ലാത്ത കാര്യങ്ങൾ പരസ്യമായി പ്രസംഗിച്ചു. ചാനലുകാർ വീടുകയറി അന്വേഷണം നടത്തുന്ന സാഹചര്യവുമുണ്ടായി. യുഡിഎഫും ബിജെപിയും നടത്തിയ റോഡ് ഉപരോധമുൾപ്പെടെയുള്ള സമരങ്ങൾ ജനങ്ങളെ വലച്ചു. സമരത്തിന്റെ പേരിൽ പോലീസിനെ ആക്രമിച്ചു. ഇവർക്കെതിരേ കേസെടുത്ത് കർശനനടപടി സ്വീകരിക്കണമെന്നും സിപിഎം നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Find out more: