ഇന്ത്യയിലെ ഏറ്റവും ഉയരമേറിയ വ്യൂ ടവർ: ആകാശത്തിൽ അത്ഭുതം നിറയ്ക്കുന്ന സ്കൈഡെക്ക്; പ്രപ്പോസലുമായി ഡികെ ശിവകുമാർ! വൻ വികസന പരിപാടികളാണ് പുതിയ സർക്കാർ നഗരത്തിൽ നടപ്പാക്കാനൊരുങ്ങുന്നത്. 30 കിലോമീറ്റർ നീളമുള്ള ഒരു ടണൽ റോഡ് ബെംഗളൂരുവിൽ നിർമ്മിക്കാൻ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു. 50,000 കോടി രൂപയെങ്കിലും ചെലവ് വരുന്ന ഈ പദ്ധതിയുടെ പ്രഖ്യാപനത്തിനു പിന്നാലെ മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ബെംഗളൂരു സ്കൈ ഡെക്ക് പ്രോജക്ട് എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ബെംഗളൂരു ഡവലപ്മെന്റ് മന്ത്രികൂടിയാണ് ഡികെ. പാരിസിന് ഈഫൽ ടവറെന്ന പോലെ, ന്യൂയോർക്കിന് സ്റ്റാച്യൂ ഓഫ് ലിബർട്ടിയെന്ന പോലെ ബെംഗളൂരു നഗരത്തിന് ഒരു ഐക്കണിക് ടവർ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് കർണാടക സർക്കാർ.സ്കൈഡെക്ക് അഥവാ ഒബ്സർവ്വേഷൻ ഡെക്ക് എന്നറിയപ്പെടുന്ന ഉയരമേറിയ വാസ്തുമാതൃകകൾ രാജ്യത്തെമ്പാടും ഇന്നുണ്ട്.





നഗരങ്ങളിലും, കടലോരങ്ങളിലുമെല്ലാം ഇത്തരം ഡെക്കുകൾ സ്ഥാപിക്കപ്പെടുന്നു. പണ്ടുകാലങ്ങളിൽ കടൽത്തീരത്ത് കപ്പലുകൾക്ക് വഴികാട്ടാനായി സ്ഥാപിച്ചിരുന്ന ലൈറ്റ് ഹൗസുകൾക്ക് സമാനമായ കെട്ടിങ്ങളെന്ന് പറയാം. ഇന്നത്തെ ഒബ്സർവേഷൻ ഡെക്കുകൾ പക്ഷെ വെറും നിരീക്ഷണത്തിനു വേണ്ടി മാത്രമുള്ളതല്ല. അതൊരു വലിയ ബിസിനസ് കേന്ദ്രം കൂടിയായിരിക്കും. ശരിയായ ഉദ്ദേശ്യം തന്നെ ബിസിനസ്സാണെന്ന് പറഞ്ഞാലും തെറ്റാവില്ല. സ്കൈഡെക്കിലേക്ക് ആകാശക്കാഴ്ചയ്ക്കായി ജനങ്ങളൊഴുകും. സ്കൈഡെക്കിന് താഴെയായി അവരെ സ്വീകരിക്കുക കച്ചവട കേന്ദ്രങ്ങളായിരിക്കും. ഈ പദ്ധതി സംബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഡികെ ശിവകുമാർ കുറിച്ചപ്പോൾ പലരും മുഖംചുളിച്ചു. നഗരത്തിൽ റോഡുകളിൽ കുണ്ടുംകുഴിയുമാണെന്നും, അവ അടയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നുമെല്ലാം ചിലർ കമന്റ് ചെയ്തു.





ഏത് വികസനപദ്ധതി വരുമ്പോഴും വരാനിടയുള്ള നെഗറ്റീവ് കമന്റ്സ് തന്നെ. എന്നാൽ ഡികെയുടെയും സംസ്ഥാന സർക്കാരിന്റെയും മനസ്സിൽ മറ്റൊന്നാണ്. അതാണ് 'ബ്രാൻഡ് ബെംഗളൂരു!' കണ്ഠീരവ സ്റ്റേഡിയത്തിനും വിധാൻ സൗധയ്ക്കുമെല്ലാം അടുത്തായിത്തന്നെ കാണണം പത്തേക്കർ സ്ഥലം. നഗരത്തിന്റെ കേന്ദ്രത്തിൽ തന്നെ.250 മീറ്റർ ഉയരമുണ്ടായിരിക്കും ഈ ടവറിന്. സ്കൈഡെക്ക് സ്ഥാപിക്കാൻ 10 ഏക്കറോളം സ്ഥലം ആവശ്യമാണ്. അതും നഗരകേന്ദ്രത്തിൽ തന്നെ വേണം. ആവശ്യമായ സ്ഥലം കണ്ടെത്താൻ നഗരവികസന വകുപ്പിനോട് മന്ത്രി ഡികെ ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയുടെ ചെലവ് സംബന്ധിച്ച് ഇതുവരെ വ്യക്ത വന്നിട്ടില്ല. പ്രപ്പോസൽ വെച്ചിട്ടേയുള്ളൂ.സ്കൈഡെക്ക് ടവറിന്റെ ആകൃതി എന്തായിരിക്കുമെന്ന് ഡികെ ശിവകുമാറിന്റെ എക്സ് പോസ്റ്റിലുണ്ട്. വാസ്തുപരമായി അതിമനോഹരമായിരിക്കും ഈ ബിൽഡിങ്. ആൽമരം പിണഞ്ഞുപടർന്നു പോകുന്നതിന്റെ മാതൃകയിലായിരിക്കും ഡിസൈൻ.





ഏറ്റവും മുകളിലായി സ്കൈഡെക്ക് അഥവാ ഒബ്സർവേഷൻ ഡെക്ക് അഥവാ നിരീക്ഷണകേന്ദ്രം ഉണ്ടായിരിക്കും. ചില്ലിട്ട ഈ സ്ഥലത്തുനിന്ന് നഗരത്തെ വീക്ഷിക്കാം. ആകാശത്തെ ഈ ഭാഗത്തിന് വാസ്തുശിൽപ്പികൾ പൂവിരിയുന്നതിന്റെ ആകൃതിയാണ് നൽകുന്നത്. ആൽമരം പോലെ കെട്ടുപിണഞ്ഞുകിടക്കുന്ന ശാഖകളും ഉപശാഖകളുമെല്ലാമായി അത്യന്തം സങ്കീർണവുമായിരിക്കും കെട്ടിടം.മൂന്ന് ഭാഗങ്ങളായാണ് ഈ 250 മീറ്റർ ഉയരമുള്ള കെട്ടിടത്തെ ഭാഗിച്ചിരിക്കുന്നത്. ബേസ്, ട്രങ്ക്, ബ്ലോസം എന്നിങ്ങനെ. പ്രകൃതിഭംഗി ആസ്വദിക്കുമ്പോൾ ലഭിക്കുന്ന ഒരു ഫീൽ നൽകും കെട്ടിടത്തിന്റെ ഡിസൈൻ. ഏറ്റവും മുകൾഭാഗത്ത് നിരീക്ഷണ കേന്ദ്രമുണ്ടാകുമെന്ന് പറഞ്ഞുവല്ലോ. ഒപ്പം ഒരു റോളർകോസ്റ്റർ കൂടിയുണ്ടാകും.





നിരവധിയായ എന്റർടെയ്ൻമെന്റ് സംവിധാനങ്ങളും ഈ കേന്ദ്രത്തിൽ ഒരുക്കും. തിയറ്ററുകൾ, സ്കൈ ഗാർഡൻ, ഷോപ്പിങ് കേന്ദ്രങ്ങൾ, റെസ്റ്ററന്റുകൾ തുടങ്ങിയവയെല്ലാം. ബാറും ഒരു വിഐപി ഏരിയയുമെല്ലാം ഇതിൽ കാണാനാകും. ഭൂമിയുടെ ഗുരുത്വാകർഷണത്തെ അതിവിദഗ്ധമായി ഉപയോഗപ്പെടുത്തി മികച്ചൊരു വാസ്തുമാതൃക തന്നെയാക്കി കെട്ടിടത്തെ മാറ്റുമെന്നാണ് കെട്ടിടം നിർമ്മിക്കുന്ന വാസ്തുശിൽപ്പികൾ പറയുന്നത്. കൂപ് ഹിമ്മെൽബോ (Coop Himmelb(l)au) എന്ന ഓസ്ട്രിയൻ കമ്പനിയാണ് സ്കൈഡെക്ക് ഡിസൈൻ നിർവ്വഹിച്ചത്. ബെംഗളൂരുവിലെ വേൾഡ് ഡിസൈൻ ഓർഗനൈസേഷനുമായി ചേർന്നായിരുന്നു രൂപകൽപ്പന.

Find out more: