ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥി; നിർത്താതെ പോയി കെഎസ്ആർടിസി!  ബസ് നിർത്താനോ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാനോ കെഎസ്ആർടിസി ജീവനക്കാർ ശ്രമിച്ചില്ല. വിദ്യാർഥി പുറത്തേക്കു വീണെന്ന് സഹപാഠികൾ പറഞ്ഞിട്ടും ബസ് നിർത്താതെ പോയി. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് വിദ്യാർഥി തെറിച്ചുവീണത് അറിഞ്ഞിട്ടും വിദ്യാർഥിയെ വഴിയിൽ ഉപേക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ.ബസിൽ തിരക്ക് ഉണ്ടായിരുന്നതിനാൽ നിഖിലും സുഹൃത്തുക്കളും വാതിൽപടിയിൽ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് വേഗത്തിൽ വളവ് തിരിഞ്ഞപ്പോൾ നിഖിൽ വാതിൽ തുറന്നു പുറത്തേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ നിഖിലിന്റെ തലയ്ക്കും മുഖത്തും കാൽമുട്ടുകൾക്കും പരിക്കേറ്റു.20 ചൊവ്വാഴ്ച വൈകിട്ട് 4.15 നു എഴുകോൺ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം നടന്നത്. 




  എഴുകോൺ ടെക്‌നിക്കൽ സ്‌കൂളിലെ 9ാം ക്ലാസ് വിദ്യാർഥി നാന്തിരിക്കൽ ഷീബ ഭവനിൽ സുനിൽ, ഷീന ദമ്പതികളുടെ മകൻ നിഖിൽ സുനിലി (14) നാണ് പരിക്കേറ്റത്. സ്‌കൂൾ വിട്ടശേഷം കൊട്ടാരക്കരയിൽ നിന്നുള്ള കരുനാഗപ്പള്ളി ബസിൽ തിരികെ വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.നിഖിൽ ബസിന് പുറത്തേക്ക് വീണെന്ന് പറഞ്ഞിട്ടും ബസ് നിർത്തിയില്ല. ബഹളം വെച്ചപ്പോൾ അരകിലോമീറ്ററോളം മാറി ചീരങ്കാവ് ജംഗ്ഷനിൽ നിർത്തി കുട്ടികളെ ഇറക്കി വിട്ടശേഷം ബസ് യാത്ര തുടർന്നു. നിഖിൽ തെറിച്ചു വീഴുന്നതു കണ്ട ബസിന് പിന്നാലെ വന്ന ബൈക്ക് യാത്രികനും എതിരെ വന്ന കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ ഹോം ഗാർഡ് ചീരഹങ്കാവ് സ്വദേശി സുരേഷ് ബാബുവുമാണ് നിഖിലിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.




  നിഖിലിനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. വീട്ടുകാർ പരാതിയുമായി കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ എത്തിയപ്പോൾ സംഭവത്തെ പറ്റി അറിയില്ലെന്ന് അധികൃതർ പറഞ്ഞു.അപകടം നടന്ന ഉടൻ ബസ് നിർത്തിയിരുന്നുവെന്ന വാദമാണ് കെഎസ്ആർടിസി ഉന്നയിക്കുന്നത്. നിഖിൽ ബസിൽ നിന്ന് തെറിച്ച് വീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കെഎസ്ആർടിസി വെട്ടിലായി. അപകടം നടന്നിട്ടും കെഎസ്ആർടിസി ബസ് നിർത്താതെ മുന്നോട്ട് പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. നിഖിലിൻ്റെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്. 




 
 ബസിന് പിറകെ സഞ്ചരിച്ചിരുന്നവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് കാരണമാണ് ജീവനക്കാർ പുറത്തിറങ്ങാതിരുന്നതെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.  'ചൊവ്വാഴ്ച വൈകീട്ട് നാലേകാലിനാണ് സംഭവം. എഴുകോൺ ബസ് സ്റ്റാൻഡിൽ നിന്നാണ് കെഎസ്ആർടിസി ബസിൽ കയറിയത്. എഴുകോൺ പെട്രോൾ പമ്പിനു മുന്നിൽ വെച്ചാണ് ഡോർ വഴി പുറത്തേക്ക് വീണത്. പോലീസുകാരനാണ് ആശുപത്രിയിൽ എത്തിച്ചത്. ബസ് നിർത്തിയില്ല. കൂട്ടുകാർ പറഞ്ഞപ്പോൾ അവരെ ബസിൽ നിന്ന് ഇറക്കിവിട്ട ശേഷം ബസ് പോയി. ജീവനക്കാർ നോക്കാൻ പോലും വന്നില്ല. കൂട്ടുകാർ സ്കൂളിലെത്തി സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും അവരാണ് വീട്ടുകാരെ വിളിച്ചുവരുത്തിയത്'- നിഖിൽ വിശദമാക്കി.

Find out more: