മനുഷ്യ ശരീരത്തെയും അവയവങ്ങളെയും ആസ്പദമാക്കിയുള്ള കലാസൃഷ്ടികൾക്ക് വിമർശനങ്ങൾ ഏറുന്നുവോ? അതിന് ദേശത്തിൻറെയോ, ഭാഷയുടെയോ അതിർവരമ്പുകൾ ഉണ്ടാകാറുമില്ല. ഇപ്പോഴിതാ ബ്രിസീലിൽ നിന്നുള്ള ഒരു ശിൽപ്പമാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്.  റൂറൽ മേഖലയിലെ ഒരു ആർട്ട് പാർക്കിൽ വിഷ്വൽ ആർട്ടിസ്റ്റായ ജൂലിയാന നോതാരി ഒരുക്കിയ യോനി ശിൽപ്പമാണ് പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. അതേസമയം ശിൽപ്പത്തെ പിന്തുണച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.  ജൂലിയാന നോതാരി ഒരുക്കിയ യോനി ശിൽപ്പത്തിനുള്ളത്. 33 മീറ്റർ ഉയരമാണ്. 'ഡിവ' എന്ന പേര് നൽകിയിരിക്കുന്ന ശിൽപ്പം ശ്രദ്ധ നേടാനുള്ള പ്രധാന കാരണം അതിൻറെ വലിപ്പം തന്നെയാണ്. 33 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള ശിൽപ്പം റൂറൽ മേഖലയിലെ ആർട്ട് പാർക്കിലാണ് നിർമ്മിച്ചിരിക്കുന്നത്.


  20 കലാകാരന്മാർ 11 മാസം കൊണ്ടാണ് ശിൽപ്പത്തിൻറെ പണി പൂർത്തിയാക്കിയതെന്ന് ശിൽപ്പത്തിൻറെയും നിർമ്മാണത്തിൻറെയും ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിലൂടെ ഇവർ വ്യക്തമാക്കുകയും ചെയ്തു.  താൻ ചിത്രീകരിച്ചിരിക്കുന്നത് യോനിയും മുറിവുമാണെന്നും ഇത് മനുഷ്യ കേന്ദ്രീകൃത- ആൺ മേൽക്കോയ്മ നിലനിൽക്കുന്ന ഈ പശ്ചാത്ത്യ സമൂഹത്തിൽ പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യാനും ലിംഗഭേദ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രേരണ നൽകാനുമാണെന്നാണ് നോതാരി പറയുന്നത്. ഈ കാലത്ത് ഇത്തരം പ്രശ്നങ്ങൾ കൂടി വരികയാണെന്നും ഇവർ പറയുന്നു.  ജൂലിയാന നോതാരി തൻറെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് ഇതിനോടകം വിവാദത്തിലകപ്പെട്ടിരിക്കുകയാണ്.



 കൈ കൊണ്ട് നിർമ്മിച്ച വലിയ ശിൽപ്പമായ ഡിവയെക്കുറിച്ച് നോതാരി ഡിസംബർ 31നായിരുന്നു പോസ്റ്റ് ഇട്ടത്. എന്നാൽ സംസ്കാരിക മൂല്യങ്ങളെന്നും മറ്റും വിമർശനങ്ങളുമായി നിരവധിയാളുകൾ രംഗത്തെത്തിയതോടെ ശിൽപ്പത്തെയും നോതാരിയെയും എതിർത്തും അനുകൂലിച്ചും ചർച്ച ആരംഭിക്കുകയായരുന്നു. ഇതിനോടകം 26,000ത്തിലധികം കമൻറുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്. പൊതുസ്ഥലത്താണ് ശിൽപ്പം ഒരുക്കിയിരിക്കുന്നത് എന്നത് കൊണ്ട് തന്നെ, കുടുംബവുമായി എത്തുമ്പോൾ കുട്ടികളോട് ഇതിനെക്കുറിച്ച് എങ്ങനെ സംസാരിക്കും എന്നാണ് ഒരാൾ ചോദിക്കുന്നത്. 'എല്ലാ ബഹുമാനത്തോട് കൂടിയും പറയട്ടെ, എനിക്ക് ഇത് ഇഷ്ടപ്പെട്ടില്ല.



 
 ഈ പാർക്കിലൂടെ ഞാൻ എൻറെ ചെറിയ പെൺമക്കൾക്കൊപ്പം നടക്കുകയാണെന്ന് സങ്കൽപ്പിക്കുക, ഡാഡി, ഇത് എന്താണെന്ന് അവർ ചോദിക്കുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും?' ഒരാൾ കമൻറ് ബോക്സിൽ കുറിച്ചു. അതേസമയം നോതാരിയെ പിന്തുണച്ച് രംഗത്തെത്തിയ ഒരു യുവതി മുകളിലെ കമൻറിന് നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. 'എല്ലാ ആദരവോടും കൂടി പറയട്ടെ, സ്വന്തം ജനനേന്ദ്രിയത്തെ കുറിച്ച് ലജ്ജിക്കാൻ പാടില്ലെന്ന് നിങ്ങളുടെ പെൺകുട്ടികളെ പഠിപ്പിക്കാൻ കഴിയും.' എന്നായിരുന്നു യുവതി കുറിച്ചത്. സമാനമായ നിരവധി പ്രതികരണങ്ങളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. വിമർശനങ്ങൾക്കൊപ്പം തന്നെ പിന്തുണയും ലഭിക്കുന്നത് എന്നതാണ് വിഷയത്തെ ചൂടുള്ള ചർച്ചയാക്കിയിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: