വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് ഹെലികോപ്റ്റർ സവാരി; ഫ്‌ളാഗ് ഓഫ് 25ന് നടത്തും! ഡിസംബർ 25ന് അഴീക്കോട് ബീച്ചിൽ നിന്നാരംഭിക്കുന്ന ഹെലികോപ്റ്റർ സവാരി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും.ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിൽ ആകാശയാത്ര സംഘടിപ്പിക്കുന്നു.കൊടുങ്ങല്ലൂർ മുസിരിസ് ഫ്‌ലൈയിങ് ക്ലബ്, അതിരപ്പള്ളി സിൽവർ സ്റ്റോം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ആകാശയാത്ര.വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, തളിക്കുളം സ്‌നേഹതീരം ബീച്ച് എന്നിവിടങ്ങളിലേക്കും മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന ആരാധനാലയങ്ങളായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്, അഴീക്കോട് മാർത്തോമ ദേവാലയം, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, കൂടാതെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം എന്നിവിടങ്ങളിലേക്കുമാണ് ആകാശയാത്ര നടത്തുന്നത്.



 അഴീക്കോട് ബീച്ചിൽ നിന്ന് മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലൂടെയുള്ള ഏഴ് മിനിറ്റ് യാത്രയ്ക്ക്, 3599 രൂപയും അതിരപ്പിള്ളിയിലേക്കുള്ള 30 മിനിറ്റ് യാത്രയ്ക്ക് 10,999 രൂപയും തൃപ്രയാർ ക്ഷേത്രം, സ്‌നേഹതീരം ബീച്ച് തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള 15 മിനിറ്റ് യാത്രയ്ക്ക് 6,666 രൂപയുമാണ് നിരക്ക്. നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രമാണ് ആകാശ യാത്രയ്ക്ക് അനുമതി. അതോടൊപ്പം തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുകയാണ്. ചരിത്ര സ്മാരകമായ പദ്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന ഈ പൈതൃക ടൂറിസം പദ്ധതിയുടെ രൂപരേഖ തയാറായി. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ലോകപ്രസിദ്ധമായ ആഭാ നാരായണൻ ലാംബ അസോസിയേറ്റ്സാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്.ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരവും കിഴക്കേക്കോട്ടയും എംജി റോഡ് മുതൽ വെള്ളയമ്പലം വരെ പ്രൗഢഭംഗിയാർന്ന 19 കെട്ടിട സമുച്ചയങ്ങളാണ് അത്യാധുനിക പ്രകാശ സംവിധാനങ്ങൾ സ്ഥാപിച്ച് മനോഹരമാക്കുക.



 കിഴക്കേകോട്ട മുതൽ ഈഞ്ചക്കൽ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാൽ ആകർഷകമാക്കും. കാലപ്പഴക്കത്താൽ നാശോൻമുഖമായ ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിക്കാനും തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കും.തിരുവനന്തപുരത്തെ പൗരാണിക ഭംഗിയേറിയ ചരിത്ര പ്രാധാന്യമുള്ള കെട്ടിട സമുച്ചയങ്ങളെ ആകർഷകമാക്കി സംരക്ഷിക്കുന്നത് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.




  ദീപ പ്രഭയിൽ തിളങ്ങുന്ന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഡിജിറ്റൽ സംവിധാനത്തിലൂടെ ആവിഷ്‌കരിക്കും. ഒരു സംസ്ഥാന തലസ്ഥാന മന്ദിരം തന്നെ ചരിത്ര മ്യൂസിയമായി മാറുമെന്ന പ്രത്യേകത കൂടി ഈ പദ്ധതിക്കുണ്ട്. തിരുവനന്തപുരത്തിന്റെ പ്രൗഢിയാർന്ന കെട്ടിടങ്ങൾ എല്ലാം അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാൽ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറും. 

Find out more: