ജെഡിഎസ് - എൻഡിഎ ബന്ധത്തിന് പിണറായി കൂട്ടുനിന്നത് കരുവന്നൂർ അന്വേഷണം അട്ടിമറിക്കാനെന്ന് വിഡി സതീശൻ! പിണറായിയുടെ സമ്മതത്തോടെയാണ് ജെഡിഎസ് ബിജെപിയിലേക്ക് ചേക്കേറിയതെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരമാണ്. എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിയും ജെഡിഎസ് എൻഡിഎ മുന്നണിയിൽ ചേരുന്നതിന് സമ്മതം നൽകിയെന്നാണ് വെളിപ്പെടുത്തൽ. എൻഡിഎ മുന്നണിയിൽ അംഗമായ പാർട്ടിയുടെ പ്രതിനിധി പിണറായി വിജയൻറെ എൽഡിഎഫ് സർക്കാരിൽ അംഗമാണെന്നത് വിചിത്രമാണ്. ഇതു സംബന്ധിച്ച് ഒരു പ്രതികരണവും ഇതുവരെ മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  കരുവന്നൂർ ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണവും ഒത്തുതീർപ്പിലേക്ക് പോകുകയാണ്.




   ഒത്തുതീർപ്പിൻറെ ഭാഗമായി തൃശൂർ പാർലമെൻറ് സീറ്റിലും നീക്കുപോക്കുണ്ടാകുമോയെന്ന് ഞങ്ങൾ ഭയപ്പെടുകയാണ്. ആ രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എൽഡിഎഫ് മന്ത്രിസഭയിൽ ബിജെപി മുന്നണിയിലെ പ്രതിനിധി ഇരിക്കുന്നത് എത്ര അപമാനകരമാണ്. ബിജെപിയിൽ ചേരാൻ പാടില്ലെന്ന് നിലാപാടെടുത്ത കാർണാടകത്തിലെ ജെഡിഎസ് അധ്യക്ഷനെ പാർട്ടിയിൽ നിന്നും പുറത്താക്കി. പക്ഷെ കേരള ഘടകത്തിലെ ആരെയും പുറത്താക്കി ജെഡിഎസ് പ്രതിനിധിയെ മന്ത്രിസഭയിൽ ഉറപ്പിച്ച് നിർത്താമെന്ന് പിണറായി വിജയൻ ദേവഗൗഡയ്ക്ക് വാക്കു കൊടുത്തു. സിപിഎമ്മിൻറെ യാഥാർത്ഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പിണറായിയുടെ തുടർ ഭരണത്തിന് കാരണമായതും ബിജെപി- സിപിഎം അവിഹിത കൂട്ടുകെട്ടാണ്.



   സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതികളിലെ അന്വേഷണം അവസാനിപ്പിക്കാൻ കാരണവും ഈ കൂട്ടുകെട്ടാണ്. ദേശീയതലത്തിൽ വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ രൂപീകരിച്ച ഇന്ത്യ മുന്നണിയിലേക്ക് സിപിഎം പ്രതിനിധിയെ അയയ്‌ക്കേണ്ടെന്ന തീരുമനം പാർട്ടി കേന്ദ്ര നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചതും സിപിഎം കേരള നേതൃത്വമാണ്. ബിജെപി പിണറായി സർക്കാരിനെയും സിപിഎമ്മിനെയും വിരട്ടി നിർത്തിയിരിക്കുകയാണ്. ബിജെപിയും സംഘപരിവാറുമാണ് കേരളത്തിലെ ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. 




എൻഡിഎ മുന്നണിയുടെ ഭാഗമായ പാർട്ടിയുടെ പ്രതിനിധിയായ മന്ത്രിയെ 24 മണിക്കൂറിനകം പുറത്താക്കണമെന്ന് പിണറായി വിജയനോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. എൻഡിഎ പ്ലസ് എൽഡിഎഫാണെന്ന പരിഹാസത്തിലും മുഖ്യമന്ത്രിക്ക് പ്രതികരണമില്ല. കേരള മുഖ്യമന്ത്രിയുമായും ജെഡിഎസുമായും ബന്ധപ്പെടുത്തിയത് ബിജെപി നേതാക്കളാണെന്ന് ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ വ്യക്തമായിരിക്കുകയാണ്. പിണറായി വിജയനും സിപിഎമ്മിനും ബിജെപിയുമായി അവിഹിത ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്ന് അദ്ദേഹം പറഞ്ഞു.

Find out more: