1979 മുതലാണ് ഭക്ഷ്യ ദിനാഘോഷം ആരംഭിക്കുന്നത്. 1945 ഒക്ടോബര്‍ 16 നാണ് ഐക്യരാഷ്ട്രസഭ ഭക്ഷ്യ കാര്‍ഷിക സംഘടന രൂപീകരിച്ചത്. ആ ഓര്‍മ നിലനിര്‍ത്തുന്നതിനാണ് എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം ആയി ആചരിക്കപ്പെടുന്നത്. ലോകത്തെ 150 രാജ്യങ്ങളില്‍ ഈ ആഘോഷം നടക്കുന്നുണ്ട്
ലോകമെമ്പാടും പിഞ്ചുകുട്ടികളും വയോവൃദ്ധരും ഉള്‍പെടെ ലക്ഷക്കണക്കിന് ആളുകളാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്. വർണ്ണ—വർഗ്ഗ വിവേചനം പോലെ ഭക്ഷണ കാര്യത്തിലും വലിയൊരു അന്തരം ലോകജനതയ്ക്കിടയിൽ വിട്ടുമാറാതെ നില നില്ക്കുന്നുണ്ട്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വലിയ ഒരന്തരം. ഒരു ഭാഗത്ത് സമൃദ്ധി കാരണം കൊളസ്ട്രോളും ഒബിസിറ്റിയും പോലുള്ള ‘ലൈഫ് സ്റ്റൈൽ’ രോഗങ്ങൾക്ക് ചികിത്സ തേടുമ്പോൾ, മറുഭാഗത്ത് ഒരു നേരത്തെ വിശപ്പടക്കാൻ കാത്തിരിക്കുന്നവരാണ് .
ലോകത്തിലെ സമ്പന്നർ ഒരു ദിവസം വലിച്ചെറിയുന്ന ഭക്ഷ്യ വസ്തുക്കൾ മതി ഒരു വലിയ വിഭാഗത്തിന്റെ വിശപ്പടക്കാൻ. ഏതാണ്ട് 222 മില്യൺ ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് ഇതുവരെ മാത്രം ഈ വർഷം പാഴാക്കി കളഞ്ഞത്.
ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത് ഗ്രാമപ്രദേശത്താണ്. അവിടെ കൃഷിയാണ് വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും ജീവിക്കാനുള്ള മാര്‍ഗ്ഗവും. ലോകത്തെങ്ങും കാര്‍ഷിക മേഖലയ്ക്കുള്ള വിദേശ നിക്ഷേപം 20 കൊല്ലമായി കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
ദാരിദ്ര്യവും പട്ടിണിയും എറ്റവും കൂടുതൽ ബാധിക്കുന്നതും കുഞ്ഞുങ്ങളെയാണ്. സോമാലിയ പോലുള്ള രാജ്യങ്ങളിൽ കടുത്ത പട്ടിണി മൂലം മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിനു ഇന്നും ഒരു കുറവുമില്ല. ലോകത്തിലെ 3 മില്യണിൽ കൂടുതൽ വരുന്ന കുട്ടികൾ കടുത്ത ദാരിദ്ര്യത്തിന്റെ ഇരകളാണെന്ന് യുണിസെഫ് വ്യക്തമാക്കുന്നു.
2050 ഓടെ ലോകത്തിലെ മൊത്തം ജനസംഖ്യ 9 ബില്യൺ കവിയുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. ഇത്രയും വലിയ ജനസംഖ്യയെ തീറ്റിപ്പോറ്റാൻ ഇപ്പോഴുള്ളതിന്റെ ഇരട്ടി ഭക്ഷ്യ ധാന്യങ്ങൾ വേണ്ടി വരും. ഇതിനായി കൃഷി രീതികളിൽ വലിയ മാറ്റങ്ങൽ വേണ്ടിവരും എന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്കുന്നു.
ഭക്ഷണ വസ്തുക്കൾ പാഴാക്കാതിരിക്കേണ്ടതിന്റെ ആവശ്യകതയും, നാളെയ്ക്കായി സംരക്ഷിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലുമാണ് ഭക്ഷ്യ ദിനം. രാജ്യങ്ങൾക്ക് ചിന്തിക്കനുള്ളതുപോലെ നമ്മൾ ഓരോരുത്തർക്കും എന്ത് ചെയ്യാനാകും എന്ന് കൂടി ചിന്തിക്കാനുള്ള പ്രേരണയാണ് ഇത്തരം ദിവസങ്ങൾ.
ഭക്ഷണം കഴിഞ്ഞ് വയറു നിറഞ്ഞ ശേഷം മിച്ച ഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുമ്പ് ഒരു നിമിഷം വിശന്നിരിക്കുന്നവുടെ ചിത്രം നമ്മൾ ഓര്‍ക്കണം. ഇവര്‍ക്ക് കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നമ്മൾ വെറുതെ കളയുന്നത്.
ആവശ്യത്തിന് ഭക്ഷണം മാത്രം വിളമ്പി കഴിക്കുക. ബാക്കി വരുന്ന ഭക്ഷണം എച്ചിലാക്കാതെ അതിന് വകയില്ലാത്തവര്‍ക്ക് കൂടി നല്‍കാന്‍ ശ്രമിക്കുക. ഒരു ജനതയുടെ പട്ടിണി മാറ്റിയില്ലെങ്കിലും, ഒരാളിന്റെ ഒരു നേരത്തെ വിശപ്പ് മാറ്റാൻ നമുക്കായാൽ അത് തന്നെ ഒരു വലിയ കാര്യമല്ലേ!!
click and follow Indiaherald WhatsApp channel