മികച്ച കാഴ്ചാനുഭവം നൽകി ഉയരുന്നു കച്ചി! ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള 'കച്ചി'യെന്ന ഈ ചെറുചിത്രത്തെ പൂർണമായും ഫീച്ചർ സിനിമ എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുമോ എന്ന് നിശ്ചയമില്ല. എങ്കിലും പ്രേക്ഷകനെ നിരാശപ്പെടുത്താതെ പിടിച്ചിരുത്താൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട് എന്നത് കൈയടി അർഹിക്കുന്നു. ഓടിടി റീലീസായെത്തുന്ന ചിത്രങ്ങളിൽ മിക്കതും താര പ്രഭാവത്തിലല്ല കഥയുടെ കരുത്തിലാണ് പ്രദർശനത്തിന് എത്തുന്നത്. ഇത്തരത്തിലാണ് കച്ചിയും പ്രേക്ഷക ശ്രദ്ധ നേടുന്നത്. അറുപതിന് മുകളിൽ പ്രായമുള്ള ഒരു അമ്മച്ചിയും ആറ് വയസ് പ്രായമുള്ള ഒരു പെൺകുട്ടിയുമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. വിവാഹ ബന്ധം വേർപെടുത്തിയ അച്ഛനമ്മമാരുടെ മകളാണ് അന്ന. അമ്മയോടൊപ്പം കഴിയുന്ന അന്ന അച്ഛനോടൊപ്പം കുറച്ച് ദിവസം താമസിക്കാനായി എത്തുകയാണ്.
അച്ഛനായി അഭിനയിക്കുന്നത് ബിനു പപ്പുവാണ്. കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മനോഹരിയമ്മയാണ് മുത്തശ്ശിയെ അവതരിപ്പിക്കുന്നത്.പതിഞ്ഞ താളത്തിൽ തുടങ്ങി പ്രേക്ഷകരെ കഥാപരിസരവും കഥാപാത്രങ്ങളേയും പരിചയപ്പെടുത്തി അവസാന ഇരുപത് മിനിട്ടുകളിലാണ് സിനിമ അതിന്റെ യഥാർത്ഥ ഗതിവേഗം കൈവരിക്കുന്നത്. ബിനു പപ്പുവിനെ നായകനാക്കി ബിൻഷാദ് നാസർ സംവിധാനം ചെയ്ത ചിത്രമാണ് 'കച്ചി'.കഥാപശ്ചാത്തലത്തേയും കഥാപാത്രങ്ങളേയും പരിചയപ്പെടുത്തുന്നതിനായ് ചിത്രത്തിലെ ഏറിയ പങ്ക് സമയവും സംവിധായകൻ കവർന്നെടുത്തിട്ടുണ്ട്. ലാഗ് ഫീൽ ചെയ്യാൻ അത് കാരണമാകുന്നുണ്ട്. എങ്കിലും ആ കുറവിലെ രണ്ടാം പാതി പരിഹരിക്കുന്നുണ്ട്.
കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ ഇരുട്ടിൽ ചിത്രീകരിച്ച രംഗങ്ങളിലെ കഥാപാത്രങ്ങളുടെ പ്രകടനത്തിൽ അല്പം അമേച്ചർ സ്വഭാവം കടന്നു വന്നു എന്നത് മാറ്റി നിർത്തിയാൽ കൈയടിക്കാവുന്ന പ്രകടനം തന്നെയാണ് എല്ലാ അഭിനേതാക്കളുടേതും. ബിനു പപ്പുവിന്റെ കഥാപാത്രം ഒരു മനസമ്മതത്തിൽ പങ്കെടുക്കുന്നതിനായി ആലപ്പുഴയിൽ പോകുന്ന രാത്രിയിൽ അന്നയും മുത്തശ്ശിയും ഒറ്റയ്ക്ക് വീട്ടിൽ കഴിയേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവവും ഇരുവരും അതിനെ അതിജീവിക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്.
ഗ്രാമീണ ഭംഗിക്കും മുത്തശ്ശി കൊച്ചുമകൾ ബന്ധത്തിനും പ്രധാന്യം നൽകിയാണ് ചിത്രത്തിന്റെ ആദ്യ പകുതി സഞ്ചരിക്കുന്നത്. അവർ തമ്മിലുള്ള റാപ്പോ ക്യത്യമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം പാതിയെ ത്രില്ലിംഗ് ആക്കുന്നതും ഈ ബന്ധത്തിലെ ഇഴയടുപ്പമാണ്. ഗ്രാമീണ ഭംഗിയും ഇരുട്ടിലെ മുറിക്കുള്ളിലെ രംഗങ്ങളും മികച്ച രീതിയിൽ ക്യാമറയിൽ പകർത്തിയത് ശ്രീകാന്ത് ഈശ്വറാണ്. ആദ്യ പകുതി പാട്ടുകൾക്ക് പ്രാധാന്യം നൽകി മുന്നോട്ട് പോകുമ്പോൾ രണ്ടാം പാതിയെ ചടുലമാക്കുന്നത് പശ്ചാത്തല സംഗീതമാണ്. സിറാജ് റേസയുടെ സംഗീതം ചിത്രത്തിന് വലിയൊരു പ്ലസ് പോയിന്റാണ്. പ്രേക്ഷകനെ സ്‌ക്രീനിന് മുന്നിൽ പിടിച്ചിരുത്താൻ ഈ സംഗീതത്തിന് സാധിച്ചിട്ടുണ്ട്.
Find out more: