കരിയറിൽ ഏറ്റവും വലിയ ബ്രേക്ക് ആയിരിക്കും ഈ സിനിമ എന്ന് നരേൻ! കൈതി എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന സന്തോഷം പങ്കുവച്ച് രംഗത്തെത്തിയിരിയ്ക്കുകയാണിപ്പോൾ നരേൻ. കമൽ ഹസൻ നായകനാകുന്ന വിക്രം എന്ന ചിത്രത്തെ സംബന്ധിച്ച വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നതാണ്. നരേന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി.
ചിത്രത്തിന്റെ ടൈറ്റിൽ ടീസർ കണ്ടപ്പോൾ ലോകേഷിനെ വിളിക്കുകയും, വിക്രം എന്ന ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ട് എന്നും നരേൻ പറയുകയും ചെയ്തിരുന്നുവത്രെ. അപ്പോഴാണ് നരേന് ഈ ചിത്രത്തിൽ ഒരു റോൾ ഉണ്ടെന്ന് സംവിധായകൻ പറഞ്ഞത്. കമൽ ഹസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നു എന്ന വാർത്ത മലയാളികളും ആഘോഷിച്ചതാണ് . ഈ ചിത്രത്തിലേക്കാണ് ഇപ്പോൾ നരേനും അവസരം ലഭിച്ചിരിക്കുന്നത്. കമൽ ഹസൻ സാറിനൊപ്പം അഭിനയിക്കുക എന്നത് എന്റെ സ്വപ്‌ന സാഫല്യമാണ്. ഞാൻ സിനിമ അഭിനയിക്കാൻ ആഗ്രഹിച്ചത് തന്നെ കമൽ സാറിനെയൊക്കെ കണ്ടിട്ടാണ്. അതും ലോകേഷിന്റെ ചിത്രത്തിൽ അഭിനയിക്കുക എന്നാൽ അത് ഇരട്ടി മധുരമാണ്- നരേൻ പറഞ്ഞു.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ദുബായിൽ ആയിരുന്നു ഞാൻ ആ സമയത്ത്. നാട്ടിൽ തിരിച്ചെത്തിയപ്പോൾ തിരക്കഥ കിട്ടി. ചിത്രത്തിലെ എന്റെ കഥാപാത്രത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്. കൈതി എന്ന ചിത്രത്തെക്കാൾ വലിയൊരു സ്‌കെയിലിൽ ചെയ്യുന്ന ചിത്രമാണ് വിക്രം. ചിത്രത്തിന് വേണ്ടി പ്രത്യേകിച്ച് ഗെറ്റപ്പുകൾ ഒന്നും സ്വീകരിക്കുന്നില്ല. സാധാരണമാണ്. ചിത്രത്തിലെ എന്റെ പോർഷൻ ആഗസ്റ്റ് മാസം ഷൂട്ട് ചെയ്യും. കൈതി എന്ന ചിത്രത്തിന് ശേഷം എനിക്ക് തമിഴിൽ നിന്നും ധാരാളം അവസരങ്ങൾ വന്നിരുന്നു. എന്നാൽ ഭൂരിഭാഗവും പൊലീസ് വേഷങ്ങളായിരുന്നു.
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ താത്പര്യമില്ലാത്തത് കൊണ്ടാണ് ആ സിനിമകൾ നിഷേധിച്ചത് തന്റെ കരിയറിലെ നാഴിക കല്ലായിരിയ്ക്കും ഈ ചിത്രമെന്നും നരേൻ പറയുന്നു. ഒത്തയ്ക്ക് ഒത്തൈ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു നരേൻ. ലോക്ക് ഡൗൺ കാരണം ചിത്രീകരണം നിർത്തി വച്ചിരിയ്ക്കുകയാണ്. അടുത്ത തമിഴ് ചിത്രത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നും നരേൻ പറഞ്ഞു.
Find out more: