ഇസ്‍‌ലാമാബാദ് ∙ കശ്മീര്‍ വിഷയം യുഎന്‍ പൊതുസഭയില്‍ ഉൾപ്പെടെ എല്ലാ രാജ്യാന്തര വേദികളിലും ഉന്നയിക്കുമെന്നു പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത് ചരിത്രപരമായ മണ്ടത്തരമാണ്. രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലാണു കശ്മീർ വിഷയത്തിൽ ഇമ്രാൻ നിലപാട് വ്യക്തമാക്കിയത്.

 

‘പാക്ക് സർക്കാർ കശ്മീർ ജനതയ്ക്കൊപ്പമുണ്ടാകും. കശ്മീർ താഴ്‍വരയിലെ നിയന്ത്രണങ്ങൾ നീക്കണം. ലോകരാജ്യങ്ങളിലെ തലവന്മാരുമായി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കും. അടുത്തമാസം യുഎന്നിലും വിഷയം ഉന്നയിക്കും. സാമ്പത്തിക താൽപര്യം മുൻ‌നിർത്തി ചില മുസ്‌ലിം രാജ്യങ്ങൾ‌ കശ്മീർ വിഷയത്തിൽ നിലപാട് എടുക്കുന്നില്ല. അതിൽ നിരാശപ്പെടേണ്ട, അവർക്കു നിലപാടു മാറ്റേണ്ടി വരും. – ഇമ്രാൻ വ്യക്തമാക്കി.

 

ഇന്ത്യ– പാക്ക് സംഘര്‍ഷം യുദ്ധത്തിലേക്കു നീങ്ങിയാല്‍ ആഗോളതലത്തില്‍ പ്രത്യാഘാതം ഉണ്ടാകും. ഇന്ത്യയെപ്പോലെ പാക്കിസ്ഥാനും ആണവായുധം ഉണ്ടെന്ന് ഓര്‍ക്കണം. ആണവയുദ്ധത്തിൽ ആർക്കും ജയമുണ്ടാകില്ല. ലോകത്തെ വന്‍ശക്തികളായ രാജ്യങ്ങള്‍ക്കു വലിയ ഉത്തരവാദിത്തമുണ്ട്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അവസാനം വരെ പോരാടും’– ഇമ്രാന്‍ പറഞ്ഞു.

Find out more: