റിവ്യൂ ബോബംങ് സിനിമയെ തകർക്കുമോ; മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ! നല്ല സിനിമയാണെങ്കിൽ എത്ര നെഗറ്റീവ് റിവ്യൂ വന്നാലും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഒരു ഭാഗവും സിനിമ ഇറങ്ങിയ ഉടൻതന്നെ റിവ്യൂ ചെയ്യാൻ പാടില്ല എന്ന് മറുഭാഗവും തർക്കിച്ചു കൊണ്ടേയിരിക്കുന്നു. വിലകൊടുത്തു വാങ്ങിയ സാധനം കൊള്ളില്ലെങ്കിൽ അക്കാര്യം തുറന്നു പറയുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരോട് കൃത്യമായ മറുപടി നൽകാൻ ആർക്കും സാധിച്ചിട്ടില്ല. സിനിമ റിലീസ് ആയി ഒരാഴ്ചയെങ്കിലും കഴിഞ്ഞ് റിവ്യൂ പറഞ്ഞാൽ പോരേ എന്ന ചോദ്യത്തിന് അത്രയും ദിവസം തിയേറ്ററിൽ സിനിമ ഉണ്ടാവില്ല എന്ന പ്രമുഖ റിവ്യൂവറിന്റെ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. സിനിമ മോശമായതിന് റിവ്യൂ ചെയ്യുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് ഇൻഫ്‌ലുവൻസേഴ്‌സും പ്രത്യേക അജണ്ടയുടെ ഭാഗമായി സിനിമയെ മോശം പറയുകയാണെന്നും നെഗറ്റീവ് റിവ്യൂ പറയുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നവർ ഉണ്ടെന്നും സിനിമ മേഖലയിൽ നിന്നുള്ളവരും വാദിക്കുകയാണ്. റിവ്യൂ സിനിമയെ തകർക്കുമോ എന്ന വിഷയത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ കഴിഞ്ഞ കുറേ നാളുകളായി സിനിമ ഇൻഡസ്ട്രിയിൽ നടക്കുകയാണ്.





വിമർശനം സ്വീകരിക്കാൻ കഴിയാത്തവർ ജനങ്ങളുടെ അഭിപ്രായത്തിലൂടെ വിജയം നേടേണ്ട ഒരു മേഖലയായ സിനിമയിലേക്ക് എത്തുമ്പോഴാണ് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. റിവ്യൂ ചെയ്യുന്ന ഒരു വ്യക്തിക്ക് ഫോളോവേഴ്‌സ് ഉണ്ടാവുന്നത് പല സിനിമകളുടെയും റിവ്യൂകൾ തുടർച്ചയായി കേട്ട് പല സിനിമകൾക്കും തന്റേതായ അഭിപ്രായമാണ് ഈ റിവ്യൂവർ പറയുന്നത് എന്ന തോന്നൽ പ്രേക്ഷകർക്ക് വരുന്നതിലൂടെയാണ്. മോശം പടത്തിന് നല്ലത് പറയുകയും നല്ല പടത്തിന് മോശം പറയുകയും ചെയ്യുന്ന ഒരു റിവ്യൂവറേ വെറുതെ വളർത്തിക്കൊണ്ടു വരണ്ട കാര്യം പ്രേക്ഷകർക്കില്ല. പെയ്ഡ് റിവ്യൂ പറയുന്നവരെ മനസിലാക്കാനുള്ള ബുദ്ധിയില്ലാത്തവരല്ല പ്രേക്ഷകർ. നവമാധ്യമങ്ങൾ ഇത്രയും വളർന്ന കാലത്ത് സിനിമയെപ്പറ്റി നല്ലത് മാത്രമേ പറയാവൂ എന്ന് ശാഠിച്ചിട്ട് കാര്യമില്ല. സംവിധായകൻ ലോഗേഷ് കനകരാജ് പറഞ്ഞതുപോലെ പണം മുടക്കി ടിക്കറ്റ് എടുത്ത് തിയറ്ററിൽ എത്തുന്ന ഓരോ പ്രേക്ഷകനെയും മാനിക്കുക തന്നെ വേണം.





 അതോടൊപ്പം തന്നെ കൺസ്ട്രക്ടീവായി വിമർശിക്കുക എന്നതും പ്രധാനമാണ്. വായിൽ തോന്നിയത് എന്തും വിളിച്ചു പറയുന്നതാവരുത് റിവ്യൂ. വ്യക്തിഹത്യയും അധിക്ഷേപങ്ങളും ഇല്ലാതെ സിനിമയെയും അതിലെ കഥാപാത്രങ്ങളെയും വിമർശിക്കുന്നതാണ് നല്ലത്. ഇപ്പോൾ നടൻ മമ്മൂട്ടിയുടെ ഈ വിഷയത്തിലുള്ള അഭിപ്രായം കൂടി പുറത്ത് വന്നതോടെ പലരുടെയും വാദങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. സിനിമയെ റിവ്യൂ കൊണ്ട് നശിപ്പിക്കാൻ ഒന്നും കഴിയില്ല എന്നാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. എത്ര പറഞ്ഞിട്ടും പലർക്കും മനസ്സിലാകാത്ത സിമ്പിൾ ആയ ഒരു കാര്യമാണ് മമ്മൂട്ടിയും പറഞ്ഞിരിക്കുന്നത്. 




റിവ്യൂവിൽ ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടാണ് പറയുന്നത് എന്നും പ്രേക്ഷകർ എന്നും അവർക്ക് ഇഷ്ടമുള്ള സിനിമകൾ തിരഞ്ഞെടുക്കുമെന്നും മമ്മൂട്ടി പറയുന്നു. അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. നമ്മുടെ അഭിപ്രായങ്ങൾക്കനുസരിച്ച് ആണ് നമ്മൾ സിനിമ കാണേണ്ടത് എന്നും മമ്മൂട്ടി കൂട്ടിച്ചേർക്കുന്നുണ്ട്. ഒപ്പം അദ്ദേഹം പറയുന്ന മറ്റൊരു കാര്യം ശ്രദ്ധേയമാണ്. റിവ്യൂ നിർത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നല്ല സിനിമകൾ ചെയ്താൽ മാത്രമേ ജനം അത് ഏറ്റെടുക്കുവെന്ന് അദ്ദേഹം ഇതിലൂടെ വെളിപ്പെടുത്തുകയാണ്. ഒപ്പം റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും അദ്ദേഹം പറയുന്നുണ്ട്.

Find out more: