പ്രിയ വർഗീസിൻറെ നിയമനം ക്രമവിരുദ്ധമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്! അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർഥികളിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്‌കോററായിട്ടും പ്രിയ വർഗീസിന് കൂടുതൽ മാർക്ക് നൽകിയതായുള്ള രേഖകൾ പുറത്തു വന്നു. പ്രിയ വർഗീസിന് നിയമനം നൽകിയതുമായി ബന്ധപ്പെട്ടുള്ള നിർണായക രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. ഉദ്യോഗാർഥികളിൽ ഏറ്റവും കുറഞ്ഞ റിസർച്ച് സ്‌കോർ പ്രിയ വർഗീസിനാണ്. അഭിമുഖത്തിൽ ലഭിച്ച ഉയർന്ന മാർക്കാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടാൻ കാരണമെന്ന് രേഖയിൽ നിന്ന് വ്യക്തമാകുന്നു.
പ്രിയയുടെ റിസർച്ച് സ്‌കോർ 156ഉം രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്‌കറിയയുടെ റിസർച്ച് സ്‌കോർ 651 ഉം ആണ്.നിയമന റാങ്ക് ലിസ്റ്റിൽ പ്രിയ വർഗീസ് ഒന്നാമതെത്തിയത് ക്രമവിരുദ്ധമായിട്ടാണെന്ന് തെളിയിക്കുന്ന രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. വിവാദത്തെ തുടർന്ന് നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെച്ചു. എന്നാൽ കഴിഞ്ഞ മാസം ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു.
തൃശൂർ കേരളവർമ്മ കോളജിലെ അസിസ്റ്റൻറ് പ്രഫസറായ പ്രിയ വർഗീസിനെ കണ്ണൂരിൽ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാനുള്ള നീക്കം വൻ വിവാദമായിരുന്നുകണ്ണൂരിൽ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയാൽ അത് വഴി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ തസ്തികയിലേക്ക് മാറാൻ സാധിക്കും. നിലവിൽ ഡയറക്ടർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഡെപ്യൂട്ടേഷൻ നീട്ടലെന്നാണ് സൂചന. അതേസമയം പ്രിയ വർഗ്ഗീസിന്റെ കണ്ണൂരിലെ നിയമനത്തിൽ ഗവർണ്ണർ വിസിയോട് റിപ്പോർട്ട് തേടിക്കഴിഞ്ഞു.
യു.ജി.സി നിർദ്ദേശിച്ച എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ലാതെയാണ് പ്രിയയെ പരിഗണിച്ചതെന്ന പരാതിയാണ് 'സേവ് യൂണിവേഴ്‌സിറ്റി' ക്യാമ്പയിൻ കമ്മിറ്റി ഗവർണ്ണർക്ക് നൽകിയത്. കഴിഞ്ഞവർഷം ഓഗസ്റ്റ് ഏഴ് മുതൽ പ്രിയാ വർഗീസ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലാണ്. ഡെപ്യൂട്ടേഷൻ കാലാവധി ഇപ്പോൾ ഒരു വർഷം കൂടി നീട്ടി നൽകി.
Find out more: