കർഷകരുടെ മരണം: കേന്ദ്ര മന്ത്രിയുടെ മകന് സമൻസ്! സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ ആശിഷ് മിശ്രയ്ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ലഖിംപൂർ ഖേരിയിൽ കർഷകർ ഉൾപ്പെടെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് സമൻസ്.കർഷകർക്കിടയിലേക്ക് കാറ് ഓടിച്ചു കയറ്റിയതിനെത്തുടർന്ന് നാലു പേരും. തുടർന്നുള്ള സംഘർഷത്തിൽ മറ്റ് നാലുപേരുമാണ് കൊല്ലപ്പെട്ടത്. കർഷകരെ കൂടാതെ മൂന്ന് ബിജെപി പ്രവർത്തകരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. രണ്ട് എസ്യുവികളിലൊന്ന് ഓടിച്ചിരുന്നത് ആശിഷ് മിശ്രയാണെന്നാണ് കർഷകരുടെ ആരോപണം.
സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു."ആശിഷ് മിശ്രയ്ക്ക് സമൻസ് അയച്ചിട്ടുണ്ട്. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിനെതിരെ കൂടുതൽ നടപടി സ്വീകരിക്കും. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ഞങ്ങൾ ആരെയും സംരക്ഷിക്കുന്നില്ല." ലഖ്നൗ മേഖലാ ഐജി ലക്ഷ്മൺ സിങ് പറഞ്ഞു. എൻഡിടിവിയോടായിരുന്നു പ്രതികരണം. ആശിഷ് മിശ്ര കർഷകർക്കു നേരെ വെടിവെച്ചെന്നും കാർ ഓടിച്ചുകയറ്റിയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. എഫ്ഐആറിലെ ആരോപണങ്ങൾ അംഗീകരിക്കാൻ ആശിഷ് തയ്യാറായിട്ടില്ല. കാർ ഓടിച്ചു കയറ്റിയപ്പോൾ താൻ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. കേസിൽ നാളെ യുപി സർക്കാർ വിശദാംശം നൽകണമെന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ആക്രമണത്തിൽ കൊല്ലപ്പെട്ട ലവ്പ്രീതിന്റെ അമ്മയ്ക്ക് അടിയന്തര ചികിത്സ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അതേസമയം ലഖിംപൂർ ഖേരി സംഘർഷത്തിൽ കർഷകർക്ക് അനുകൂലമായി നിലപാടെടുത്ത വരുൺ ഗാന്ധിയേയും മനേക ഗാന്ധിയേയും ബിജെപി ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും ഒഴിവാക്കി. ബിജെപി നേതാക്കൾ പ്രതിയായ ലഖിംപൂർ ഖേരി സംഭവത്തിൽ വരുൺ ഗാന്ധി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരുന്നു. കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറുന്ന ദൃശ്യങ്ങൾ പങ്കിട്ടുകൊണ്ടായിരുന്നു വിമർശനം. ലഖിംപൂർ ഖേരി സംഘർഷത്തിന്റെ ദൃശ്യങ്ങൾ രണ്ടു തവണയാണ് വരുൺ ട്വീറ്റ് ചെയ്തത്.
"സംഭവത്തിന്റെ ദൃശ്യങ്ങൾ ആരെയും നടുക്കും. പോലീസ് ഈ വീഡിയോ ശ്രദ്ധിക്കുക. ഈ വാഹനത്തിന്റെ ഉടമയേയും വാഹനത്തിൽ ഇരിക്കുന്നവരേയും ഉടൻ അറസ്റ്റ് ചെയ്യണം." എന്നാണ് വരുൺ ട്വീറ്റ് ചെയ്തത്. ലഖിംപൂർ സംഘർഷം ഖലിസ്ഥാൻ തീവ്രവാദികൾ ആസൂത്രണം ചെയ്തതാണ് എന്നായിരുന്നു ബിജെപിയുടെ ആദ്യ പ്രതികരണം. എന്നാൽ പിന്നീട് വിഷയത്തിൽ പ്രതികരിക്കാൻ ബിജെപി തയ്യാറായിട്ടില്ല. വിഷയത്തിൽ മന്ത്രി അജയ് മിശ്ര രാജിവെയ്ക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ മന്ത്രിയോട് ചുമതലയിൽ തിരികെ പ്രവേശിക്കാനാണ് ബിജെപി നൽകിയിരിക്കുന്ന നിർദ്ദേശം.
Find out more: