കിറ്റക്സുമായി ചർച്ചയ്ക്ക് തയ്യാർ; നിയമാനുസൃതം പ്രവർത്തിച്ചാൽ പിന്തുണഎന്ന് പി രാജീവ്! പരാതിയുണ്ടെങ്കിൽ ചർച്ച ചെയ്യാൻ ഇപ്പോഴും തയ്യാറാണെന്ന് പി രാജീവ് പറഞ്ഞു. കിറ്റക്സുമായി ഇപ്പോഴും ചർച്ചയ്ക്ക് തയ്യാറെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായികളുമായി നടത്തിയ ചർച്ചയിൽ ഇന്ന് കിറ്റക്സ് പരാതിയുമായി എത്തിയിരുന്നില്ല. വ്യവസായ സംരംഭകരുടെ ഭാഗത്തു നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. വ്യവസായവുമായി ബന്ധപ്പെട്ട് ജില്ലകളിൽ ഉണ്ടാകുന്ന പരാതികൾ പരിശോധിച്ച് പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി പാട്ടത്തിന് നൽകുന്നതിന് ഏകീകൃത സംവിധാനം ഉണ്ടാക്കും. വ്യവസായങ്ങൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. "നിങ്ങൾ ഇവിടേക്ക് വരൂ. നിങ്ങൾക്കിവിടെ ഒരു നിയമവും ബാധകമല്ല എന്ന് പറയാൻ സാധിക്കില്ല." നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും പി രാജീവ് പറഞ്ഞു. അതേസമയം നേരത്തെ കേരളം നിക്ഷേപ സൗഹൃദമല്ലെന്ന കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയ്ക്കെതിരെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
കേന്ദ്ര മന്ത്രിമാർ കേരളത്തെ മോശമായി ചിത്രീകരിക്കുന്ന അംബാസിഡർമാരാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി. കിറ്റക്സിന്റേത് സെൽഫ് ഗോളാണ്. വ്യവസായം എവിടെ തുടങ്ങിയാലും കുഴപ്പമില്ല. നാടിനെ അപമാനിക്കരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ നടപടി കണ്ട് മറ്റ് വ്യവസായികൾ വിളിച്ചിരുന്നു. അവർ സർക്കാർ നടപടിക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കിറ്റക്സിൽ നടത്തിയ പരിശോധനയുടെ ഫലം പുറത്ത് വിടും. ഹൈക്കോടതി നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയുടെ ഫലം ഹൈക്കോടതിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയുടെ ഫലം അവർക്കും നൽകും.
കടമ്പ്രയാറിലെ വെള്ളംകൂടി പരിശോധിക്കേണ്ടതുണ്ട്. പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് മനസിലാക്കുന്നത്. അവിടെ മലിനീകരണമില്ലെന്ന് സർക്കാർ പറയുന്നതല്ലേ നല്ലത്- മന്ത്രി പറഞ്ഞു.പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമിച്ചത്. പിവി ശ്രീനിജൻ എംഎൽഎയോ പാർട്ടി നേതാക്കളോ തന്നോട് സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മനോരമ ന്യൂസിന്റെ ഒരു പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയമപരമായ പരിശോധനയിൽ നിന്നും പിന്നോട്ടില്ല. തൊഴിൽ വകുപ്പിന്റെ നോട്ടീസ് പിൻവലിക്കേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
Find out more: