സോളാർ പീഡനക്കേസിൽ കെസി വേണുഗോപാലിനും സിബിഐയുടെ ക്ലീൻചിറ്റ്! കെസി വേണുഗോപാൽ കേന്ദ്രമന്ത്രിയായിരിക്കെ തന്നെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാൽ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.സോളാർ പീഡന കേസുമായി ബന്ധപ്പെട്ട പരാതിയിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന് സിബിഐയുടെ ക്ലീൻചിറ്റ്.ഉമ്മൻ ചാണ്ടി മന്ത്രിസഭയെ തന്നെ വിവാദക്കുരുക്കിലാക്കിയ സംഭവങ്ങളായിരുന്നു സോളാർ അഴിമതിക്കേസും തുടർന്നുണ്ടായ പീഡന പരാതിയും. മന്ത്രിസഭയിലേയും പാർട്ടിയിലേയും മുതിർന്ന നേതാക്കളായിരുന്നു ആരോപണവിധേയർ. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈാറുകയായിരുന്നു.
പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിൽ സിബിഐ പറയുന്നത്. അതേസമയം പരാതിക്കാരിയും കെസി വേണുഗോപാലും രണ്ട് തവണ നേരിൽ കണ്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.സോളാർ പീഡന പരാതിയിൽ ആരോപണ വിധേയരായിരുന്ന 3 നേതാക്കൾക്ക് നേരത്തെ സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്ക് പിന്നാലെയാണ് കെസി വേണുഗോപാലിനും സിബിഐ ക്ലിൻചിറ്റ് നൽകിയത്. മന്ത്രിയായിരുന്ന എപി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് അന്ന് കേന്ദ്രമന്ത്രിയായിരുന്ന കെസി വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം ഉയർന്നത്. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും ആരോപണം ഉയർന്നിരുന്നു.
എന്നാൽ ശാസ്ത്രീയ പരിശോധനകളടക്കം നടത്തിയ സിബിഐ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം അടൂർ പ്രകാശിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കേസിലെ പ്രതിയായിരുന്ന ഹൈബി ഈഡൻ എംപിക്കും സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അടൂർ പ്രകാശിനും സിബിഐ ക്ലീൻ ചിറ്റ് നൽകിയത്.നീതിയും സത്യവും ജയിച്ചുവെന്ന് അടൂർ പ്രകാശ് എംപി മാധ്യമങ്ങളോടു പ്രതികരിച്ചു. ഇതുപോലെയുള്ള അനീതിപരമായ പ്രവർത്തനങ്ങൾ സംരക്ഷിച്ചു പോകാൻ ആർക്കും കഴിയില്ല.
താൻ വളരെ അധികം സന്തുഷ്ഠനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്താണ് അന്വേഷണം സിബിഐക്കു വിട്ടത്. കേരളത്തിൽ സിബിഐ അന്വേഷിക്കേണ്ട എത്രയോ വിഷയങ്ങളുണ്ട്. ആ വിഷയങ്ങളെല്ലാം മാറ്റിവെച്ചാണ് കേസിൽ ഒരു ബന്ധവുമില്ലാത്ത ആളുകളെ ബന്ധിപ്പിച്ചു സിബിഐ അന്വേഷണം നടത്തി തേജോവധം ചെയ്യാനുള്ള ശ്രമം നടത്തിയത്.രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായിട്ടാണ് ഈ നടപടിയെ കണ്ടത്. ഇതിൻ്റെ പേരിൽ എത്രയോ നാളായി താൻ മാനസിക പീഡനം അനുഭവിച്ചു. ഇന്ന് വലിയ അധികം സന്തോഷമുണ്ട്. സിബിഐ തന്നെ ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു.
Find out more: