കൊൽക്കത്ത ∙ ഭക്ഷണം കൊണ്ടുവന്നയാൾ ഇതര സമുദായക്കാരനെന്ന പേരില്‍ ഓർഡർ റദ്ദാക്കിയ സംഭവത്തിന് പിന്നാലെ ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോയിൽ വീണ്ടും വിവാദം. ഇക്കുറി ഭക്ഷണം എത്തിക്കുന്ന ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബീഫ്, പോര്‍ക്ക് തുടങ്ങിയ ഭക്ഷണസാധനങ്ങൾ ഡെലിവറി ചെയ്യാൻ കമ്പനി നിർബന്ധിക്കുന്നുവെന്നാണ് ആരോപണം. ഞായറാഴ്ച കൊൽക്കത്തയിൽ പ്രതിഷേധ പ്രകടനം നടത്തിയ ജീവനക്കാർ അനിശ്ചിതകാല സമരം നടത്തുമെന്നും അറിയിച്ചു.

 

ബക്രീദ് സമയത്ത് ഇത്തരം ഭക്ഷണ വസ്തുക്കളുടെ ഓർഡറില്‍ വലിയ വർധനയുണ്ടാകുന്നത് കണക്കിലെടുത്താണ് പ്രതിഷേധം. പെരുന്നാള്‍ ആഴ്ച ബീഫ്, പോർക്ക് എന്നിവ ആളുകളിലേക്ക് എത്തിക്കില്ലെന്ന് ഇവർ പറയുന്നു. അത്തരം ഓർഡറുകൾ ലഭിച്ചാൽ അവ മാറ്റി നല്‍കണമെന്നും ജീവനക്കാരുടെ മതവികാരത്തെ മാനിക്കണമെന്നും ഇവർ പറയുന്നു. ആവശ്യങ്ങൾ മുൻനിർത്തി ഹിന്ദു, മുസ്‌ലിം ഡെലിവറി ജീവനക്കാർ തിങ്കളാഴ്ച മുതൽ സമരത്തിനൊരുങ്ങുകയാണ്. ജീവനക്കാരുടെ ആവശ്യങ്ങളോടോ സമരത്തോടോ സൊമാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

‘ഈയടുത്ത് ചില മുസ്‌ലിം റസ്റ്ററന്റുകൾ സൊമാറ്റോയിൽ ചേർത്തിരുന്നു. ബീഫ് കൊണ്ടുപോകാൻ മടിയുള്ള ഹിന്ദു ‍ഡെലിവറി ജീവനക്കാർ ഞങ്ങൾക്കിടയിലുണ്ട്. അതുപോലെ മുസ്‌ലിം ജീവനക്കാർക്ക് പോർക്ക് കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ട്. കമ്പനിയില്‍  ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനിൽക്കുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ മതം അനുശാസിക്കാത്ത ഭക്ഷണവസ്തുക്കൾ കൊണ്ടുപോകാൻ സാധിക്കില്ല. എല്ലാം അറിഞ്ഞിട്ടും സഹായിക്കുന്നതിന് പകരം, വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്  കമ്പനി ചെയ്യുന്നത്’- ജീവനക്കാരിലൊരാളായ മൗസിൻ അക്തർ പറഞ്ഞു.

 

മറ്റൊരു ജീവനക്കാരനായ ബജ്‌രാജ് നാഥ് പറയുന്നതിങ്ങനെ: ‘ഞാനൊരു ഹിന്ദുവാണ്. എനിക്കൊപ്പം മുസ്‍ലിം സഹോദരങ്ങളും ജോലി ചെയ്യുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നതിൽ യാതൊരു പ്രശ്നവുമില്ല. പക്ഷേ ഇപ്പോൾ പുതുതായി ചേർക്കപ്പെട്ട റസ്റ്ററന്റുകളിൽ നിന്നും ഏതു സാഹചര്യത്തിലും ഭക്ഷണമെത്തിക്കണമെന്നും ഓർഡർ കാൻസൽ ചെയ്യരുതെന്നുമാണ് കമ്പനി നിയമം. ഏതെങ്കിലും പ്രത്യേക ഭക്ഷണം എത്തിക്കുന്നതിനു വിമുഖത കാണിച്ചാൽ നടപടിയെടുക്കുമെന്നാണു താക്കീത്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നത് കമ്പനി അവസാനിപ്പിക്കണം.’

Find out more: