
വാക്കിങ് മെഡിറ്റേഷൻ അറിയേണ്ടവയെല്ലാം. നടത്തം ശീലമാക്കിയിട്ടുള്ളവർക്ക് അറിവുള്ള കാര്യമാണ് നടത്തം ശരീരത്തിനും മനസ്സിനും എത്രമാത്രം നവോന്മേഷം പകരുന്ന ഒന്നാണെന്ന്. നടത്തം സ്വയമേവ ധ്യാനാത്മകമായ ഒന്നാണ്. അതിലേക്ക് ബോധപൂർവ്വം അൽപ്പം ധ്യാനം കൂടി ചേർത്തുവെച്ചാൽ അത് അത്യന്തം മനോഹരമായ ഒന്നായിത്തീരും. നടത്തത്തിനിടെ പരിശീലിക്കുന്ന മെഡിറ്റേഷൻ ആണ് വാക്കിങ് മെഡിറ്റേഷൻ.
നടത്തത്തിന്റെയും ധ്യാനത്തിന്റെയും ഗുണങ്ങൾ ഒരുമിച്ച് ലഭിക്കുന്നു എന്നതാണ് ഈ മെഡിറ്റേഷന്റെ പ്രത്യേകത.നടത്തം എന്ന പ്രവൃത്തിയെ നിരീക്ഷിക്കുകയാണ് യഥാർത്ഥത്തിൽ വാക്കിങ് മെഡിറ്റേഷൻ ചെയ്യുന്നത്. നടത്തത്തിനിടയിൽ നിങ്ങളുടെ ശരീരത്തിന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നത് സൂക്ഷ്മതലത്തിൽ നിങ്ങൾക്ക് മെഡിറ്റേഷന്റെ അനുഭൂതി നൽകുന്നു. ചുരുക്കത്തിൽ നടത്തത്തിലെ ശരീര ചലനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്ന കലയാണ് വാക്കിങ് മെഡിറ്റേഷൻ.
വെറുതെ അങ്ങ് നടന്നാൽ അത് നടത്തം മാത്രമേ ആകൂ, ധ്യാനം ആകില്ല. കൃത്യമായ ചില കാര്യങ്ങൾ ഈ മെഡിറ്റേഷനിൽ നിങ്ങൾ പിന്തുടരേണ്ടതുണ്ട്. മെഡിറ്റേഷന് അനുയോജ്യമായ ഒരു സ്ഥലം വാക്കിങ് മെഡിറ്റേഷന്റെ കാര്യത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. നിങ്ങളുടെ പ്രവൃത്തിക്ക് തടസ്സമുണ്ടാകാൻ സാധ്യതയില്ലാത്ത ഇടുങ്ങിയ വഴികളോ ഊടുവഴികളോ ഒക്കെ ഇതിനായി തിരഞ്ഞെടുക്കാം.
ആൾക്കൂട്ടവും തിരക്കും ഉള്ള റോഡുകൾ തിരഞ്ഞെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ശ്രദ്ധ അനാവശ്യമായി മറ്റുള്ള കാര്യങ്ങളിലേക്ക് തിരിയാതിരിക്കാൻ ഇത് സഹായിക്കും. അങ്ങോട്ടും ഇങ്ങോട്ടും 20 അടിയെങ്കിലും നടക്കാൻ സാധിക്കുന്ന സ്ഥലമായിരിക്കും ഉചിതം. അനുയോജ്യമായ സ്ഥലം വീട്ടിൽ തന്നെ ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുന്നതിലും തെറ്റില്ല.
കാലുകൾ ഉയർത്തുന്നതും മുന്നോട്ടായുന്നതും കാലുകൾ നിലത്ത് പതിയുന്നതും നിങ്ങളുടെ പാദത്തിൽ അനുഭവപ്പെടുന്ന മാറ്റങ്ങളുമെല്ലാം ശ്രദ്ധയോടെ നിരീക്ഷിക്കുക. അതോടൊപ്പം ശരീരഭാരം ഒരു കാലിൽ നിന്നും മറ്റേ കാലിലേക്ക് മാറുന്നതും നിരീക്ഷിക്കുക. നിരീക്ഷിക്കുന്ന പ്രവൃത്തി തുടർന്നുകൊണ്ടേ ഇരിക്കുക. വാക്കിങ് മെഡിറ്റേഷന്റെ ഹൃദയ ഭാഗമാണ് ഇത്.
നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തി തികഞ്ഞ അവബോധത്തോടെ ചെയ്യുക എന്നതാണ് ധ്യാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. മുൻപ് നടത്തം പരിശീലിച്ചിരുന്ന സമയത്ത് സംഭവിച്ച കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. എന്നാൽ അന്നൊന്നും നിങ്ങൾ അത് ശ്രദ്ധിച്ചിരുന്നില്ല. വാക്കിങ് മെഡിറ്റേഷൻ പരിശീലിക്കുന്നവർക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ് കൈകൾ എവിടെ വെക്കണം എന്നത്. ഇതിന് പല രീതികളും പരീക്ഷിക്കാം. അതിൽ നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായി തോന്നുന്നത് തിരഞ്ഞെടുക്കലാണ് നല്ല വഴി.
കൈകൾ പിറകിലോ മുൻപിലോ കൂട്ടികെട്ടുക, കൈകൾ ഇരുവശത്തും അയച്ചിട്ട് നടക്കുക എന്നിവയാണ് കൂടുതൽ ആളുകളും ചെയ്തുവരുന്നത്. ഏതെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്താൻ വേണ്ടിയല്ല നടക്കുന്നത് എന്ന ബോധ്യത്തോടെ നടക്കുക. വളരെ സാവധാനം നിങ്ങൾക്ക് ഏറ്റവും സുഖകരമായി തോന്നുന്ന രീതിയിൽ നടക്കുക.
നടത്തത്തിന് എന്തെങ്കിലും പ്രത്യേക രീതി പിന്തുടരേണ്ടതില്ല. സാവധാനം സ്ഥിരതയോടെ നടക്കുക. ഇങ്ങനെ നടക്കുമ്പോൾ നടത്തം നിരീക്ഷിക്കാനും എളുപ്പമായിരിക്കും. വേഗത്തിൽ ദീർഘദൂര ചുവടുകൾ വെക്കുന്നതിനേക്കാൾ സാവധാനം ചെറിയ ചുവടുകൾ വെക്കുന്നതാണ് ഈ മെഡിറ്റേഷന്റെ സ്വഭാവത്തിന് നല്ലത്.