വായനാട്ടുകാർക്കു സ്വന്തം മെഡിക്കൽ കോളേജ് ഇനി എപ്പോൾ! അതെ അത് യാഥാർഥ്യമാകാൻ ഇനിയും കാലങ്ങൾ കാത്തിരിക്കണം. വയനാട്ടുകാരുടെ സർക്കാർ മെഡിക്കൽ കോളേജ്‌ എന്ന സ്വപ്നം ഇനിയുമകലെ. മതിയായ ചികിത്സാസൗകര്യമില്ലാത്ത വയനാട്ടിൽ നിന്നും അത്യാസന്നനിലയിൽ ചുരമിറങ്ങി കോഴിക്കോടെത്തുമ്പോഴേക്കും പല രോഗികൾക്കും ജീവൻ നഷ്ടമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ ഒരു സർക്കാർ മെഡിക്കൽ കോളേജ് എന്ന സ്വപ്നം ഉടലെടുക്കുന്നത്. 2011-ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരിക്കുന്ന അവസരത്തിലാണ് മുഴുവൻ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന രീതിയിൽ പദ്ധതി നടപ്പിലാക്കുന്നത്.അത്യാധുനിക ചികിത്സാസൗകര്യമെന്നത് ആദിവാസികളടക്കം തിങ്ങിപാർക്കുന്ന വയനാട് ജില്ലക്ക് ഇന്നും അപ്രാപ്യമാണ്.അത് പ്രകാരമായിരുന്നു മതിയായ ചികിത്സാസൗകര്യമില്ലാത്ത വയനാട്ടിൽ മെഡിക്കൽ കോളേജ് അനുവദിക്കുന്നത്.



അങ്ങനെയാണ് വയനാട് ഗവ.മെഡിക്കൽ കോളേജിനായി കോട്ടത്തറ വില്ലേജിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് 50 ഏക്കർ ഭൂമി ദാനമായി നൽകുന്നത്. എന്നാൽ ഈ ഭൂമിയുടെ രേഖകളും മറ്റും ശരിയാക്കാൻ സമയമെടുത്തു. ഒടുവിൽ യു ഡി എഫ് സർക്കാർ അധികാരമൊഴിയുന്ന ഘട്ടത്തിലാണ് കൽപ്പറ്റ എസ് കെ എം ജെ സ്‌കൂളിൽ വെച്ച് മെഡിക്കൽ കോളജിന് തറക്കല്ലിടുന്നത്. പിന്നീട് എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ യു ഡി എഫ് സർക്കാർ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയ റോഡ് നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം 2016 ജൂലൈയിൽ ആരോഗ്യമന്ത്രി നിർവഹിച്ചു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും റോഡിന്റെ പ്രവൃത്തി എങ്ങുമെത്തിയില്ല. പ്രതിഷേധങ്ങൾ ശക്തമായതോടെ വീണ്ടും തറക്കല്ലിടൽ നടത്തുമെന്നും 600 കോടിയുടെ ഭരണാനുമതി പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. എന്നാൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. 2017 നവംബർ 23ലെ ഉത്തരവ് പ്രകാരം മെഡിക്കൽ കോളേജ് നിർമാണത്തിനു എസ്പിവിയായി ചുമതലപ്പെടുത്തിയ ഇൻകെൽ ഒമ്പതുനില കെട്ടിടത്തിന്റെ പ്ലാൻ തയാറാക്കി സർക്കാരിന് സമർപ്പിച്ചു.



ലഭ്യമായ ഫണ്ട് ഉപയോഗപ്പെടുത്തി കെട്ടിടം പണി തുടങ്ങാൻ നീക്കം നടക്കുന്നതിനിടെയാണ് വയനാട്ടിൽ പ്രകൃതിദുരന്തം ഉണ്ടായത്. പ്രളയനാന്തരം ഏർപ്പെടുത്തിയ നിർമാണ നിയന്ത്രണങ്ങൾ മെഡിക്കൽ കോളേജ് ഭൂമിയിൽ മൂന്നു നിലയിൽ കൂടുതൽ ഉയരത്തിൽ കെട്ടിടം പണിയാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി. ഇൻകെൽ പ്ലാൻ അനുസരിച്ച് നിർമാണം നടത്തുന്നതിനെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്നത്തെ ജില്ലാ കലക്ടർ എ.ആർ. അജയകുമാർ ഉപസമിതിക്കു രൂപം നൽകിയിരുന്നു. ഭൂപ്രദേശത്തിന്റെ സ്വാഭാവിക പ്രകൃതിക്കു കോട്ടം വരുത്താതെയും നിർച്ചാലുകളും താഴ്വരകളും സംരക്ഷിച്ചും വൃക്ഷനശീകരണം ഒഴിവാക്കിയും തട്ടുതട്ടായുള്ള നിർമാണം നടത്താമെന്ന് ഉപസമിതി ശിപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് പ്രകൃതിദുരന്തത്തിന്റെ പേരിൽ മടക്കിമലയിലെ ദാനഭൂമിയിൽ നിന്ന് മെഡിക്കൽ കോളജ് പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു.



മെഡിക്കൽ കോളജിനായി ചുണ്ടേലിലെ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളിലേക്ക് പിന്നീടാണ് സർക്കാർ നീങ്ങുന്നത്. ഇതിന് പിന്നാലെയാണ് നിർമ്മാണം വൈകുമെന്ന കാരണത്താൽ വയനാട്ടിലെ സ്വകാര്യമെഡിക്കൽ കോളേജായ ഡി എം വിംസ് ഏറ്റെടുക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ഇത് പ്രകാരം വിദഗ്ധസമിതി ആശുപത്രി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു. പിന്നീട് തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു. പക്ഷേ, ഉടൻ ഡി എം വിംസ് ഏറ്റെടുക്കുമെന്ന് കരുതിയിടത്താണ് പെട്ടന്ന് ഈ നിർദേശം ഉപേക്ഷിക്കുന്നതായി തീരുമാനിക്കുന്നത്. എന്തിരുന്നാലും വർഷങ്ങളായി സർക്കാർ മെഡിക്കൽ കോളജ് പ്രാവർത്തികമാകുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന വയനാട്ടുകാരെ നിരാശപ്പെടുത്തുന്നതാണ് പുതിയ തീരുമാനം.

మరింత సమాచారం తెలుసుకోండి: