വിജയ്, വിജയ് സേതുപതി എന്നിവർക്ക് പുറമെ മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയാഹ്, അർജ്ജുൻ ദാസ്, ശാന്തനു ഭാഗ്യരാജ്, നാസ്സർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാനഗരം, കൈതി തുടങ്ങിയ ശ്രദ്ധേയ ആക്ഷൻ ത്രില്ലറുകളൊരുക്കിയ ലോകേഷ് കനഗരാജാണ്. സേവിയർ ബ്രിട്ടോയാണ് മാസ്റ്റർ നിർമ്മിച്ചിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രത്തിനെ തീയ്യേറ്ററുകളുടെയും സീറ്റുകളുടേയും എണ്ണത്തിലെ കുറവ് ബാധിക്കുമോ, അതോ വരാനിരിക്കുന്ന ചിത്രങ്ങൾക്ക് ഊർജ്ജം പകർന്ന് മാസ്റ്റർ ചരിത്രം കുറിക്കുമോ എന്ന് കാത്തിരുന്ന് കാണാം. ജെ ഡി എന്ന് വിളിക്കുന്ന കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. ഈ പേരിന്റെ പൂർണ്ണരൂപം അവസാനം വരെ സംവിധായകൻ ഒളിപ്പിച്ചും വെക്കുന്നുണ്ട്, പക്ഷെ അത് എന്തിനുവേണ്ടി എന്നറിയില്ല. കൈതിയിലെ കാർത്തിയുടെ കഥാപാത്രത്തിൻ്റേത് പോലെ ജെഡിയുടെ ഫ്ലാഷ്ബാക്കും സംവിധായകൻ കൈകാര്യം ചെയ്യുന്നില്ല.


വിദ്യാർത്ഥികളേക്കാൾ മാനേജ്മെൻ്റിന് തലവേദനയാകുന്ന പ്രൊഫസറാണ് ജെ ഡി, എന്നാൽ സ്റ്റുഡന്റസിന് ഏറെ പ്രിയപ്പെട്ടവനും. ഒരു ഘട്ടത്തിൽ മൂന്ന് മാസത്തെ സമയത്തേക്ക് ഒരു ദുർഗ്ഗുണ പരിഹാര പാഠശാലയിൽ അദ്ധ്യാപകനായി ജെഡിക്ക് പോകേണ്ടി വരുന്നു.ചെറിയ തെറ്റുകൾ ചെയ്ത് അവിടെയെത്തിപ്പെടുന്ന കുട്ടികളെ താൻ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ മറയാക്കുന്ന വില്ലൻ കഥാപാത്രമാണ് ഭവാനി (വിജയ് സേതുപതി). ഒരേ വഴിയിൽ എതിൽ ദിശകളിലൂടെ സഞ്ചരിക്കുന്ന ഈ രണ്ട് പ്രധാന കഥാപാത്രങ്ങളുടെ ക്ലാഷാണ് ചിത്രത്തിൽ കാണാനുള്ളത്.മുൻ ചിത്രങ്ങളിലൂടെ തൻ്റെ രീതി പതിവ് തമിഴ് ചിത്രങ്ങളിൽ നിന്നും കുറച്ച് വ്യത്യസ്തമാണെന്ന് സംവിധായകൻ കാട്ടിത്തന്നിട്ടുള്ളതാണ്. മാസ്റ്ററിലും സംവിധായകൻ്റെ ഈ മായാജാലമാണ് പ്രകടമാകുന്നത്. തൻ്റെ ശൈലി കൈവിടാതെ തന്നെ ലോകേഷ് കനഗരാജ് മാസ്റ്ററിനെ ഒരു 'ദളപതി' ചിത്രമായും പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചുവെന്നത് അതിശയമാണ്.



 സംവിധായകൻ അവകാശപ്പെട്ടത് പോലെ മാസ്റ്റർ 50 ശതമാനം വിജയ് ചിത്രവും, 50 ശതമാനം സംവിധായകൻ്റേതുമാണ്. അപ്പോൾ പിന്നെ വിജയ് സേതുപതി?.., സംശയമൊട്ടും വേണ്ട മക്കൾ സെൽവൻ്റെ കഥാപാത്രവും ഒട്ടും ചെറുതല്ല.വിജയ്, വിജയ് സേതുപതി എന്നീ മുൻനിര താരങ്ങളെ ഒന്നിച്ച് കൊണ്ടുവരുമ്പോൾ ഒരാളുടെ ശോഭയിൽ മറ്റൊരാളുടെ തിളക്കം മങ്ങിയതായി തോന്നുമോയെന്ന് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. പക്ഷെ അങ്ങനെ സംഭവിച്ചിട്ടില്ല. ചെറിയൊരു രംഗത്തിൽ കടന്നുവരുമ്പോഴും വിജയ് സേതുപതി എന്ന നടൻ്റെ കാൽപ്പാടുകൾ അവിടെ പതിഞ്ഞിരിക്കും അതുറപ്പാണ്. വിജയ് എതിരെ നിൽക്കുന്നതിനാൽ വിജയ് സേതുപതിക്കോ, വിജയ് സേതുപതിക്കായി കുറേ രംഗങ്ങൾ പോയതിൽ ദളപതി വിജയ്ക്കോ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. മറിച്ച് ഇരുവർക്കും ലാഭമാണ് മാസ്റ്റർ നൽകുന്നത്. ഭാവിയിൽ തൻ്റെ അഭിനയജീവിതത്തെ വിശകലനം ചെയ്യുന്ന ഒരാൾക്കും ഭവാനി എന്ന കഥാപാത്രത്തെ ഒഴിവാക്കാനാകാത്ത വിധം മക്കൾ സെൽവൻ നടിച്ച് തകർത്തിരിക്കുന്നു.



ശക്തമായ ഒരു വില്ലൻ കഥാപാത്രമുളളയിടത്താണ് ഒരു ഹീറോയ്ക്കും അയാളുടെ മാസ്സ് ഹീറോയിസത്തിനും പ്രസക്തിയുള്ളത്. ഇവിടെ വിജയ് സേതുപതി തൻ്റെ ഭാഗം ക്ലിയറാക്കിയപ്പോൾ 'വിജയ്'യുടെ ആറാട്ട് ശരിക്കും കൊഴുത്തു.വിജയ് ചിത്രം കാണാൻ ടിക്കറ്റെടുക്കുന്ന ആരാധകരേയും സംവിധായകന് തൃപ്തിപ്പെടുത്തേണ്ടതുണ്ടല്ലോ, അതിനാൽ അത്തരം കാര്യങ്ങളെ വിമർശിക്കാൻ ഉദ്ദേശിക്കുന്നില്ല. 178 മിനുട്ട് നീണ്ട ഒരു ചിത്രം സാധാരണ ഗതിയിൽ തീയ്യേറ്ററിൽ വളരെ ലാഗിംങ് തോന്നിപ്പിക്കേണ്ടതാണ്. പക്ഷെ സമയക്കൂടുതൽ ഒരുപരിധി വരെ പോരായ്മയായി തോന്നില്ല എന്നതാണ് സത്യം. സാങ്കേതിക തികവും, പ്രിയ താരങ്ങളുടെ പ്രസൻസുമാണ് ഇവിടെ സഹായകരമാകുന്നത്. ഗില്ലി, പോക്കിരി, കത്തി, തെരി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രത്തിലേതടക്കം ഒരുപിടി വിജയ് കഥാപാത്രങ്ങളുടെ നിഴലിലായിരുന്നു ജെഡിയും, പക്ഷെ കഥാപാത്രത്തിൻ്റെ വ്യക്തിത്വം അങ്ങനെയൊതുക്കാൻ സംവിധായകൻ തയ്യാറായിട്ടില്ല. ഒരു വിജയ് ചിത്രമായി നിലനിർത്തുമ്പോഴും താൻ മനസ്സിൽ കരുതിയതുപോലെ മാസ്റ്ററെ നയിക്കാൻ ലോകേഷിന് കഴിഞ്ഞിരിക്കുന്നു.

మరింత సమాచారం తెలుసుకోండి: