ന്യൂഡൽഹി ∙ വ്യോമസേന വിങ് കമാൻ‌ഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് സൈനികൻ കൊല്ലപ്പെട്ടെന്നു സൂചന. സ്പെഷൽ സർവീസ് ഗ്രൂപ്പിലെ സുബേദാർ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ, അഭിനന്ദൻ പാക് പിടിയിലായതിനു ശേഷം പുറത്തുവിട്ട ചിത്രത്തിൽ ഉണ്ടായിരുന്ന ‘താടിയുള്ള’ ആൾക്ക് അഹമ്മദ് ഖാനോടു മുഖസാദൃശ്യമുണ്ടെന്നാണ് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിഗമനം. നിയന്ത്രണ രേഖലയിലെ നഖ്യാല മേഖലയിൽ ശനിയാഴ്ചയാണ് വെടിവയ്പ് ഉണ്ടായത്.

നൗഷേര, സുന്ദർബനി, പല്ലൻവാല മേഖലകളിൽ നുഴഞ്ഞുകയറ്റം സുഗമമാക്കുന്നതിനു പാക്ക് സൈന്യം പ്രത്യേകമായി അഹമ്മദ് ഖാനെ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. കശ്മീരിൽ ഭീകരവാദം സജീവമായി നിലനിർത്താനുള്ള പാകിസ്ഥാന്റെ പദ്ധതിയുടെ ഭാഗമായി അഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ഫോർവേഡ് പോസ്റ്റുകളിൽ പരിശീലനം നേടിയ ജയ്ഷെ മുഹമ്മദ് ഭീകരരെ വിന്യസിച്ചിരുന്നെന്നും സൂചനകൾ ഉണ്ട്.

കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസൻ വിമാനത്തിൽ പിന്തുടര്‍ന്ന അഭിനന്ദൻ വർധമാൻ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം മാർച്ച് ഒന്നിനു മോചിതനായി. ഇന്ത്യ അതിശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത്. ശ്രീനഗർ വ്യോമതാവളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അഭിനന്ദൻ സുരക്ഷാ കാരണങ്ങൾ മൂലം നിലവിൽ മറ്റൊരു ക്യാംപിലാണുള്ളത്.

Find out more: