വിചാറ്റ് ഉൾപ്പെടെയുള്ള പ്രമുഖ ചൈനീസ് മൊബൈൽ ആപ്പുകൾക്ക് നിരോധനവുമായി യുഎസ് ഫെഡറൽ സർക്കാർ രംഗത്ത്. ചൈനയ്ക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ച ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേയാണ് നടപടി.അലിപേ, വിചാറ്റ് പേ തുടങ്ങി ചൈനീസ് കമ്പനികളുമായി ബന്ധമുള്ള ആപ്പുകൾ നിരോധിച്ചാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉത്തരവിറക്കിയത്. 45 ദിവസത്തിനു ശേഷമാണ് എക്സിക്യൂട്ടീവ് ഓർഡർ നിലവിൽ വരിക. ഇതിനോടകം ഡോണൾഡ് ട്രംപ് സ്ഥാനമൊഴിഞ്ഞ് അടുത്ത പ്രസിഡൻ്റായി ജോ ബൈഡൻ ചുമതലയേൽക്കും. നിരോധിച്ച മൊബൈൽ ആപ്പുകൾ വഴി ചൈനീസ് സർക്കാർ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് ആരോപിച്ചാണ് നിരോധനം. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈറ്റ് ഡാൻസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള ടിക് ടോക് ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകളും മുൻപ് യുഎസ് നിരോധിച്ചിരുന്നുവെങ്കിലും ഇതിനെതിരെ കോടതി നടപടി സ്വീകരിച്ചതോടെ സർക്കാരിന് തിരിച്ചടിയായിരുന്നു.


  അതേസമയം, ജോ ബൈഡൻ സർക്കാരിൻ്റെ ഭാഗമായി സ്ഥാനമൽക്കുന്ന പുതിയ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാതെയാണ് ട്രംപ് ഉത്തരവ് പുറത്തിറക്കിയതെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ട്. ഡേറ്റ അടിസ്ഥാനമാക്കിയുള്ള ചൈനയുടെ തന്ത്രത്തിനെതിരെ ഇനിയും നടപടികൾ സ്വീകരിക്കുമെന്നും ലോകത്തെ അടിച്ചമർത്താനായി ഫോണിലുള്ള ചിത്രങ്ഹളും മെസ്സേജുകളും മാതാപിതാക്കൾക്ക് ഉൾപ്പെടെയുള്ള ഫോൺ കോളുകളും ചൈന ചോർത്തുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ലക്ഷക്കണക്കിന് ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനാൽ അവരുടെ വ്യക്തിവിവരങ്ങൾ സുരക്ഷാഭീഷണി നേരിടുന്നുണ്ടെന്നും അതുകൊണ്ടാണ് ഈ ആപ്പുകൾ സർക്കാർ നിരോധിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.



  അലിപേ, കാംസ്കാനർ, ക്യൂക്യൂ വാലറ്റ്, ടെൻസെൻ്റ് ക്യൂക്യൂ, വിമേറ്റ്, വിചാറ്റ് പേ, ഡബ്ല്യൂപിഎസ് ഓഫീസ് എന്നീ ആപ്പുകളാണ് എക്സിക്യൂട്ടീവ് ഓർഡർ പ്രകാരം നിരോധിച്ചിട്ടുള്ളത്.ആപ്പ് നിരോധനത്തിൻ്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് ഉൾപ്പെടുത്തേണ്ടതെന്ന് വാണിജ്യ സെക്രട്ടറിയോടും വിശദീകരണം തേടിയിട്ടുണ്ട്. ഈയിടെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി ഇറാൻ എത്തിയത്.



  ജുഡീഷ്യറി വക്താവാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.2020 ജനുവരി മൂന്നിനാണ് ഖാസിം സൊലൈമാനി യുഎസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തിൽ വെച്ച് ഡ്രോൺ ആക്രമത്തിലൂടെയായിരുന്നു കൊലപാതകം. രാജ്യേന്തര നിയമങ്ങൾ പാലിക്കാതെയാണ് യുഎസ് ആക്രമണം നടത്തിയതെന്ന് ഇറാൻ പറയുന്നു. 

మరింత సమాచారం తెలుసుకోండి: