പിന്നീട് ഉപതെരഞ്ഞെടുപ്പിൽ പത്തനംതിട്ടയും നഷ്ടമായതോടെ കോൺഗ്രസ് ജനപ്രതിനിധികളില്ലാത്ത ജില്ലകളുടെ എണ്ണം അഞ്ചായിരുന്നു. കോൺഗ്രസിനും യുഡിഎഫിനും തിരിച്ചടി നേരിട്ട ജില്ലകൾ പരിശോധിക്കാം. കാസർകോട് ജില്ല കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി തുടർന്ന് വന്ന പതിവ് ഇത്തവണയും മാറ്റിയില്ല. ജില്ലയിൽ നിന്ന് ഒരു കോൺഗ്രസ് പ്രതിനിധിയ്ക്കും ഇത്തവണ വിജയിക്കാനായിട്ടില്ല. 1987ലാണ് കാസർകോട് നിന്ന് അവസാനമായി കോൺഗ്രസ് അംഗങ്ങൾ നിയമസഭയിലെത്തുന്നത്. ഉദുമയിൽ നിന്നും കാഞ്ഞങ്ങാട് നിന്നുമായിരുന്നു ഇത്.
പിന്നീട് ഇതുവരെയും കോൺഗ്രസ് സ്ഥാനാർഥികൾക്ക് വിജയം നേടാനായില്ല. അതേസമയം അഞ്ച് മണ്ഡലങ്ങളുള്ള ജില്ലയിൽ ഇത്തവണയും യുഡിഎഫിന് രണ്ട് സീറ്റുകളുണ്ട്. കാസർകോടും മഞ്ചേശ്വരവും. രണ്ടിടത്ത് നിന്നും ലീഗ് അംഗങ്ങളാണ് വിജയിച്ചത്. ഇത്തവണ കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചത്. രണ്ടിടത്തും പരാജയപ്പെട്ടു. തൃക്കരിപ്പൂരിൽ കേരളാ കോൺഗ്രസാണ് മത്സരിച്ചത്, അവിടെയും പരാജയമായിരുന്നു ഫലം. കോഴിക്കോട് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ പതിനൊന്ന് ഇടത്തും എൽഡിഎഫാണ് വിജയിച്ചത്. ശേഷിക്കുന്ന രണ്ടിടങ്ങളിൽ ഒന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആർഎംപിയും ഒന്ന് മുസ്ലീം ലീഗും വിജയിച്ചു. ഇത്തവണയും കോൺഗ്രസിന് ഇവിടെ നിന്ന് ആരെയും സഭയിലെത്തിക്കാനായില്ല.
ഇടുക്കി ജില്ലയിലെ അഞ്ച് സീറ്റുകളിൽ നാലും ഇത്തവണ ഇടത് പക്ഷത്തിനാണ് ലഭിച്ചത്. യുഡിഎഫിന് ലഭിച്ചത് ഒന്ന് മാത്രം. ഇടുക്കിയിലും കോൺഗ്രസിന് സീറ്റുകളൊന്നും ലഭിച്ചിട്ടില്ല. യുഡിഎഫിനുള്ള ഏക സീറ്റ് തൊടുപുഴയിൽ കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫിന്‍റേതാണ്. ഇടുക്കി കേരളാ കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിനിലൂടെ എൽഡഎഫിന് ലഭിച്ചപ്പോൾ ദേവികുളത്ത് എ രാജ (സിപിഎം), ഉടുമ്പൻചോല എംഎം മണി (സിപിഎം), പീരുമേട് വാഴൂർ സോമൻ (സിപിഐ) എന്നിവരും നേടി.
കഴിഞ്ഞതവണയും ഇടത് പക്ഷത്തിന് 11 സീറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് സീറ്റുകൾ മുസ്ലീം ലീഗിനും. ഇത്തവണ കുറ്റ്യാടിയും കോഴിക്കോട് സൗത്തും എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ, വടകരയും കൊടുവള്ളിയുമാണ് യുഡിഎഫ് നേടിയത്. നാല് ജില്ലകളിൽ സീറ്റൊന്നും ഇല്ല എന്നത് പോലെ തന്നെ, അഞ്ചിടത്ത് കോൺഗ്രസിന് ഒരംഗം മാത്രമേ ഉള്ളൂ എന്നതും പാർട്ടി നേതൃത്വത്തിന് തിരിച്ചടിയായിരിക്കുകയാണ്.
മലപ്പുറത്ത് വണ്ടൂരിൽ എപി അനിൽ കുമാർ, പാലക്കാട്- ഷാഫി പറമ്പിൽ, തൃശൂരിലെ ചാലക്കുടിയിൽ സനീഷ് കുമാർ, ആലപ്പുഴയിൽ ഹരിപ്പാട് രമേശ് ചെന്നിത്തല, തിരുവനന്തപുരത്ത് കോവളം- എം വിൻസെന്‍റ് എന്നിവരാണ് ഒരംഗം മാത്രമുള്ള ജില്ലകളും ജേതാക്കളും. ഇതിൽ തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ യുഡിഎഫിനുള്ളതും ഈ ഒറ്റ സീറ്റാണെന്നത് തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.
click and follow Indiaherald WhatsApp channel