സുധാകരന് ആർത്തവം അശുദ്ധി, പഠിപ്പിച്ചത് വെറുതെയായി!" ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർത്ത് ഹിന്ദുത്വ സംഘടനകളും കോൺഗ്രസും പ്രതിഷേധിക്കവെ കെ സുധാകരൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വൈറലായി മാറുന്നത്. "ആർത്തവം ശാരിരിക അശുദ്ധിതന്നെയാണ്. ഇന്ത്യൻ ഭരണഘടന ഉണ്ടാകുന്നതിനു മുമ്പുള്ള വിശ്വാസമാണിത്. അത്തരം വിശ്വാസങ്ങൾ തിരുത്താനാകില്ല." സ്ത്രീത്വത്തിനെതിരായുള്ള കെ സുധാകരന്റെ ആദ്യത്തെ പ്രസ്താവനയല്ല ഇത്. കെ കെ രമയ്ക്കെതിരായ പരാമർശത്തിൽ എം എം മണിക്കെതിരെ കടുത്ത വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തുമ്പോഴാണ് അദ്ദേഹത്തിന്റെ പഴയ സ്ത്രീവിരുദ്ധ പ്രസ്താവനകൾ ചർച്ചയാകുന്നത്.
അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരനാണ് മണി. കേരളത്തിന്റെ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതീകമായ രമയ്ക്ക് കോൺഗ്രസിന്റെ എല്ലാ പിന്തുണയും ഉണ്ടാകും എന്നാണ് സുധാകരൻ മണിയുടെ പരാമർശത്തെക്കുറിച്ച് പ്രതികരിച്ചത്. ഇപ്പോൾ സ്ത്രീമുന്നേറ്റത്തെക്കുറിച്ച് പറയുന്ന സുധാകരന്റെ വിവാദമായ ചില പരാമർശങ്ങൾ നോക്കാം. 2013 വനിതാ ദിനത്തിൽ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ കെ സുധാകരൻ പറഞ്ഞത് ഇങ്ങനെ- "സ്ത്രീകളുമായി പഴയതുപോലെ സംസാരിക്കാനും ഇടപഴകാനും ഇപ്പോൾ എനിക്ക് പേടിയാണ്. എന്നെ ഒന്നു നോക്കി എന്ന് ഒരു സ്ത്രീ പറഞ്ഞാൽ ശിക്ഷ ഉറപ്പാണ്. പുതിയ നിയമം വരുമ്പോൾ സാക്ഷി പോലും വേണ്ട. സാധാരണ അടുപ്പമുള്ള വനിതകളെ കാണുമ്പോൾ തോളിൽ തട്ടാറുണ്ട്. ഇനി ശരീരത്തിൽ തൊടുന്ന ഏർപ്പാടില്ല. ഐസ്ക്രീം കേസിലെ റജീനയുടെ കൂടി നാടാണിത്.
അവർ എത്ര തവണ മൊഴി മാറ്റി. എത്ര തവണ പണം വാങ്ങി. സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് വ്യാകുലപ്പെടുമ്പോൾ ഞങ്ങൾ പുരുഷന്മാർ ഞങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചാണ് വ്യാകുലപ്പെടുന്നത്." 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ സുധാകരൻ നടത്തിയ പ്രചാരണങ്ങളൊക്കെയും സ്ത്രീവിരുദ്ധതയിൽ കേന്ദ്രീകരിച്ചായിരുന്നു. സുധാകരന്റെ എതിർ സ്ഥാനാർത്ഥിയായ പി കെ ശ്രീമതി ടീച്ചറെ ലക്ഷ്യമിട്ടായിരുന്നു പ്രചാരണ വീഡിയോ. കണ്ണൂർ ഭാഷാ ശൈലിയിൽ തയ്യാറാക്കിയ വീഡിയോയിൽ സ്ത്രീകൾ വീതം വാങ്ങിക്കുന്നതായിരുന്നു വിഷയം. ഇതിനിടെ ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി, ഓനെ പറഞ്ഞുവിട് ഓൻ ആൺകുട്ടിയാണ് എങ്കിലെ കാര്യം നടക്കൂ, തുടങ്ങിയ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും ഉൾപ്പെട്ടു. സംഭവം വിവാദമായെങ്കിലും മാപ്പ് പറയാൻ സുധാകരൻ തയ്യാറായില്ല.
"ഇരട്ടച്ചങ്ക്, മുച്ചങ്ക് എന്നൊക്കെ പറഞ്ഞ് സിപിഎമ്മിന്റെ ആളുകൾ മുഖ്യമന്ത്രിയെ അങ്ങ് പൊക്കിയടിക്കുമ്പോൾ ഞങ്ങളൊക്കെ വിചാരിച്ചു പിണറായി വിജയൻ മുഖ്യമന്ത്രിയായാൽ ആണുങ്ങളെപ്പോലെ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്നു മാത്രമല്ല പെണ്ണുങ്ങളെക്കാൾ മോശമായി എന്നുള്ളതാണ് യാഥാർത്ഥ്യം." എന്നാൽ സംഭവത്തിൽ വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ കെ സുധാകരൻ പിന്നീട് മാപ്പ് പറഞ്ഞു. താൻ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നായിരുന്നു സുധാകരന്റെ തിരുത്ത്. എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ച അതേ ദിവസമായിരുന്നു സുധാകരന്റെ സ്ത്രീവിരുദ്ധ പ്രസ്താവന.
Find out more: