തൃക്കാക്കരയിൽ പ്രചാരണം തുടങ്ങാൻ എഎൻ രാധാകൃഷ്ണൻ! ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആരാകണമെന്ന കാര്യത്തിൽ ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്ന് അന്തിമ നിർദേശം ഇനിയും വരാത്തതിനാൽ എഎൻ രാധാകൃഷ്ണനോട് ബിജെപി സംസ്ഥാന നേതൃത്വം പ്രചാരണം തുടങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. തൃക്കാക്കരയിൽ എൽഡിഎഫും യുഡിഎഫും പ്രചാരണം ശക്തിപ്പെടുത്തുന്നതിനിടെയും ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി നിർണയം വൈകുന്നു. എഎൻ രാധാകൃഷ്ണൻ തന്നെയായിരിക്കും തൃക്കാക്കരയിൽ സ്ഥാനാർഥിയെന്ന് മുൻപു തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഔദ്യോഗിക തീരുമാനവും എഎൻ രാധാകൃഷ്ണന് അനുകൂലമാകുമെന്നാണ് ബിജെപി സംസ്ഥാന ഘടകം കരുതുന്നത്. ഈ സാഹചര്യത്തിലാണ് സമയം നഷ്ടപ്പെടുത്താതെ പ്രചാരണം തുടങ്ങാനുള്ള നിർദേശം.
എന്നാൽ എഎൻ രാധാകൃഷ്ണന് വോട്ട് അഭ്യർഥിച്ചു കൊണ്ടുള്ള ചുവരെഴുത്തുകളൊന്നും മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇന്നു തന്നെ ബിജെപി സ്ഥാനാർഥി ആരെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപിയുടെ മുതിർന്ന നേതാവായ എഎൻ രാധാകൃഷ്ണനോട് തൃക്കാക്കരയിൽ പ്രചാരണം തുടങ്ങാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയെന്നാണ് 24 റിപ്പോർട്ട് ചെയ്യുന്നത്. എഎൻ രാധാകൃഷ്ണനു പുറമെ ബിജെപി സംസ്ഥാന സെക്രട്ടറി ടിപി സിന്ധുമോൾ, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റ് ഒ എം ശാലീന, എസ് ജയകൃഷ്ണൻ എന്നിവരുടെ പേരുകളും ബിജെപിയുടെ പരിഗണനയിലുണ്ട്. എന്നാൽ എഎൻ രാധാകൃഷ്ണൻറെ പേരിനാണ് ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നത്.
തൃക്കാക്കരയിലെ സ്ഥാനാർഥി ആരാണെന്ന് രണ്ട് ദിവസത്തിനകം അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പാർട്ടി സ്ഥാനാർഥി തന്നെയായിരിക്കും തൃക്കാക്കരയിൽ മത്സരിക്കുകയെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. തൃക്കാക്കയിൽ പരമ്പരാഗതമായുള്ള ബിജെപി വോട്ടുകളും ട്വൻറി 20യുടെ നേതൃത്വത്തിലുള്ള ബദൽ മുന്നണിയുടെ അഭാവവും ഗുണം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്. അതേസമയം, എൽഡിഎഫും യുഡിഎഫും മണ്ഡലത്തിൽ പ്രചാരണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകനും ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനുമായ ഡോ. ജോ ജോസഫാണ് എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് ജോ ജോസഫിൻ്റെ പേര് തെരഞ്ഞെടുത്തത്.
അതേസമയം, ഇടതു സ്ഥാനാർഥി കത്തോലിക്കാ സഭയുടെ നോമിനാണെന്ന തരത്തിൽ യുഡിഎഫ് വൃത്തങ്ങൾ പ്രചാരണം നടത്തിയെങ്കിലും കോൺഗ്രസ് നതാക്കൾ ഇത് തള്ളി രംഗത്തെത്തി. സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടിട്ടില്ലെന്നാണ് സിപിഎമ്മിൻ്റെയും വിശദീകരണം. തൃക്കാക്കര മണ്ഡലത്തിൻ്റെ ചുമതലയുള്ള ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സംസ്ഥാന സെക്രട്ടറി എസ് സുരേഷും അടങ്ങുന്ന സമിതിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത്. ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കോഴിക്കോട് എത്തിയിരുന്നു.
Find out more: