ജെൻഡർ ന്യൂട്രൽ യൂണിഫോമും മുസ്ലീം ലീഗ് നേതാവ് എംകെ മുനീറും! മുഖ്യമന്ത്രിയും ഭാര്യയും കൂടി യാത്ര ചെയ്യിക്കുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാൻ്റ് ഇടീക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സാരിയും ബ്ലൗസും ധരിച്ചാൽ എന്താണ് കുഴപ്പമെന്നുമായിരുന്നു എം കെ മുനീറിൻ്റെ ചോദ്യം. ജെൻഡർ ന്യൂട്രൽ യൂണിഫോമിൻ്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച മുസ്ലീം ലീഗ് നേതാവ് എംകെ മുനീറാണ് പുതിയ വിവാദനായകൻ.  വളയൻചിറങ്ങരയലെ സർക്കാർ സ്കൂളിൽ നടപ്പാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോം മറ്റു പല സ്കൂളുകളും ഏറ്റെടുത്തതിനു പിന്നാലെ ഈ ആശയത്തെ പിന്തുണച്ച് എൽഡിഎഫ് സർക്കാരും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതുമായി വിദ്യാഭ്യാസ വകുപ്പ് അധികദൂരം പോയില്ല. എന്നാൽ മാസങ്ങൾക്കു ശേഷം വീണ്ടും പാർട്ടി വേദിയിൽ സർക്കാരിനെതിരെ ജെൻഡർ ന്യൂട്രൽ യൂണിഫോം ആയുധമാക്കി രംഗത്തെത്തിയിരിക്കുകയാണ് എം കെ മുനീർ. 





  വിവാദപരാമർശത്തിൽ സോഷ്യൽ മീഡിയയിൽ മുനീറിനെതിരെ വിമർശനം ശക്തമായിട്ടുണ്ട്. എന്നാൽ വിവാദത്തോടു പ്രതികരിക്കാൻ യുഡിഎഫ് നേതാക്കൾ തയ്യാറായിട്ടില്ല. ആൺകുട്ടികൾക്ക് ചുരിദാർ ചേരില്ലേ എന്നും, ജെൻഡർ ന്യൂട്രാലിറ്റി പറഞ്ഞ് ലിംഗ അസമത്വമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എം കെ മുനീർ ആരോപിച്ചു. മതമില്ലാത്ത ജീവൻ എന്നു പറഞ്ഞ് മതനിഷേധത്തെ കടത്തിയതു പോലുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തെ ലീഗ് അടക്കമുള്ള യാഥാസ്ഥിതിക പാർട്ടികൾ എതിർത്താലും ഇത് അത്ര പുതിയ ആശയമല്ല എന്നതാണ് വാസ്തവം. അനുകൂലിച്ചാലും എതിർത്താലും ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തെ ആണ്, പെണ്ണ് എന്നീ ദ്വയങ്ങൾ മാത്രം മനസ്സിൽ കണ്ടുള്ള വിലയിരുത്തലാണ് ഒരു ഡോക്ടർ കൂടിയായ എം കെ മുനീർ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. 




  ട്രാൻസ്ജെൻഡർ വിഭാഗങ്ങളെ അടക്കം സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനും വസ്ത്രത്തിൻ്റെ പേരിലുള്ള അസമത്വങ്ങളും അവസരങ്ങളുടെ നിഷേധവും ഒഴിവാക്കാനുമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത് എന്നാണ് ഈ ആശയത്തെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ലൈംഗികവിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങളിൽ കേരളത്തിലെ പൊതുസമൂഹത്തിന് പൂർണമായും യോജിപ്പില്ല. ഈ വിഷയങ്ങളിൽ വലതുപക്ഷ സംഘടനകൾ പ്രതിഷേധവുമായി എത്തുന്നതാണ് കേരളത്തിലെ ചരിത്രം. അതേസമയം ജെൻഡർ ന്യൂട്രൽ യൂണിഫോമിനു പിന്നാലെ ലിംഗേതര ശുചിമുറികൾ, ലൈംഗികവിദ്യാഭ്യാസം, ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിക്കൽ ഒഴിവാക്കുന്നതിനുള്ള നടപടികൾ എന്നിങ്ങനെ പുരോഗമനപരമായ പല ചർച്ചകളും കേരളത്തിൽ നടന്നു.



എന്നാൽ കേരളത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം ആദ്യമായി നടപ്പാക്കിയത് സ്കൂളുകളിലാണ് എന്നു പറയാനാകില്ല. സൈനികവിഭാഗങ്ങളിലും പോലീസിലും പണ്ടേ ലിംഗഭേദമില്ലാതെ ഒരേ യൂണിഫോമുണ്ട്. കായികാധ്വാനം വേണ്ടി വരുന്ന പല ജോലികളിലും സൗകര്യപ്രദവും ശരീരത്തെ സ്വതന്ത്രമായി പ്രവർത്തിപ്പിക്കാനാകുന്നതുമായ പാൻ്റ്സും ഷർട്ടും അടക്കമുള്ള വസ്ത്രങ്ങളാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

Find out more: