മന്ത്രിമാർ ഓഫിസിൽ ഇരുന്നാൽ പോരാഎന്ന് കോടിയേരി ബാലകൃഷ്ണൻ! സിപിഎം സംസ്ഥാന സമിതിയിൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ വിമർശനമുണ്ടായെന്ന് സ്ഥിരീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തര വകുപ്പിനെതിരെയും വിമർശനം ഉണ്ടായെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാർ ഓഫിസിൽ മാത്രം കേന്ദ്രീകരിക്കുന്നത് അവസാനിപ്പിക്കാൻ പാർട്ടി നിർദേശം നൽകിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'മന്ത്രിമാരുടെ പ്രവർത്തനത്തിൽ പോരായ്മ പാർട്ടി തന്നെയാണ് ചർച്ച ചെയ്യേണ്ടത്. അത് ഞങ്ങൾ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവർത്തനങ്ങളാണ് ഇത്തവണ ചർച്ച ചെയ്തത്. മന്ത്രിമാർ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തിൽ നിർദേശം നൽകിയിട്ടുണ്ട്', കോടിയേരി പറഞ്ഞു.






  'തുടക്കം ആയതിനാൽ ഓഫിസുകൾ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഓൺലൈൻ സംവിധാനം വന്നതോട് കൂടി ചില പരിപാടികൾ അതിലൂടെ ക്രമീകരിക്കുന്നതിന് സൗകര്യമെടുക്കുന്നുണ്ട്. അതിനെല്ലാം ഒരു മാറ്റം ബന്ധപ്പെട്ടവർ വരുത്തണമെന്ന നിർദേശം പാർട്ടി നൽകിയിട്ടുണ്ട്' അദ്ദേഹം വ്യക്തമാക്കി. 'ഓൺലൈൻ മാത്രം പോരാ. മന്ത്രിമാർ കൂടുതൽ സജീവമാകണം. മന്ത്രിമാർ നാട്ടിലിറങ്ങി സംസ്ഥാനത്തുടനീളം യാത്ര ചെയ്യേണ്ടതുണ്ട്. മന്ത്രിമാരുടെ പ്രവർത്തനത്തിലെ പോരായ്മ പാർട്ടിയല്ലേ ചർച്ച ചെയ്യുകയെന്ന്' കോടിയേരി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.





  'ലോകായുക്ത നിലപാടിൽ സിപിഐക്കുള്ള എതിർപ്പ് സംബന്ധിച്ച് തങ്ങൾ നേരത്തെ ചർച്ച ചെയ്തതാണ്. ഇക്കാര്യത്തിൽ അവരുമായി തെറ്റിന്റെ പ്രശ്‌നമില്ല. ചർച്ച ചെയ്തിട്ടേ മുന്നോട്ടുപോകൂ. ഓർഡിനൻസ് ഒപ്പിടാത്ത ഗവർണറുടെ നടപടി അസാധാരണമായ സാഹചര്യമാണ്. ദുരൂഹമാണ് ഗവർണറുടെ നിലപാട്. ഇക്കാര്യത്തിൽ ഞങ്ങൾ ആരോടും പോരിനൊന്നുമില്ല. ഇത്രയും കാലം അദ്ദേഹം എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു. 




ഞങ്ങൾ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇത്രയും കടുത്ത നിലപാടിലേക്ക് ഗവർണർ വന്നത് ഇപ്പോവാണ്. ഓർഡിനൻസ് നിരസിച്ചതിന്റെ കാരണം വ്യക്തമാക്കുന്നില്ല', കോടിയേരി പറഞ്ഞു. 'മന്ത്രിമാരെ മാറ്റേണ്ട സ്ഥിതിയൊന്നുമില്ല. ആഭ്യന്തര വകുപ്പിനെ കുറിച്ചും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പോലീസ് വകുപ്പിനെ കുറിച്ച് എല്ലാകാലത്തും വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം, രാജ്യത്തെ ക്രമസമാധാനനില ഏറ്റവും ഭദ്രമായി നിൽക്കുന്നത് കേരളത്തിലാണ്', കോടിയേരി കൂട്ടിച്ചേർത്തു.

Find out more: