അട്ടപ്പാടിയിലുള്ള ഇംഗ്ലീഷ് ടീച്ചർക്ക് ഇംഗ്ലീഷ് മാത്രമല്ല ജർമനും വഴങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ്. ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്തതിനാൽ കളിച്ചുനടക്കുകയായിരുന്നു അനിയത്തിയുൾപ്പെടെ കോളനിയിലെ കുട്ടികൾ. അങ്ങനെയാണ് എട്ടാം ക്ലാസുകാരിയായ അനാമിക അപ്രതീക്ഷിതമായി ടീച്ചറായി മാറുന്നത്. ഹിന്ദിയും ഇംഗ്ലീഷും ആവശ്യമെങ്കിൽ ജർമ്മനും പഠിപ്പിക്കാനറിയാം അനാമികയ്ക്ക്. സ്‌പോർട്‌സിലും മികവുതെളിയിച്ചിട്ടുണ്ട്.ആറാം ക്ലാസ് മുതൽ അനാമിക ജർമൻ ഭാഷ പഠിയ്ക്കുന്നുണ്ട്. തിരുവനന്തപുരം ജവഹർ നവോദയ വിദ്യാലയത്തിലാണ് അനാമിക പഠിക്കുന്നത്. അനിയത്തി മൗലിക അഗളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഞ്ചാം ക്ലാസിലും. നാടൻ പാട്ടുകലാകാരൻ സുധീറും സജിയുമാണ് അച്ഛനും അമ്മയും.



കൊവിഡ്‌പ്പേടിയിൽ സ്‌കൂൾ അടച്ചപ്പോഴാണ് അനാമിക അട്ടപ്പാടിയിലെ വീട്ടിലെത്തിയത്. കോളനിയിലെ ടീച്ചറായതും.അട്ടപ്പാടിയിൽ ആനക്കട്ടി ഇരുള കോളനയിലാണ് ഈ മിടുക്കി ടീച്ചർ അനാമിക. ഓൺലൈൻ ക്ലാസ് ആരംഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സ്മാർട്ട് ഫോൺ കിട്ടിയിരുന്നു. രണ്ടുപേർക്കും കൂടിയായിരുന്നു ഒരു സ്മാർട്ട് ഫോൺ. പക്ഷേ കറന്റ് ഇല്ലാത്തതിനാൽ ചാർജ് ചെയ്യാൻ അടുത്തവീടായിരുന്നു ആശ്രയം. പിന്നീട് തിരുവനന്തപുരത്തെ സ്‌കൂളിൽ നിന്ന് ഒരു ഫോൺ കൂടി കിട്ടി. ഓണത്തിന് വീട്ടിൽ വൈദ്യുതിയുമെത്തി. ജൂലൈ മുതൽത്തന്നെ കോളനിയിലെ കുട്ടികളെ പഠിപ്പിച്ചുതുടങ്ങിയിരുന്നു. ഫോണും കറന്റുമുണ്ടായിട്ടും ഇന്റർനെറ്റ് സൗകര്യമില്ലാതെ പഠനം മുടങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു.കുട്ടികളുടെ കൂട്ടായ്മയ്ക്ക് റോട്ടറി ക്ലബ്ബ് ടെലിവിഷനും പഠനോപകരണങ്ങളും സൗജന്യമായി എത്തിച്ചുനൽകി.



 ബി ആർ സി കോഡിനേറ്റർ വിജയൻ, വോയിസ് ഓഫ് അട്ടപ്പാടി കലാകാരൻ മുരളി. കുപ്പുസ്വാമി എന്നിവരും ക്ലാസുകൾക്ക് പിന്തുണ നൽകി. വന്യജീവി വാരാഘോഷത്തിൽ വനായനം പദ്ധതിയിലുൾപ്പെടുത്തി അനാമികയ്ക്കും കൂട്ടുകാർക്കും ഒരും സൈലന്റ് വാലി ട്രിപ്പും കിട്ടി. അനാമികയുടെ ജർമൻ ടീച്ചർ ഓൺലൈൻ വഴി പഠിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.അച്ഛൻ സുധീറാണ് കുട്ടികളെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഐഡിയ നൽകിയത്. വീടിന് മുന്നിലെ ഓല ഷെഡാണ് ക്ലാസ് മുറി. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 14 പേർ ക്ലാസിലുണ്ട്. രാവിലെ ഒൻപതുമണി മുതൽ ഉച്ചയ്ക്ക് ഒന്നരവരെയാണ് ക്ലാസ്.




എഴുത്തും വായനയുമാണ് പഠിപ്പിക്കുന്നത്. പാഠപുസ്തകത്തിലെ ഒരക്ഷരംപോലും വായിയ്ക്കാനറിയാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. അവരെയെല്ലാം പഠിപ്പിച്ചെടുത്തുകഴിഞ്ഞു. ഓൺലൈൻ ക്ലാസുകളും ഈ കൂട്ടായ്മയിൽ വെച്ചുകാണും.അഞ്ചാം ക്ലാസുവരെ തിരുവനന്തപുരം വെള്ളല്ലൂരിലായിരുന്നു അനാമികയുടെ പഠനം. അന്ന് അച്ഛൻ സുധീർ കിളിമാനൂരിൽ റബർടാപ്പിങ് തൊഴിൽ നോക്കുകയായിരുന്നു. വരമൊഴിക്കൂട്ടം എന്ന സമിതിയിൽ പാട്ടുംപാടിയായിരുന്നു ഉപജീവനം. ഇല്ലായ്മകളുടെയും അസൗകര്യങ്ങളുടെയും നടുവിൽ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പേരായി മാറിയ അനാമികയെ ഇക്കൊല്ലത്തെ യുആർഎഫ് യൂത്ത് ഐക്കൺ പുരസ്‌ക്കാരവും തേടിയെത്തി. 

మరింత సమాచారం తెలుసుకోండి: