
പൊങ്കാലയും കോവിഡും എന്നാണ് കുറിപ്പിന്റെ തലക്കെട്ട്
മാർച്ച് 7, 8 തീയതികളിൽ ഏതാണ്ട് ഒന്നര ലക്ഷത്തോളം മനുഷ്യർ ആറ്റുകാൽ പൊങ്കാലയ്ക്ക് വേണ്ടി തിരുവനന്തപുരം നഗരത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരും. ഇതേസമയം, കോവിഡ് 19 എന്ന അതിവേഗം പടരുന്ന കൊറോണ വൈറസ് ചൈനയിൽ നിന്ന് ആരംഭിച്ച് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലൂടെ, യൂറോപ്പിലൂടെ, അമേരിക്കയിലൂടെ ലോകമെമ്പാടും പടർന്നു പിടിക്കുകയുമാണ്.
ആറ്റുകാൽ പൊങ്കാല കൊറോണ പടർത്തുമോ? ഒന്ന് ഇരുത്തി ചിന്തിച്ചാൽ വളരെ പ്രസക്തമായ ചോദ്യമല്ലേ? എന്ത് കൊണ്ട് ഈ ചോദ്യം പ്രസക്തമാകുന്നു എന്ന് സാമൂഹ്യ നിരീക്ഷകനായ ജെ ആർ സന്തോഷ് കുമാർ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്രകാരമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ്.
ഇന്ത്യയിലും കേരളത്തിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു. നിരവധിപേർ നിരീക്ഷണത്തിലാണ്. ആറ്റുകാൽ ക്ഷേത്ര ഭാരവാഹികളുമായും, പൊങ്കാല നടത്തിപ്പുകാരുമായും, സംസ്ഥാന ഗവൺമെൻറ്റുമായും, ആരോഗ്യ വകുപ്പുമായും പൊങ്കാല സമയത്ത് പടർന്നു പിടിക്കാതിരിക്കാനായി ഈ വൈറസ് ഒരു ധാരണയിലും ഇതുവരെ എത്തിയിട്ടില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പൊങ്കാലയ്ക്കായി എത്തുന്ന ഭക്തന്മാരുടെ ശരീരത്തിൽ കയറിക്കൂടി വഴിയിലുടനീളവും, തിരുവനന്തപുരം നഗരത്തിലും രോഗസംക്രമണത്തിന് ഇടവരുത്തില്ല എന്ന് മേൽപ്പറഞ്ഞ കക്ഷികൾക്ക് കോവിഡ് ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് മാത്രമല്ല ഇതുവരെ വിഷയത്തിൻമേൽ ഒരു ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല. ഭാഗവാന്മാർക്കും ഭഗവതിമാർക്കും വേണ്ടി ജീവൻ പോലും കളയാൻ മടിയില്ലാത്തവരാണ് കേരളത്തിലെ ഭക്തജനങ്ങൾ.
ശബരിമല അയ്യപ്പന്റെ കാര്യത്തിൽ നാം അത് കണ്ടതാണ്. കോവിഡ് 19 നെ അവർ തെറിവിളിക്കുകയോ പുച്ഛിക്കുകയോ, വേണ്ടി വന്നാൽ പുഷ്പം പോലെ ജീവത്യാഗം ചെയ്ത് വെല്ലുവിൽക്കുകയോ ചെയ്യട്ടെ. അതിനുള്ള അവരുടെ അവകാശത്തെ ഭരണഘടന പ്രകാരം ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. പക്ഷെ മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ലല്ലോ.
കേരളത്തിലും രാജ്യത്തുമുള്ള ക്യാൻസർ രോഗികൾ ചികിസിക്കാൻ വരുന്ന RCC, തലച്ചോറും ഹൃദയത്തിലും തകരാറ് ബാധിച്ചവർ ചികിൽസിക്കാൻ വരുന്ന ശ്രീചിത്ര, സ്ത്രീകൾ പ്രസവിക്കാൻ കാത്തുകിടക്കുന്ന SAT, ഭീമൻ മെഡിക്കൽ കോളേജ്, ഇതിന്റെ പത്തിരട്ടി രോഗികൾ എത്തുന്ന വമ്പൻ സ്വകാര്യ ആശുപതികൾ, ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ശിശുരോഗ ആശുപത്രികൾ, രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വമ്പൻ സർക്കാർ സ്വകാര്യ സ്‌കൂളുകൾ എന്നിങ്ങനെ സകലവിധ സ്ഥാപന സാമിഗ്രികളും ഇട്ടാവട്ടത്ത് തിങ്ങി നിറഞ്ഞ നഗരമാകുന്നു തിരുവനന്തപുരം.
അതിനുള്ളിലേക്ക് ഒന്നര ലക്ഷം ഭക്തജനങ്ങൾ കൂടി വന്നു നിറയുമ്പോൾ നഗരം കോവിഡ് 19 നെ പ്പോലെയുള്ള ഒരു വൈറസിന് തഴച്ചു വളരാൻ കഴിയുന്ന ഒരു കൾച്ചർ മീഡിയമായി തീരും. രോഗാണു കടന്നുവന്നാൽ എത്ര പേരിലേക്ക് എങ്ങനെയൊക്കെ ബാധിക്കുമെന്ന് ആർക്കെങ്കിലും ഊഹിക്കാൻ കഴിയുമോ? മേൽപ്പറഞ്ഞ ആശുപത്രിയിൽ കഴിയുന്ന രോഗകളിലേക്ക് വൈറസ് എത്തിയാൽ അത് ഗുരുതരമായ പ്രത്യാഘാതം തന്നെ ഉണ്ടാക്കും. മാത്രമല്ല, ഭക്തജനങ്ങൾ വഴി അണു നാടുനീളെ പകരുകയും ചെയ്യും ഇത് തടയാൻ എന്തുമാർഗ്ഗമാണ് നമ്മുടെ മുന്നിലുള്ളത്?
ഹൈന്ദവകോപം പ്രമാണിച്ച് പൊങ്കാല വേണ്ട എന്ന് രാഷ്ട്രീയ നേതൃത്വം പറയില്ല. ഉത്സവക്കമ്മറ്റിയും പറയില്ല. അമ്മയുള്ളപ്പോൾ എന്ത് കോവിഡ് എന്നാവും അവർ കരുതുക. അതിനവരെ കുറ്റം പറയാൻ കഴിയില്ല. അതാണ് വിശ്വാസത്തിന്റെ രീതി. പക്ഷെ ഭരണനിർവ്വഹണവും ശാസ്ത്രവും അങ്ങനെയാകാൻ പാടില്ലല്ലോ. ശബരിമലയിൽ തട്ടി 19 എം.പി സ്ഥാനം നഷ്ടപ്പെട്ട ഇടതുമുന്നണി എന്തെങ്കിലും മിണ്ടുമെന്ന് കരുതേണ്ട.
19 എണ്ണം ചുളുവിൽ കിട്ടിയ യു.ഡി.എഫും മിണ്ടൂല. ശാസ്ത്രം പറഞ് പിണറായി അബദ്ധത്തിൽ ചാടട്ടെ എന്നേ ചെന്നിത്തല കരുതൂ. ബി.ജെ.പിക്കാരുടെ കാര്യം പറയാനുമില്ല. എൽ.ഡി.എഫും, യു.ഡി.എഫും ഒത്തു ശാസ്ത്രം പറഞ്ഞു ഒറ്റക്കുഴിയിൽ ചാടട്ടെ എന്നാവും അവരുടെ ആലോചന. സമർത്ഥയായ ആരോഗ്യ മന്ത്രിക്ക് ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയും? പക്ഷെ, ഹെൽത്ത് സെക്രട്ടറിയും ആരോഗ്യകേരളം മിഷൻ ഡയറക്‌ടറും ആരോഗ്യവകുപ്പ് ഡയറക്ടറും ഡോക്ടർമാരാണല്ലോ.
അവർ വോട്ട് ബാങ്കുകളുടെ ഭാഗവുമല്ല. ഉള്ള കാര്യം അവർ ഉള്ളത് പോലെ പറയണം. കോവിഡ് 19 പടരുന്ന ഈ സമയത്ത് ഒന്നൊന്നര ലക്ഷം മനുഷ്യർ തിരുവനന്തപുരം പോലെ ഒരു ചെറിയ നഗരത്തിൽ ഒരുമിച്ചു കൂടുന്നത് പൊതുജനാരോഗ്യ പരിപ്രേക്ഷത്തിൽ സുരക്ഷിതമാണോ? അല്ലയോ? ജനങ്ങൾ കൃത്യതയോടെ കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഇവരാരും മിണ്ടുന്നില്ലെങ്കിൽ കേരളത്തിലെ പ്രബുദ്ധരായ ഡോക്ടർമാർ ഇതേക്കുറിച്ചു പറയണം. ഇത് ഒരു രാഷ്ട്രീയ പ്രശ്നമല്ല. മതത്തിന്റെയോ, വിശ്വാസത്തിന്റെയോ വിഷയമല്ല. ഇത് ശാസ്ത്രമാണ്.