400 കോടി നേട്ടത്തിൽ നാല് ഭാഷകൾ; 100 കടക്കാതെ മലയാളവും! ഭാഷാ വ്യത്യാസമില്ലാതെ സിനിമകൾക്കുള്ള സ്വീകാര്യതയാണ് ഇപ്പോൾ ഏറ്റവും ശ്രദ്ധേയമായ കാര്യം. മുമ്പ് ഹിന്ദി ചിത്രങ്ങളും തമിഴും മാത്രമാണ് കേരളത്തിൽ സ്വാധീനം ചെലുത്തിയതെങ്കിൽ ഇപ്പോൾ തെലുങ്കിനും കന്നടത്തിനും വലിയ പ്രേക്ഷക പിന്തുണ ഇവിടെ നിന്നും ലഭിക്കുന്നു. മൊഴിമാറ്റം നടത്തിയെത്തുന്ന തെലുങ്ക്, കന്നട ചിത്രങ്ങൾക്ക് വലിയ ബോക്സോഫീസ് നേട്ടവും ലഭിക്കുന്നുണ്ട്. 2022 ലെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 400 കോടി ക്ലബിൽ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങൾ ഇടംപിടിച്ചു കഴിഞ്ഞു. മലയാളത്തിന് ഇക്കുറി 100 കോടി ക്ലബിന്റെ നേട്ടം പോലുമില്ലെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം! കോവിഡിനു ശേഷമുള്ള തിരിച്ചുവരവിൽ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ് സിനിമ മേഖല.തെലുങ്കിൽ നിന്നും രാജമൗലിയുടെ സംവിധാനത്തിൽ രാംചരൺ, ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, അലിയ ഭട്ട് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായ ആർആർആർ ഗ്രോസ് കളക്ഷൻ നേടിയിരിക്കുന്നത് 1114 ആണ്.





ഈ വാരം ചിത്രം ജാപ്പനീസ് ഭാഷയിൽ മൊഴിമാറ്റം നടത്തി റിലീസ് ചെയ്യുന്നതോടെ വീണ്ടും കളക്ഷനിൽ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. കന്നടത്തിൽ നിന്നുമെത്തിയ കെജിഎഫ് ചാപ്റ്റർ രണ്ടാണ് ഇതിനു പിന്നാലെ 1000 കോടി ക്ലബിൽ ഇടം നേടിയത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത് കെജിഎഫ് ചാപ്റ്റർ രണ്ടാണ്. ഗ്രോസ് കളക്ഷനിൽ 1230 കോടിയിലധികം ചിത്രം നേടിക്കഴിഞ്ഞു. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രത്തിൽ യാഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ, ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിരയാണ് എത്തിയിരിക്കുന്നത്. ഇന്ത്യൻ സിനിമ ലോകത്തു നിന്നും 1000 കോടി ക്ലബിന്റെ കിലുക്കത്തോടെയാണ് രണ്ട് പ്രാദേശിക ഭാഷാ ചിത്രങ്ങൾ 2022 ൽ ഇടം പിടിച്ചിരിക്കുന്നത്.





കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം 430 കോടിയിലധികമാണ് കളക്ഷൻ നേടിയിരിക്കുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി തുടങ്ങിയ വലിയ താരനിരയിലെത്തിയ ചിത്രത്തിൽ സൂര്യയും അതിഥി വേഷത്തിലെത്തുന്നുണ്ട്. മണിരത്നത്തിന്റെ പൊന്നിയിന് സെൽവൻ ഒന്നാം ഭാഗം ഇപ്പോഴും മികച്ച കളക്ഷനോടെ പ്രദർശനം തുടരുകയാണ്. ഇതിനോടകം 450 കോടി ബോക്സോഫീസ് നേട്ടം സ്വന്തമാക്കിയ ചിത്രം ഗ്രോസ് കളക്ഷനിൽ വലിയ വിസ്മയം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ. വിക്രം, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ റായി, ത്രിഷ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വലിയ താരനിരയിലെത്തിയ ചിത്രം ഇതേ പേരിലുള്ള ഇതിഹാസ നോവലിന്റെ ദൃശ്യാവിഷ്കാരത്തിന്റെ ഒന്നാം ഭഗമാണ്.





ചിത്രത്തിന്റെ രണ്ടാം ഭാഗം വരും വർഷം തിയറ്ററിലെത്തും. ബോളിവുഡ് സിനിമയ്ക്കു ആശ്വസിക്കാനുള്ള വകയാണ് ബ്രഹ്മാസ്ത്രയുടെ വിജയം. വലിയ ചിത്രങ്ങൾ കടപുഴകി വീണപ്പോൾ 430 കോടി കളക്ഷനുമായി ഹിറ്റ് ചാർട്ടിൽ ഇടം നേടാൻ ചിത്രത്തിനു കഴിഞ്ഞു. രൺബീർ കപൂറും അലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഹിന്ദിയിൽ നിന്നും ഈ വർഷം 400 കോടി ക്ലബിൽ ആകെ ഇടം നേടിയിട്ടുള്ളത്. തമിഴകത്തു നിന്നും ഇക്കുറി ഏറ്റവും മികച്ച കളക്ഷൻ നേടിയിരിക്കുന്നത് വിക്രമും പൊന്നിയിൻ സെൽവൻ ഒന്നുമാണ്. മലയാള സിനിമ പ്രമേയംകൊണ്ടും അവതരണ ശൈലികൊണ്ടും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന കാലമാണ്. പുതിയ ആശയങ്ങളോടും ആവിഷ്കാര രീതികളോടും പ്രേക്ഷകർ മികച്ച പ്രതികരണമാണ് നൽകുന്നത്. 




എങ്കിലും ഇന്ത്യൻ സിനിമയിലെ പ്രാദേശിക ഭാഷകളിൽ മികച്ച സിനിമകൾ ഒരുക്കുന്ന മലയാളത്തിന് ഇക്കുറി 100 കോടി ക്ലബിന്റെ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് നിരാശ സൃഷ്ടിക്കുന്നു. മലയാളത്തിൽ നിന്നും പുലിമുരുകനും ലൂസിഫറുമാണ് ഇതുവരെ 100 കോടി ക്ലബ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഭീഷ്മ പർവമാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. 80 കോടിയിലധികം ബോക്സോഫീസ് നേടിയ ചിത്രം സാറ്റ്ലൈറ്റ്, ഒടിടി പ്ലാറ്റ്ഫോമുകളിലെ ബിസിനസ് കളക്ഷൻ കൂടി കണക്കു കൂട്ടുമ്പോൾ 100 കോടിക്കു മേലെ എത്തുന്നത് ആശ്വാസം പകരുന്നു. ഈ വർഷം റോഷാക്കിന്റെ വിജയവും മമ്മൂട്ടിക്കു വലിയ നേട്ടം സമ്മാനിക്കുന്നുണ്ട്.

Find out more: