തിരുവനന്തപുരം∙ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു. കസ്റ്റംസ് ഇന്റലിജന്‍സ് ഡി ബാച്ചിലെ 5 ഉദ്യോഗസ്ഥരെയാണ് സിബിഐ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനെ ഡിആര്‍ഐ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് സിബിഐ സമാന്തരമായി അന്വേഷണം നടത്തുന്നത്. 

സംഭവത്തില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് സിബിഐ സംശയിക്കുന്നത്. ഡ്യൂട്ടി ഷിഫ്റ്റും സൂപ്രണ്ടിന്റെ ഇടപെടലുകളുമാണ് ഉദ്യോഗസ്ഥരോട് സിബിഐ ചോദിച്ചത്. മുഖ്യ ഇടപാടുകാരെല്ലാം ദുബായിലാണെന്ന ഡിആര്‍ഐ നിഗമനത്തെ സിബിഐയും ശരിവയ്ക്കുന്നു. വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സിബിഐ.


കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം അഡ്വ.ബിജുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയെന്നാണ് സിബിഐ എഫ്ഐആര്‍. സ്വര്‍ണക്കടത്തു നടന്നപ്പോഴെല്ലാം രാധാകൃഷ്ണന്‍ എക്സ്റേ പോയിന്റില്‍ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാധാകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ കണ്ടെടുക്കാനായിരുന്നില്ല.


ബെനാമി ഇടപാടുകളില്‍ വലിയ നിക്ഷേപം സംഘം നടത്തിയതായാണ് ഡിആര്‍ഐയുടേയും സിബിഐയുടേയും നിഗമനം. ഇതു കണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് രണ്ട് ഏജന്‍സികളും. വിദേശത്ത് നടത്തുന്ന അന്വേഷണത്തിലൂടെ മാത്രമേ അവിടെയുള്ള ഇടപാടുകളെക്കുറിച്ച് വ്യക്തതവരൂ.


ഫോണ്‍ രേഖകളില്‍നിന്ന് തെളിവുകള്‍ കണ്ടെത്താനുള്ള ഡിആര്‍ഐയുടെ ആദ്യ നീക്കങ്ങള്‍ ഫലം കണ്ടിട്ടില്ല. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്റേതുള്‍പ്പെടെയുള്ള ഫോണുകള്‍ പരിശോധനയ്ക്കായി സിഡാക്കിനാണ് ഡിആര്‍ഐ നല്‍കിയത്. മിക്ക ഫോണുകളില്‍നിന്നും രേഖകള്‍ കണ്ടെടുക്കാനായില്ല. കണ്ടെടുത്ത രേഖകള്‍‌ ഉപയോഗ യോഗ്യവുമല്ല. കടത്തുകാര്‍ ഒരു ഫോണ്‍ മൂന്നു മാസത്തിലധികം ഉപയോഗിക്കാറില്ലെന്നു ഡിആര്‍ഐ വ്യക്തമാക്കുന്നു. ഇടപാടുകള്‍ നടത്തിയശേഷം ഫോണും സിമ്മും മാറും. അതിനു മുന്‍പായി രേഖകള്‍ നശിപ്പിക്കും. ആധുനിക സാങ്കേതിക വിദ്യ ഇതിനായി ഇപയോഗിക്കുന്നു. ഇതിനോട് കിടപിടിക്കുന്ന സാങ്കേതിക വിദ്യ സിഡാക്കിനില്ലാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.


വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ജ്വല്ലറി മാനേജര്‍ അബ്ദുള്‍ ഹക്കിമിനെയാണ് ഇനി പിടികൂടാനുള്ളത്. കേസിലെ പ്രതിയായ പ്രകാശന്‍ തമ്പിക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചു. കാരിയര്‍മാരായി പ്രവര്‍ത്തിച്ച ഉത്തരേന്ത്യന്‍ വനിതകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിആര്‍ഐ ശേഖരിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 


Find out more: