പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ 27-ന് യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യും. ഉഭയകക്ഷി ചർച്ചകൾ, പൊതുസമ്മേളനങ്ങൾ തുടങ്ങി ഒരാഴ്ചയോളംനീളുന്ന തിരക്കേറിയ പരിപാടികളാണ് ന്യൂയോർക്കിൽ അദ്ദേഹത്തിന് ഉള്ളത്.
സെപ്റ്റംബർ 24മുതൽ 30വരെയാണ് പൊതുസഭ ചേരുന്നത്. കാലാവസ്ഥാ ഉച്ചകോടിക്കും സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട പ്രത്യേക സെഷനുമാണ് ഇത്തവണ കൂടുതൽ പ്രാധാന്യം കൽപ്പിക്കപ്പെടുന്നത്.പുതിയ പട്ടികപ്രകാരം 27-ന് രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക. തുടർന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനും ലോകനേതാക്കളെ അഭിസംബോധന ചെയ്യും. യു.എൻ. പൊതുസഭയുടെ 74-ാമത് സെഷനിൽ 112 രാഷ്ട്രത്തലവന്മാരും 48 ഭരണമേധാവികളും 30 വിദേശകാര്യമന്ത്രിമാരുമാണ് പങ്കെടുക്കുന്നത്.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 24-നാണ് പ്രസംഗിക്കുക. പൊതുചർച്ചയിൽ ബ്രസീലിനുശേഷം പരമ്പരാഗതമായി രണ്ടാമതാണ് യു.എസ്. പ്രതിനിധിക്ക് അവസരം നൽകുക.യു.എസിലെ ബിൽ ആൻഡ് മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷൻ മോദിയെ ആദരിക്കുന്നുണ്ട്. 2019-ലെ ഗ്ലോബൽ ഗോൾ കീപ്പർ അവാർഡും സമ്മാനിക്കും.
click and follow Indiaherald WhatsApp channel