ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യമെന്ന് കെ സുരേന്ദ്രൻ! ലവ് ജിഹാദിൽ ജോർജ് എം തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ ഞാൻ പറഞ്ഞത് ഇന്ന് യാഥാർത്ഥ്യമായി. തീവ്രവർഗീയ സംഘടനകളെ തള്ളിപ്പറയാൻ സിപിഎമ്മിനാവില്ലെന്ന സത്യം മതേതരസമൂഹം അംഗീകരിച്ചേ മതിയാവൂ എന്ന് അദ്ദേഹം പറഞ്ഞു. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർത്ഥ്യം തന്നെയാണ്. ആരു വെള്ളപൂശിയാലും ഉള്ളതിനെ ഇല്ലാതാക്കാനാവില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും ഉടനെ ഇറങ്ങും ന്യായീകരണവുമായിട്ട്.
പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേക്കയയ്ക്കുന്നവർക്കെതിരെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാൻ ഞങ്ങൾക്കേതായാലും മടിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കുരിശും കൊന്തയും നൽകി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പരിഹസിച്ചു. തോമസ് മാഷല്ല ആരു വന്നാലും ക്രൈസ്തവസമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാർ തന്നെയാണ്. പാലാ ബിഷപ്പിനെതിരെ ഏറ്റവും കൂടുതൽ വിഷം ചീറ്റിയതും സിപിഎം ആയിരുന്നല്ലോ എന്നും സുരേന്ദ്രൻ ചോദിച്ചു.
സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹം സമുദായ സംഘടനകൾ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ്റെ പ്രതികരണം ഉണ്ടായത്.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഷെജിന്റെയും ജോയ്സനയുടേയും തിരോധാനം ലവ് ജിഹാദ് ആണെന്നാണ് സമുദായ സംഘടനകൾ ആരോപിച്ചതിന് പിന്നാലെ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന ജോർജ് എം മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോർജ് എം തോമസിൻ്റെ പ്രസ്താവന വിവാദമായതോടെ ബിജെപി വിഷയം ഏറ്റെടുക്കുകയായിരുന്നു. ലൗ ജിഹാദുണ്ടെന്ന് പരസ്യമായി സമ്മതിക്കാൻ തയ്യാറായ ജോർജ്ജ് എം തോമസിന് ഇനി എത്ര നാൾ പാർട്ടിയിൽ തുടരാനാവുമെന്ന് കണ്ടറിയണമെന്ന് സുരേന്ദ്രൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു. ഒന്നുകിൽ അദ്ദേഹം പറഞ്ഞത് മാറ്റിപ്പറയേണ്ടി വരും, അല്ലെങ്കിൽ പാർട്ടിക്കു പുറത്തുപോവേണ്ടിവരും.
ഏതായാലും കോടഞ്ചേരിയിൽ നിന്ന് കൗതുകകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. അതേസമയം, കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജോർജ് എം തോമസ് പറഞ്ഞു. സംഭവത്തിൽ ലവ് ജിഹാദല്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണു കണ്ടത്. പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ജോർജ് പറഞ്ഞു. വിവരം പാർട്ടി സെക്രട്ടറിയെ അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Find out more: